മനസ്സുനിറച്ച് സാന്ത്വനം മുന്നോട്ട്

കിടപ്പുരോഗിയായ കരിമണ്ണൂർ നെല്ലിമല പുത്തൻപുരയിൽ നാരായണനുള്ള വീൽചെയർ ഭാര്യ ലീലയ്‌ക്ക് സാന്ത്വനം പാലിയേറ്റീവ് സൊസൈറ്റി തൊടുപുഴ നിയോജകമണ്ഡലം ഭാരവാഹികളായ പി എം ഫിറോസും എൻ സദാനന്ദനും ചേർന്ന് കൈമാറുന്നു
തൊടുപുഴ
സാന്ത്വനം ചാരിറ്റബിൾ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനം തൊടുപുഴ നിയോജക മണ്ഡലത്തില്‍ സജീവമാകുന്നു. 22ന് മണ്ഡലത്തിലെ കിടപ്പുരോഗികളുടെ ആദ്യഘട്ട സന്ദർശനം പൂർത്തിയാകും. സൊസൈറ്റിയുടെ ലൈഫ് മെമ്പർഷിപ്പ്, കസ്റ്റമർ മെമ്പർഷിപ്പ് എന്നിവ ചേർക്കുന്ന പ്രവർത്തനവും പൂർത്തിയാകുകയാണ്. ജീവനക്കാരായ പാലിയേറ്റീവ് നഴ്സുമാരും പഞ്ചായത്ത്തല വളന്റിയർമാരുമാണ് കിടപ്പുരോഗികളെ സന്ദർശിക്കുന്നത്. സൊസൈറ്റിയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ നിരവധിപേര്‍ മുന്നോട്ടുവരുന്നുണ്ട്. കരിമണ്ണൂർ സ്വദേശിയായ കിടപ്പുരോഗിക്കായി മുതലക്കോടം സ്വദേശിയായ റിട്ട. അധ്യാപകൻ വീൽചെയർ നൽകി. നെല്ലിമല പുത്തൻപുരയിൽ നാരായണന് മണ്ഡലം കൺവീനർ പി എം ഫിറോസും കരിമണ്ണൂർ പഞ്ചായത്ത് ചെയർമാൻ എൻ സദാനന്ദനും ചേർന്ന് കൈമാറി. തൊടുപുഴ നഗരത്തിലെ പ്രമുഖ ഔഷധ മൊത്ത വ്യാപാരി ഹോം കെയർ ആവശ്യങ്ങൾക്കായി ആശുപത്രി ഉപകരണങ്ങൾ നൽകി. അടുത്ത ബന്ധുക്കളുടെ വിവാഹം, ജന്മദിനാഘോഷം തുടങ്ങിയവയ്‍ക്കായി ചെലവഴിക്കുന്ന തുകയുടെ ഒരു ഭാഗം മാറ്റിവയ്‍ക്കുന്നവരുമുണ്ട്. സൊസൈറ്റി അംഗത്വം സ്വീകരിച്ചും സഹായങ്ങൾ നൽകിയും സാന്ത്വനം പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്ന് മണ്ഡലം ഭാരവാഹികളായ കെ പി മേരി, മുഹമ്മദ് ഫൈസൽ, വി വി മത്തായി, പി എം ഫിറോസ് എന്നിവർ അഭ്യർഥിച്ചു.









0 comments