ഇത് കേരളത്തിന്റെ താജ്മഹൽ

മൂന്നാർ സിഎസ്ഐ ദേവാലയത്തിനു സമീപത്തുള്ള എലേനർ ഇസബെൽ മേയുടെ ശവകുടീരം
പാട്രിക് വേഗസ്
Published on Sep 29, 2025, 12:41 AM | 1 min read
മൂന്നാർ
“എത്ര സുന്ദരമാണ് ഈ പ്രദേശം, ഇതാണ് ഭൂമിയിലെ സ്വർഗം. ഞാൻ മരിച്ചാൽ, കുന്നിൻമുകളിലെ ഈ സ്വപ്‌നഭൂമിയിൽ എന്നെ അടക്കം ചെയ്യണം’’– മധുവിധു ആഘോഷിക്കാൻ 1894ൽ മൂന്നാറിലെത്തിയ ഇംഗ്ലീഷുകാരി എലേനർ ഇസബെൽ മേ ഭർത്താവ് ഹെൻട്രി മൻ ഫീൽഡ് നൈറ്റിനോടു പറഞ്ഞു. വിധി ആ ആഗ്രഹം വച്ചുനീട്ടിയില്ല. രണ്ടാംനാൾ എലേനറിന് കോളറ പിടിപ്പെട്ടു. വിവാഹശേഷമുള്ള ആദ്യ ക്രിസ്‌മസിനു കാത്തുനിൽക്കാതെ തൊട്ടടുത്ത ദിവസം, ഡിസംബർ 23ന് ഇരുപത്തിനാലാം വയസിൽ എലേനർ വിടചൊല്ലി. എലേനറുടെ മൃതദേഹം ജന്മനാട്ടിലേക്കു കൊണ്ടുപോകണമെന്ന് ബന്ധുക്കൾ പറഞ്ഞെങ്കിലും ഹെൻട്രി വഴങ്ങിയില്ല. എലേനറുടെ ആഗ്രഹംപോലെ മഞ്ഞുമൂടിയ മൂന്നാറിന്റെ കുന്നിൻമുകളിൽ അവളെ അടക്കം ചെയ്തു. അനശ്വര പ്രണയത്തിന്റെ അടയാള സ്‌തംഭമായി മാറിയ എലേനറിന്റെ ശവകുടീരവും തുടർന്നുണ്ടായ പള്ളിയും കേരളത്തിന്റെ താജ് മഹലാണ്. എലേനറുടെ ശാന്തിനിദ്ര
പഴയ മൂന്നാറിലെ സിഎസ്ഐ ക്രൈസ്‌റ്റ് ദേവാലയത്തോടുചേർന്ന സെമിത്തേരിയിൽ ഇന്നും എലേനർ ഉറങ്ങുന്നു. ഇംഗ്ലണ്ടിൽനിന്നുള്ള മാർബിളുകളാണ് കല്ലറയ്ക്കായി ഉപയോഗിച്ചത്. മുകളിലത്തെ തട്ടിൽ ‘എലേനർ ഇസബെൽ മേ’ എന്ന് ഇംഗ്ലീഷിൽ കൊത്തിയിരിക്കുന്നു. എലേനറുടെ മരണശേഷം ഹെൻട്രി കുറെനാൾ മൂന്നാറിലുണ്ടായിരുന്നു. എല്ലാ ദിവസവും ജോലി കഴിഞ്ഞ് എലേനറുടെ കല്ലറയിലെത്തി ഏറെനേരം ഇവിടെ ചെലവഴിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ അധീനതയിലുണ്ടായിരുന്ന മൂന്നാറിലെ തേയിലതോട്ടത്തിലെ മാനേജറായിരുന്നു അദ്ദേഹം. തുടർന്ന് ബ്രിട്ടീഷുകാരായ നിരവധി ആളുകളെ ഇവിടെ അടക്കിയിട്ടുണ്ട്. 1900 ഏപ്രിലിൽ പ്രദേശം സെമിത്തേരിയായി ആശീർവദിക്കപ്പെട്ടു. തുടർന്ന് മരണ രജിസ്റ്ററും തുറന്നു. എലേനറുടേതായിരുന്നു രജിസ്റ്ററിലെ ആദ്യ പേര്. മരിച്ചവരെ ആദരിച്ച് ഇവിടെ ഒരു ദേവാലയം വേണമെന്ന ആഗ്രഹം വളർന്നു. അങ്ങനെ 1910 മാർച്ച് 10ന് പള്ളിക്ക് കല്ലിട്ടു. ലോകത്ത് പള്ളിക്കുമുമ്പേ സെമിത്തേരി നിർമിച്ച ആദ്യ ദേവാലയമാണിത്. 1911 മേയിൽ വിശ്വാസികൾക്കായി പള്ളി തുറന്നുകൊടുത്തു. മരിക്കാത്ത ഓർമകൾ
എലേനറുടെ ബന്ധുക്കൾ ഇപ്പോഴും കല്ലറ സന്ദർശിക്കാനെത്താറുണ്ട്. എലേനറുടെയും ഹെൻട്രിയുടെയും ഒരുചിത്രം പോലുമില്ലെങ്കിലും പറഞ്ഞും കേട്ടും അറിഞ്ഞ കഥകളിലൂടെ അവർ മൂന്നാറിലെ മുംതാസും ഷാജഹാനുമാണ്. എലേനറുടെ കല്ലറ മരണംകൊണ്ടും വേർപെടുത്താനാകാത്ത പ്രണയത്തിന്റെ അനശ്വര ഗീതമായി ഇന്നും മുഴങ്ങുന്നു.









0 comments