കൊടിയിറങ്ങി വടംവലിയാവേശം

സിഐടിയു ഡ്രൈവേഴ്സ് യൂണിയൻ തങ്കമണിയിൽ സംഘടിപ്പിച്ച അഖില കേരള വടംവലി മത്സരം വടത്തിൽ റിബൺ കെട്ടി എം എം മണി എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് സമീപം
ചെറുതോണി
ആവേശപ്പോരാട്ടത്തിന്റെ വീറും വാശിയും കണ്ട അഖില കേരള വടംവലി മത്സരത്തിന് തങ്കമണിയിൽ ഉജ്വല സമാപനം. ടാക്‌സി ഡ്രൈവേഴ്സ് യൂണിയൻ(സിഐടിയു) സംഘടിപ്പിച്ച 21–ാമത് വടംവലി മത്സരം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. എം വി ജോർജ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡന്റ് അനുമോൾ വിജേഷ്, വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, തങ്കമണി സഹകരണ ആശുപത്രി പ്രസിഡന്റ് കെ യു ബിനു തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള 24 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരം കാണാൻ സ്‌ത്രീകളും കുട്ടികളുമടക്കം കാണികളും നിറഞ്ഞു. കരഘോഷങ്ങൾക്കും ആർപ്പുവിളികൾക്കും ഇടയിലൂടെ പൊടിപാറി. കരുത്തന്മാരുടെ വാശിയേറിയ മത്സരത്തിൽ മലപ്പുറം വളാഞ്ചേരി കവിത വെങ്ങാട് ചാമ്പ്യൻമാരായി. മലപ്പുറം ഇടപ്പാൾ ആഹാ ഫ്രണ്ട്സ് റണ്ണറപ്പായി. വെള്ളിലാംകണ്ടം ന്യൂ സെവൻസ്, പൂമാംകണ്ടം ക്രിസ്ത്യൻ ബ്രദേഴ്സ് എന്നിവരാണ് തുടർസ്ഥാനങ്ങളിൽ. ജേതാക്കൾക്ക് 14 എവറോളിങ് ട്രോഫികളും 25,021 രൂപയും സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്ക് ഏഴ് ട്രോഫിയും 20,021 രൂപയും മൂന്നും നാലും സ്ഥാനക്കാർക്ക് നാലുവീതം എവറോളിങ് ട്രോഫിയും 15,021, 10,021 എന്നിങ്ങനെ ക്യാഷ് അവാർഡുകളും നൽകി. തങ്കമണി എസ്‌എച്ച്‌ഒ എം പി എബി സമ്മാനങ്ങൾ നൽകി.









0 comments