ഓണം പൊടിപൊടിക്കാൻ 
കുടുംബശ്രീ വിപണനമേള

Onam

കുടുംബശ്രീ ജില്ലാതല ഓണം വിപണനമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 31, 2025, 12:18 AM | 1 min read

ഇടുക്കി

ഉപ്പേരി മുതൽ ഓണക്കോടി വരെ, കാർഷികോൽപ്പന്നങ്ങൾ മുതൽ കരകൗശലവസ്തുക്കൾ വരെ– എല്ലാം ഒരു ‘മാവേലിക്കുട’ക്കീഴിൽ ഒരുക്കി കുടുംബശ്രീ ജില്ലാ മിഷന്റെ വിപണനമേളക്ക്‌ ചെറുതോണിയില്‍ തുടക്കമായി. കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ കുടുംബശ്രീ മേളയൊരുക്കിയിരിക്കുന്നത്‌. ​കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങളും സൂക്ഷ്മ സംരംഭകരുടെ ഭക്ഷ്യ-–ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളുമാണ് വിപണിയിലെത്തുക. കുടുംബശ്രീയുടെ കാര്‍ഷികപദ്ധതി ‘നിറപ്പൊലിമ'യിൽ വിളവെടുക്കുന്ന പൂക്കളും വിൽപ്പനയ്‌ക്കെത്തിച്ചിട്ടുണ്ട്‌. ​ഉപ്പേരി, പായാസങ്ങള്‍, അച്ചാറുകള്‍, ശര്‍ക്കരവരട്ടി, പച്ചക്കറികള്‍, വസ്ത്രങ്ങള്‍, കരകൗശലവസ്തുക്കള്‍ നുറിലധികം ഇനങ്ങൾ നിരന്നിട്ടുണ്ട്‌. മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ ഉദ്‌ഘാടനം ചെയ്‌തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനില്‍ അധ്യക്ഷയായി. സംരംഭ സ്റ്റാളുകൾ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ് ആദ്യവില്‍പ്പന നടത്തി. സെപ്‌തംബര്‍ നാലുവരെയാണ് വിപണനമേള.

സദ്യയുമുണ്ണാം

കുടുംബശ്രീയുടെ ഓണസദ്യയ്‌ക്കും ആവശ്യക്കാരേറുകയാണ്‌. ബ്ലോക്കുകളില്‍ ഒരുക്കിയിട്ടുള്ള കോള്‍ സെന്റര്‍ വഴിയാണ്‌ സദ്യയുടെ ബുക്കിങ്. രണ്ടിനം പായസം ഉള്‍പ്പെടെ ഇരുപതിലേറെ വിഭവങ്ങളോടുകൂടി കുശാലായി സദ്യയുണ്ണാം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്‌കൂളുകള്‍, മാധ്യമ സ്ഥാപനങ്ങള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, വീടുകൾ തുടങ്ങി എല്ലാ വിഭാഗക്കാരും ‘കുടുംബശ്രീ സദ്യ’ക്കായി ഓര്‍ഡർ നൽകുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home