കൊലുമ്പൻ കാട്ടിയ വഴിയിലെ ഇടുക്കി

കരുവെള്ളായൻ കൊലുമ്പൻ
കെ ടി രാജീവ്
Published on Aug 24, 2025, 12:28 AM | 2 min read
ഇടുക്കി
നാടിനാകെ വെളിച്ചവും ഉൗർജവും പ്രസരിപ്പിച്ച് സംസ്ഥാനത്തിന്റെ വൈദ്യുതി വിതരണ ചരിത്രത്തിൽ ഇടുക്കി അണക്കെട്ടിന്റെ പിറവി അഭിമാനകരമായ അധ്യായമാണ്. പെരിയാറിന്റെ ഒഴുക്ക് നിയന്ത്രിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാനും ജലസേചനത്തിനും വഴിയൊരുക്കിയ പദ്ധതി. 1919-ൽ ഇറ്റാലിയൻ എൻജിനിയർ ജേക്കബ് ഇവിടെ അണക്കെട്ട് നിർമിക്കാനുള്ള സാധ്യതയെക്കുറിച്ച് പഠനം നടത്തിയെങ്കിലും അന്ന് തിരുവിതാംകൂർ സർക്കാർ ഗൗരവത്തിലടുത്തിരുന്നില്ല. മലങ്കര എസ്റ്റേറ്റിലെ സൂപ്രണ്ടായിരുന്ന ഡബ്ല്യു ജെ ജോൺ 1922-ലെ യാത്ര നിർണായകം. നായാട്ടിന് സഹായിയായിരുന്ന കരുവെള്ളായൻ കൊലുമ്പൻ മലകൾക്കിടയിലൂടെ പെരിയാർ കുതിച്ചൊഴുകുന്ന ഇടുക്ക് കാണിച്ചുകൊടുത്തത് വഴിത്തിരിവായി. കുറവൻ, കുറത്തി എന്നിങ്ങനെ അറിയപ്പെടുന്ന രണ്ടുമലകൾ പാദങ്ങൾ തമ്മിൽ പരസ്‌പരം തൊട്ടുതൊട്ടില്ലയെന്ന മട്ടിൽ ഉയർന്നുനിൽക്കുന്നു. ആ ഇടുക്കിലൂടെ പെരിയാർ കുതിച്ചൊഴുകുന്നു. ഇവിടെ ഒരു അണക്കെട്ട് നിർമിക്കുക എളുപ്പമാണെന്നും അതിൽ നിന്നും ജലസേചനവും വൈദ്യുതോൽപ്പാദനവും സാധ്യമാണെന്നും ജോണും എൻജിനിയറായ സഹോദരൻ പി ജെ തോമസുംചേർന്ന് 1932ൽ തിരുവിതാംകൂർ സർക്കാരിനെ അറിയിച്ചു. അടുത്ത പതിറ്റാണ്ടുകളിലായി പല പഠനങ്ങളും റിപ്പോർട്ടുകളും തയ്യാറായെങ്കിലും, കാര്യമായ തീരുമാനങ്ങളൊന്നുമുണ്ടായില്ല. 1947-ൽ ജോസഫ് ജോൺ സമർപ്പിച്ച റിപ്പോർട്ടും 1956-ലെ പഠനവും പദ്ധതിയുടെ ആകൃതി വ്യക്തമായി മുന്നോട്ടുവച്ചു. ഒടുവിൽ 1963-ൽ പ്ലാനിങ് കമീഷൻ അനുമതി നൽകി. 1966ൽ കാനഡ സർക്കാരിന്റെ സഹായവും ലഭിച്ചു. 1963 ഏപ്രിൽ 30ന് അന്നത്തെ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാട് നിർമാണോദ്ഘാടനവും നിർവഹിച്ചു. 1976 ഫെബ്രുവരി 12 ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പദ്ധതി കമീഷൻ ചെയ്തു. നിർമാണത്തിനായി അയ്യപ്പൻകോവിലും പരിസരങ്ങളിലും കുടിയേറ്റങ്ങൾ നടന്നു. ഇതിനെതിരെ നടന്ന അമരാവതി സമരം കേരള രാഷ്ട്രീയ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമായിമാറി.
സാങ്കേതിക അത്ഭുതം
ഇടുക്കി കമാന അണക്കെട്ട്, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ എന്നിവ ചേർന്നാണ് ഇടുക്കി ജലസംഭരണി രൂപംകൊള്ളുന്നത്. അവിടത്തെ വെള്ളം തുരങ്കങ്ങളിലൂടെ മൂലമറ്റം ഭൂഗർഭ വൈദ്യുതി നിലയത്തിലെത്തുന്നു. ആറ് ടർബൈനുകൾ ചേർന്നാണ് 10,80,000 ഹോഴ്‌സ്‌പവർ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. 780 മെഗാവാട്ടാണ് ശേഷി. മൂലമറ്റം പവർഹൗസ് ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയമാണ്. നാടുകാണി മലയുടെ അടിവാരത്ത് 141 മീറ്റർ നീളവും 19.81 മീറ്റർ വീതിയും 34.60 മീറ്റർ ഉയരവുമുള്ള ഭീമാകാര ഗുഹയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
കമാന അണക്കെട്ടിന്റെ പ്രത്യേകതകൾ
ഡബിൾ കർവേച്ചർ പാരബോളിക് തിൻ ആർച്ച് രീതിയിൽ നിർമിച്ച ഇടുക്കി ഡാം, ലോകത്തിലെ 22 ഉയരം കൂടിയ ആർച്ച് ഡാമുകളിൽ ഒന്നാണ്. ഇന്ത്യയിലെ ഏക ആർച്ച് ഡാമും ഉയരത്തിൽ മൂന്നാം സ്ഥാനക്കാരനും. മുകളിലെ നീളം 365.85 മീറ്ററും, അടിയുടെ വീതി 19.81 മീറ്ററുമാണ്. ഏകദേശം 2000 ദശലക്ഷം ടൺ വെള്ളം സംഭരിക്കാനുള്ള ശേഷി അണക്കെട്ടിനുണ്ട്. അതിന്റെ സുരക്ഷ ഉറപ്പാക്കാൻ ഡിഫർമേഷൻ സ്റ്റേഷനുകൾ ഉൾപ്പെടെ നിരീക്ഷണ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
അഭിമാനം
110 കോടി രൂപ ചെലവഴിച്ച് ആരംഭിച്ച പദ്ധതി ഇന്ന് വർഷത്തിൽ 250 കോടിയിലധികം രൂപയുടെ വൈദ്യുതി നൽകുന്നു. കേരളത്തിന്റെ വൈദ്യുതി സ്വയംപര്യാപ്തതയ്ക്കും വ്യവസായവികസനത്തിനും ഇടുക്കി പദ്ധതി ഒരു അടിത്തറയായി. കൊലുമ്പൻ ഇടുക്കി കാണിച്ചുതന്നത് ഒരു കഥ മാത്രമല്ല, ഒരു രാജ്യത്തിന്റെ പുരോഗതിക്കുള്ള വഴികാട്ടിയായി മാറി. പ്രകൃതിയെയും മനുഷ്യ ബുദ്ധിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സ്‌മാരക ശിൽപ്പമായിത്തീർന്നു.









0 comments