പൂഴ്‌ത്തിവയ്‌പ്പുകാരെ സർക്കാർ പൂട്ടി
വെളിച്ചെണ്ണ–കൊപ്ര വിലയിൽ കുറവ്

എ ആർ അനീഷ്
Published on Aug 17, 2025, 12:30 AM | 1 min read
മൂലമറ്റം
കുതിച്ചുകയറിയ വെളിച്ചെണ്ണ വില ഗണ്യമായി കുറഞ്ഞു. മാർക്കറ്റിൽ കൊപ്രയുടെ വില കിലോഗ്രാമിന് 270–275 രൂപയ്ക്ക് വിറ്റിരുന്നു. കൊപ്രയ്ക്ക് 55 രൂപ കുറഞ്ഞു. ഇപ്പോൾ 215– 218 രൂപയാണു വില. മാർക്കറ്റിൽ ആവശ്യത്തിനു കൊപ്ര ലഭ്യമാണ്. കൊപ്ര വില കുറഞ്ഞ സ്ഥിതിക്ക് വെളിച്ചെണ്ണവില ലിറ്ററിന് 390 രൂപ വരെ താഴ്‌ന്നു. ഓണം വിപണി മുന്നിൽക്കണ്ട് തമിഴ്നാട്ടിലെ വൻകിട കച്ചവടക്കാർ കൊപ്ര വ്യാപകമായി ശേഖരിച്ചു. എന്നാൽ, കേരളത്തിലെ 93 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകൾക്ക് രണ്ടുമാസം ഒരു ലിറ്റർ വെളിച്ചെണ്ണ വീതം സബ്സിഡി നിരക്കിൽ നൽകാൻ സർക്കാർ തീരുമാനിച്ചതോടെ ‘ഓണം കോള്’ പ്രതീക്ഷിച്ചതുപോലെയുണ്ടാവില്ലെന്ന് വ്യക്തമായി. വൻകിട, ചെറുകിട മില്ലുകൾ തമിഴ്നാട്ടിൽനിന്നാണ് വെളിച്ചെണ്ണ ആട്ടാൻ കൊപ്ര കൊണ്ടുവരുന്നത്. മാരികോ പോലുള്ള വൻകിട കമ്പനികൾ മൊത്ത വിപണിയിൽനിന്നുമാറി. കർഷകരിൽനിന്ന് നേരിട്ട് തേങ്ങ സംഭരിക്കാൻ തുടങ്ങിയതോടെയാണ് ഓണം വിപണി മുന്നിൽക്കണ്ട് പൂഴ്‌ത്തിവച്ചിരുന്ന കൊപ്ര മാർക്കറ്റിലേക്കു വരാൻ തുടങ്ങിയത്. വെളിച്ചെണ്ണ വില വൻതോതിൽ കൂടിയതുമൂലം വിൽപ്പന ഗണ്യമായി കുറഞ്ഞിരുന്നു. കേരളത്തിലെ ചെറുകിട മില്ലുകളിൽ പലതും ഇതോടെ പ്രവർത്തനം നിർത്തി. ഇതും വിപണിയിൽ കൊപ്രയുടെ ലഭ്യത കൂട്ടി. കൊപ്രാവില പൊടുന്നനെ കുറഞ്ഞത് വൻതോതിൽ ശേഖരിച്ചുവച്ചവർക്ക് തിരിച്ചടിയായി. മാർക്കറ്റിൽ കൊപ്രയ്ക്ക് ഏറ്റവും ഉയർന്നവില വന്നത് കിലോഗ്രാമിന് 275 രൂപയാണ്. എന്നാൽ ഇവർ കൊപ്ര സംഭരിച്ചതാവട്ടെ 299 രൂപയ്ക്കും. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ പുതിയ വിളവെടുപ്പ് ആരംഭിച്ചതോടെ പച്ചത്തേങ്ങയുടെ ലഭ്യതയും കൂടി. ഇതോടെ തേങ്ങവില 95 രൂപയിൽനിന്ന് 75ലേക്ക് കുറഞ്ഞു.









0 comments