പഴയ ഹോസ്‌റ്റലിൽനിന്ന് ‘പഴയവിടുതി’

പഴയ വിടുതി
ബേബിലാൽ
Published on Aug 22, 2025, 12:37 AM | 1 min read
രാജാക്കാട്
രാജാക്കാട് പഞ്ചായത്തിലെ സ്ഥലപേരുകളിൽ കൗതുകമുള്ള പേരാണ് പഴയവിടുതി. ആദികാല കുടിയേറ്റ മേഖലകളിൽ പ്രധാനപ്പെട്ടതും ജനസാന്ദ്രതയേറിയ പ്രദേശമാണിവിടം. ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനം ഏറ്റവും കൂടുതൽ കടന്നുചെന്നിട്ടുള്ള ഈ പ്രദേശത്തിന് അവർ നൽകിയ ഓൾഡ് ഹോസ്‌റ്റൽ(പഴയ താമസസ്ഥലം) എന്ന പേരിൽനിന്നും ‘പഴയ വിടുതി’ ഉണ്ടായി എന്ന് പഴമക്കാർ പറയുന്നു. 1958ൽ പഴയവിടുതിയിൽ എൽപി സ്കൂൾ അനുവദിച്ചു. ഒരുകാലത്ത് ജില്ലയിലെ കാർഷിക വിദ്യാലയമെന്ന് അറിയപ്പെട്ടതും പഴയവിടുതി സ്‌കൂളായിരുന്നു. 1958ൽ പഞ്ചായത്തിൽ ആദ്യമായി പഴയ വിടുതി യുപി സ്കൂളിൽവച്ച് സംസ്ഥാന റവന്യു വകുപ്പ് മന്ത്രിയായിരുന്ന കെ ആർ ഗൗരിയമ്മ കൈവശഭൂമിയുടെ പട്ടയ വിതരണോദ്‌ഘാടനം നടത്തി. ഇതേ കാലഘട്ടത്തിൽ തന്നെ പോസ്‌റ്റ് ഓഫീസ് പ്രവർത്തനവും തുടങ്ങി. പഴയവിടുതിക്ക് സമീപം മൂന്നുകിലോമീറ്ററകലെയുള്ള കാർഷികമേഖലയാണ് മാരാർ സിറ്റി. ആദ്യകാല കുടിയേറ്റക്കാരിലൊരാളായ മാരാർ എന്നയാളുടെ കുടുംബം താമസമുറപ്പിച്ചതുകൊണ്ട് ഈ പ്രദേശം മാരാർ സിറ്റി എന്ന് പിൽക്കാലത്ത് അറിയപ്പെടാൻ തുടങ്ങി. രാജാക്കാട് ടൗണിനു സമീപമുള്ള പ്രദേശമാണ് കള്ളിമാലി. കാളി വസിക്കുന്ന ഇടമാണ് പിന്നീട് കള്ളിമാലിയായത്. ഇവിടുത്തെ ദേവിക്ഷേത്രത്തിൽ നിരവധി തീർഥാടകരും സഞ്ചാരികളും എത്തുന്നുണ്ട്. കള്ളിമാലി വ്യൂപോയിന്റും പ്രശസ്തമാണ്.









0 comments