വനിതാ സ്വയം പ്രതിരോധ പരിശീലനം

സധെെര്യം 91,000 പേര്‍

സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള സ്വയം പ്രതിരോധ പരിശീലനം

രാജകുമാരിയിൽ നടന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള സ്വയം പ്രതിരോധ പരിശീലനത്തില്‍നിന്ന്

വെബ് ഡെസ്ക്

Published on Aug 25, 2025, 12:30 AM | 1 min read

തൊടുപുഴ

പെട്ടെന്നുണ്ടാകുന്ന ആക്രമണങ്ങളെ ചെറുക്കാൻ സ്‍ത്രീകളെയും പെണ്‍കുട്ടികളെയും പ്രാപ്‍തരാക്കാനുറച്ച് പൊലീസ്. സ്‍ത്രീസുരക്ഷ ലക്ഷ്യമിട്ട് സോഷ്യല്‍ പൊലീസിങ് ഡയറക്‍ടറേറ്റിന്റെ കീഴിലെ വനിതാ സ്വയം പ്രതിരോധ പരിശീലനത്തിലൂടെയാണ് മുന്നേറ്റം. 2015ലാണ് കേരള പൊലീസ് പരിശീലനത്തിന് തുടക്കമിടുന്നത്. 10വര്‍ഷത്തിനിടെ ജില്ലയില്‍ 91,000 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. വീട്ടകങ്ങളിലും തൊഴിലിടങ്ങളിലും യാത്രകളിലും തുടങ്ങി സ്‍ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ അപ്രതീക്ഷിതമായുണ്ടാകുന്ന അതിക്രമങ്ങളില്‍‌നിന്ന് രക്ഷപ്പെടാൻ സജ്ജരാക്കുകയാണ് ലക്ഷ്യമെന്ന് അസിസ്റ്റന്റ് ജില്ലാ നോഡല്‍ ഓഫീസര്‍ സജി ജോണ്‍ പറഞ്ഞു. അപരിചിതരുടെ നീക്കങ്ങൾ തിരിച്ചറിയൽ, മോഷണ ശ്രമങ്ങള്‍, ആസിഡ്, പെട്രോള്‍ ആക്രമണം തുടങ്ങിയവ നേരിട്ടാല്‍ എതിരാളിയെ കീഴ്‍പ്പെടുത്തുന്നതിലുപരി പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും അതിലൂടെ രക്ഷപ്പെടാൻ മറ്റ് മാര്‍ഗങ്ങള്‍ തേടാനുമുള്ള അവസരം ഒരുക്കുകയാണ്. ആദ്യമുണ്ടാകുന്ന പേടിയും ആശങ്കയും ഇല്ലാതാക്കാൻ മാനസിക, കായിക കരുത്ത് പകരുകയാണ് കേരള പൊലീസ്.

​പഠിക്കാം മുറകള്‍

എന്തൊക്കെ ആക്രമണങ്ങളുണ്ടാകാം, അവയെ എങ്ങനെയെല്ലാം പ്രതിരോധിക്കാമെന്ന് ക്ലാസിലൂടെ വിശദീകരിക്കും. ശേഷം പ്രായോഗിക പരിശീലനവും നല്‍കും. ഇതിന് കളരി, കരാട്ടേ, ജൂഡോ തുടങ്ങിയ ആയോധന കലകളിലെ മുറകളാണ് സ്വീകരിക്കുന്നത്. ‘ഗുഡ് ടച്ച് - ബാഡ് ടച്ച്’, പോക്സോ നിയമം എന്നിവയിൽ ബോധവൽക്കരണവുമുണ്ട്. പ്രായഭേദമന്യേ സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കും പദ്ധതിയുടെ ഭാഗമാകാം. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, റസിഡന്റ്‌സ് അസോസിയേഷനുകൾ, ലോട്ടറി, ലയൺസ് ക്ലബ്ബുകൾ, ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിലുള്ള സ്‍കൂളുകൾ തുടങ്ങിയവയുമായി ചേർന്നാണ് ക്ലാസ്‌. ജില്ലയില്‍ ടി ജി ബിന്ദു, കെ എസ് സോഫിയ, അഞ്ജു ഷാജി, ടി ജി ബിന്ദുമോള്‍ എന്നിവരാണ് പരിശീലനം നല്‍കുന്നത്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം സംസ്ഥാന നോഡല്‍ ഓഫീസറും അഡീഷ്‍ണല്‍ എസ്‍‍പി ഇമ്മാനുവല്‍ പോള്‍ ജില്ലാ നോഡല്‍ ഓഫീസറുമാണ്. പരിശീലനത്തിന്‌ [email protected] എന്ന മെയിലിലേക്ക് അപേക്ഷ അയക്കണം. ഫോൺ: 9497912649.



deshabhimani section

Related News

View More
0 comments
Sort by

Home