പെരുവന്താനം പഞ്ചായത്ത് അഴിമതി

എൽഡിഎഫ് പ്രതിഷേധ മാർച്ച് നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 17, 2025, 12:15 AM | 1 min read

ഏലപ്പാറ

പെരുവന്താനം പഞ്ചായത്തിനെ വികസനക്ഷേമ പ്രവർത്തനങ്ങളിൽ 25 വർഷം പിന്നോട്ടടിച്ച കോൺഗ്രസ് ഭരണസമിതിയുടെ അഴിമതയ്ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ പഞ്ചായത്ത് ഓഫീസിലേക്ക് തിങ്കളാഴ്ച എൽഡിഎഫ് ജനകീയ മാർച്ച് നടത്തും. പകൽ മൂന്നിന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്യും. ഭരണസമിതി അംഗങ്ങൾ തമ്മിലുള്ള ഐക്യമില്ലായ്മയും കുതികാൽവെട്ടും പഞ്ചായത്തിനെ പിന്നോട്ടടിച്ചു. പരസ്പരം ചെളിവാരിയെറിഞ്ഞുള്ള വാർത്താസമ്മേളനവും അഴിമതി ആരോപണങ്ങളും നിത്യസംഭവങ്ങളാണ്. മുൻ എൽഡിഎഫ് ഭരണത്തിൽ നടപ്പാക്കിയ എല്ലാ വികസന ക്ഷേമ പ്രവർത്തനങ്ങളും അട്ടിമറിക്കുന്ന ഭരണമാണ് നാലരവർഷമായി നടപ്പാക്കിയത്. പാഞ്ചാലിമേട് വിനോദ സഞ്ചാര വികസനത്തെ തടസ്സപ്പെടുത്തി വിവാദങ്ങൾക്ക് തിരികൊളുത്തി. അഭിമാന പദ്ധതിയായ മണിക്കൽ തിലകൻ ലേയ്ക് ആൻഡ് പാർക്ക് തകർത്തു. എൽഡിഎഫ് ഭരണകാലത്ത്‌ നവീകരിച്ച പഞ്ചായത്ത്‌ ഓഫീസ് മദ്യശാലയാക്കി മാറ്റി. ഗ്രൂപ്പ് വൈരത്തിന്റെ പേരിൽ താൽക്കാലിക ജീവനക്കാരിയെ ജോലിയിൽനിന്ന്‌ നീക്കം ചെയ്യാൻ ശ്രമിച്ചതും നാണക്കേടായി. പഞ്ചായത്ത്‌ നടപ്പാക്കേണ്ട സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഫണ്ടുകൾ പാഴാക്കി. പഞ്ചായത്ത് നടപ്പാക്കിയ പച്ചത്തുരുത്ത്‌ പദ്ധതിയിൽ അഴിമതിയും ക്രമക്കേടും കണ്ടെത്തി. സാധാരണക്കാർ ആശ്രയിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും അവതാളത്തിലാണ്. രോഗികൾക്ക് നൽകിവന്ന ചായയും കാപ്പിയും നിർത്തലാക്കി. തകർന്നുകിടക്കുന്ന ഗ്രാമീണ റോഡുകൾ നന്നാക്കുന്നതിനും നടപടിയില്ല. പൊതുശ്‌മശാന നിർമാണത്തിന് സർക്കാർ 40 ലക്ഷം അനുവദിച്ചെങ്കിലും തുക വിനിയോഗിക്കാതെ പാഴാക്കി. വിനോദ സഞ്ചാര വികസനത്തിന്റെ ഫലമായി തൊഴിൽ ലഭിച്ചവർക്ക് തൊഴിൽ നഷ്ടമായി. പ്രതിഷേധ മാർച്ചിൽ 14 വാർഡുകളിൽനിന്നായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനുപേർ പങ്കെടുക്കും. എൽഡിഎഫ് നേതാക്കൾ സംസാരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home