വരവേൽക്കാൻ നാട് സജ്ജം
ഉത്രാടപ്പൂവിളി

നിധിൻ രാജു
Published on Sep 04, 2025, 12:30 AM | 1 min read
ഇടുക്കി
ഇന്ന് ഉത്രാടം, തിരുവോണത്തെ വരവേൽക്കാനുള്ള അവസാന ഓട്ടത്തിലാണ് നാടും നഗരവും. ഒന്നാം ഓണമെന്നാണ് ഉത്രാട നാളിനെ വിശേഷിപ്പിക്കാറ്. ഓണവട്ട ഒരുക്കങ്ങൾക്കായി ഒഴുകിയെത്തുന്ന ജനസഞ്ചയത്തെക്കൊണ്ട് നാട് നിറയും. തിരക്കുകൾ പാരമ്യത്തിലെത്തും. കാണം വിറ്റും ഓണമുണ്ണണമെന്നാണ് ചൊല്ല്. എന്നാൽ അല്ലലില്ലാതെ ഓണമുണ്ണാനുള്ളതത്രെയും സർക്കാർ ഒരുക്കിയിരുന്നു. സപ്ലൈക്കോ, കൺസ്യൂമർഫെഡ്, സഹകരണ സംഘങ്ങൾ, കുടുംബശ്രീ തുടങ്ങിയവയുടെ വിലക്കുറവിന്റെ ഓണച്ചന്തകൾ സജീവം.
വിപണി തകൃതി
ഒരാഴ്‌ചയായി തുടരുന്ന വിപണിയിലെ തിരക്ക് അതിന്റെ പാരമ്യത്തിലാണ്. നാടെങ്ങും ‘ഉത്രാടച്ചന്ത’കളിൽ ജനം തിങ്ങിനിറയും. പച്ചക്കറി, പഴം, പൂക്കൾ, സദ്യ, പായസം, വസ്ത്രം തുടങ്ങി വീട്ടുപകരണ വിൽപ്പനശാലകളിലും സ്വർണാഭരണ ശാലകളിലും ജനത്തിരക്കേറും. ഓണക്കോടി വാങ്ങാതെ ആരും വീട്ടിലെത്തില്ലെന്നാണ് നാട്ടുവർത്താമാനം. കളിപ്പാട്ടങ്ങളും സമ്മാനങ്ങളും നിറഞ്ഞൊഴുകുന്ന വിപണി ഉത്രാടപ്പാച്ചിലിന്റെ സവിശേഷതയാണ്. പച്ചക്കറികൾ വാങ്ങാനാണ് പ്രധാനമായും ജനങ്ങള്‍ ഉത്രാടത്തിന് നിരത്തിലിറങ്ങുക. സർക്കാർ, കുടുംബശ്രീ ഓണച്ചന്തകളില്‍നിന്ന് കുറഞ്ഞവിലയ്‍ക്ക് പച്ചക്കറി ലഭിക്കുന്നത് ആശ്വാസമാണ്. ബുധനാഴ്‌ചയും തിരക്കോടുതിരക്കായിരുന്നു. ഓണച്ചന്തകളില്‍ കാലുകുത്താനിടമില്ലായിരുന്നു.
തിരക്കേറി വസ്ത്രശാലകൾ
വസ്ത്ര വിപണിയാണു തിരക്കേറിയ മറ്റൊരിടം. എല്ലാ വസ്ത്രശാലകളിലും ദിവസങ്ങളിലായി വൻ തിരക്കാണ്. മലയാളികളുടെ ഓണാഘോഷങ്ങളിൽനിന്ന് ‘ഓണക്കോടി’ മാറ്റിനിർത്താനാകിജല്ല. കുട്ടികൾക്കും മുതിർന്നവർക്കും സമ്മാനമായി കോടി കൊടുക്കുക പതിവാണ്. ഉത്രാടദിനത്തിൽ വസ്ത്രവിപണിയിൽ കാര്യമായ തിരക്കുണ്ടാകുമെന്നാണു കണക്കുകൂട്ടൽ.
‘കാലം മാറിയെന്നാകിലും’
കാലം മാറിയെങ്കിലും ഉത്രാടപ്പാച്ചിൽ മലയാളികളുടെ സാംസ്‌കാരികതയുടെ അടയാളമാണ്. ഓൺലൈൻ വിപണികളും റെഡി–ടു–കുക്ക് സദ്യകളും റെഡി–മെയ്ഡ് പൂക്കളങ്ങളുമെല്ലാം ഇന്ന് പുതിയ കാലത്തിന്റെ അടയാളങ്ങളാണ്. എങ്കിലും ഗ്രാമീണമായ ഉത്രാടപ്പാച്ചിലിന്റെ ഗൃഹാതുര ഓർമകൾ നിലനിൽക്കുന്നിടത്തോളം ഓണമാഘോഷമാക്കാനുള്ള ഉത്രാട നെട്ടോട്ടം മലയാളികൾ ‘ഹൃദയപൂർവം തുടരും.’









0 comments