ജലസംഭരണിയിലുണ്ട് വെെരമണി

വൈരമണി

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നപ്പോൾ ദൃശ്യമായ വൈരമണി ഗ്രാമത്തിലെ കെട്ടിടങ്ങളുടെ 
അവശിഷ്ടങ്ങൾ (ഫയൽചിത്രം)

avatar
എ ആർ അനീഷ്‌

Published on Aug 19, 2025, 12:18 AM | 2 min read

ഇടുക്കി

ഒരുകാലത്ത് തൊടുപുഴയ്ക്കും കട്ടപ്പനയ്ക്കും ഇടയിലുള്ള പ്രധാന ടൗണായിരുന്നു ‘വെെരമണി. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയർത്തിയതോടെ 1960കളുടെ തലയെടുപ്പായിരുന്ന വെെരമണി ട‍ൗൺ ജലത്തിൽ മുങ്ങിപ്പോയി. വിഭവസമൃദ്ധിയിൽ നിറഞ്ഞ ഒരു ഗ്രാമം ഇന്ന് ജലനിരപ്പ് താഴ്ന്നാൽ മാത്രമേ ദൃശ്യമാകൂ. ചെറിയ കടകളും മറ്റും ഉണ്ടായിരുന്ന അക്കാലത്തെ പ്രധാന കേന്ദ്രമായിരുന്നു വൈരമണി. കുളമാവിൽനിന്ന്‌ കട്ടപ്പനയ്ക്കു പോകുന്നവരുടെ ഇടത്താവളവും ചെറുതോണിക്കും കുരുതിക്കളത്തിനും ഇടയിലെ വലിയ ജനവാസകേന്ദ്രമായിരുന്നു. 1974ൽ ഇടുക്കി ഡാമിന്റെ റിസർവോയറിൽ വെള്ളം നിറച്ചപ്പോഴാണ് ഗ്രാമം വിസ്മൃതിയിലായത്. അണക്കെട്ടിന്റെ നിർമാണത്തിനായി ഈ കുടുംബങ്ങളെ വണ്ണപ്പുറം, ചാലക്കുടി, മഞ്ഞപ്ര, കോരുത്തോട്, ചേലച്ചുവട് പ്രദേശങ്ങളിലാണ് കുടിയിരുത്തിയത്.​ ഒരു കുടുംബത്തിന് മൂന്ന്‌ ഏക്കർ വീതം സ്ഥലമാണ് നൽകിയത്. മൊട്ടക്കുന്നുകൾക്ക് ഇടയിലൂടെയുള്ള ഈ വഴിയുടെ അവശിഷ്ടങ്ങളും ഇപ്പോൾ കാണാം. വൈരമണിയിലെത്താൻ കുളമാവിൽനിന്ന്‌ റിസർവോയറിലൂടെ മുക്കാൽ മണിക്കൂർ വള്ളത്തിലൂടെ സഞ്ചരിക്കണം. വൈരമണിയുടെ പേരിൽ ഇപ്പോൾ ശേഷിക്കുന്നത് ഫോറസ്റ്റ് സ്റ്റേഷൻ മാത്രം. കുളമാവ് സ്റ്റേഷൻ വൈരമണി ഫോറസ്റ്റ് സ്റ്റേഷനായാണ് രേഖകളിലുള്ളത്. 2000ലേറെ കുടുംബങ്ങളാണ് അന്ന്‌ താമസിച്ചിരുന്നത്. വൈരമണി കേന്ദ്രമായ സമീപ ഗ്രാമപ്രദേശങ്ങളായ കുതിരകുത്തി, മന്ന, കയനാട്ടുപാറ, വേങ്ങാനം, പുരുളി, കടാവർ, മുത്തിക്കണ്ടം, നടയ്ക്കവയൽ ഗ്രാമങ്ങളുടെ വാണിജ്യകേന്ദ്രമായിരുന്നു വൈരമണി. ഇടുക്കി അണക്കെട്ട്‌ നിർമാണത്തിനായി കുടിയൊഴിപ്പിച്ച ഗ്രാമത്തിന്റെ ശേഷിപ്പുകൾ, ജലനിരപ്പ് 16 ശതമാനത്തിൽ എത്തിയാൽ ദൃശ്യമായിത്തുടങ്ങും. ജലനിരപ്പ് 15 ശതമാനത്തിൽ താഴെയെത്തിയാൽ പൂർണമായും കാണാനാകും. ​തൊടുപുഴയിൽനിന്ന്‌ കൂപ്പ്റോഡിലൂടെ എത്തിയിരുന്ന വാഹനങ്ങൾ കുളമാവ് വനത്തിലൂടെ വൈരമണി വഴിയാണ്‌ കട്ടപ്പനയിലേക്ക്‌ പോയിരുന്നത്.

കുടിയേറ്റത്തിൽ
ഉയർന്ന ഗ്രാമം

സർ സിപിയുടെ കാലത്ത് ഭക്ഷ്യക്ഷാമമുണ്ടായതോടെ ചതുപ്പുനിലങ്ങൾ പാട്ടത്തിനു നൽകാൻ തീരുമാനിച്ചതിന്റെ ഭാഗമായി ഒരു കുടുംബത്തിന് അഞ്ച്‌ ഏക്കർ വീതം ഭൂമി നൽകി ആളുകളെ കുടിയിരുത്തി. പിന്നീട് വന്ന കമ്യൂണിസ്റ്റ് സർക്കാർ ഈ സ്ഥലത്തിനു പട്ടയം നൽകി. നെൽകൃഷിക്ക് സമ്പുഷ്ടമായ പ്രദേശങ്ങളായിരുന്നു ഈ ഗ്രാമങ്ങൾ. നൂറുവർഷത്തിലധികം പഴക്കമുള്ള സെന്റ് തോമസ് പള്ളി, വീടുകളുടെയും കടകളുടെയും തറകൾ തുടങ്ങി വൈരമണി ഗ്രാമത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ജലനിരപ്പ് താഴ്ന്നാൽ പ്രത്യക്ഷമാകും. സെന്റ് തോമസ് പള്ളി, പിന്നീട് സെന്റ് മേരീസ് പള്ളി എന്ന പേരിൽ കുളമാവിലേക്കു മാറ്റിസ്ഥാപിച്ചു. വൈരമണിയിൽ അഞ്ച-ാം ക്ലാസ് വരെയുള്ള സർക്കാർ വിദ്യാലയമുണ്ടായിരുന്നു. ഇതാണിപ്പോഴത്തെ കുളമാവ്‌ ഗവ. യുപി സ്‌കൂൾ.



deshabhimani section

Related News

View More
0 comments
Sort by

Home