ആലുവ–മൂന്നാര്‍ രാജപാതയ്‍ക്കായി മാങ്കുളത്ത് ജനകീയ മാര്‍ച്ച്

ആലുവ–മൂന്നാര്‍ രാജപാതയും മലയോര ഹൈവേയും തുറക്കണമെന്നാവശ്യപ്പെട്ട് മാങ്കുളത്ത് നടന്ന ജനകീയ മാര്‍ച്ച് അഡ്വ. എ രാജ എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു
അടിമാലി
ആലുവ–മൂന്നാര്‍ രാജപാതയും മലയോര ഹൈവേയും തുറക്കണമെന്നാവശ്യപ്പെട്ട് മാങ്കുളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ച് നടത്തി. അഡ്വ. എ രാജ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദന്‍ അധ്യക്ഷയായി. സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോര്‍ജ് കൊല്ലംപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. രാജപാതയുടെ ഭാഗമായ മലയോര ഹൈവേ യാഥാര്‍ഥ്യമായാല്‍ വിനോദസഞ്ചാരമേഖലയ്‌ക്കും മാങ്കുളമടക്കമുള്ള കാര്‍ഷിക ഗ്രാമങ്ങളുടെ വികസനത്തിനും വിവിധ ആദിവാസി ഉന്നതികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സഹായകരമാകും. 1924ലെ വെള്ളപ്പൊക്കത്തെ തുടർന്നാണ് പഴയ ആലുവ–മൂന്നാര്‍ പാതയിലൂടെയുള്ള യാത്ര തടസ്സപ്പെട്ടത്. കരിന്തിരിമലയില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടാവുകയും റോഡിന്റെ ചില ഭാഗങ്ങള്‍ തകരുകയും ചെയ്തു. പ്രളയാനന്തരം അടിമാലി വഴി ആലുവയെയും മൂന്നാറിനേയും ബന്ധിപ്പിച്ച് പുതിയ റോഡ് നിര്‍മിച്ചതോടെ രാജപാത ഉപേക്ഷിക്കപ്പെട്ടു. പിന്നീട് വനംവകുപ്പിന്റെ അധീനതയിലായി. കുട്ടമ്പുഴ, പൂയംകുട്ടി, കുറത്തി, പെരുമ്പന്‍കുത്ത് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് റോഡ് മൂന്നാറിലെത്തുന്നത്. പൂയംകുട്ടിയില്‍നിന്ന് പെരുമ്പന്‍കുത്ത് വരെയുള്ള 27 കിലോമീറ്റര്‍ റോഡാണ് വനമേഖലയിലൂടെ കടന്നുപോകുന്നത്. നിലവില്‍ പെരുമ്പന്‍കുത്തില്‍നിന്ന് കുറത്തിയിലേക്കുള്ള റോഡ് മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണജോലികളുമായി ബന്ധപ്പെട്ട് നവീകരിച്ചിട്ടുണ്ട്. യോഗത്തിൽ കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് എം പി ഗോപി, മാങ്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍ ആന്റണി, സിപിഐ എം അടിമാലി ഏരിയ സെക്രട്ടറി ചാണ്ടി പി അലക്‌സാണ്ടര്‍, ഷാജി പയ്യനാനിക്കല്‍ എന്നിവര്‍ സംസാരിച്ചു.







0 comments