ടൂറിസം മേഖലയ്ക്ക് മരണവാറന്റ്; ലക്ഷകണക്കിനാളുകളെ പട്ടിണിയിലാക്കി

സജി തടത്തിൽ
Published on Jul 16, 2025, 12:38 AM | 1 min read
ചെറുതോണി
പതിനൊന്നു ലക്ഷം പേരുടെ ജീവിതോപാധിയായ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് മരണവാറന്റ് എഴുതി ഉത്തരവിട്ടത് ജില്ലാ ഭരണം. ഇതിനുശേഷം ഓഫ് റോഡ് സവാരി നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചതെന്ന പേരിൽ മേനിനടിക്കുന്നത് ഇരട്ടത്താപ്പ്. ടൂറിസം മേഖലയെ തകർക്കാൻ ജില്ലാ ഭരണം നടത്തുന്ന ഗൂഢനീക്കങ്ങൾ വീണ്ടും ചർച്ചയായി. രണ്ടാഴ്ച മുമ്പാണ് ജില്ലയിലെ ഓഫ് റോഡ് സവാരിയില്ലാതാക്കി, ജനാധിപത്യപരമായ ചർച്ചകൾക്ക് ഇടം നൽകാതെ ഏകപക്ഷീയമായി ജില്ലാ ഭരണം ഉത്തരവിട്ടത്. ഇതുമൂലം വഴിയോര കച്ചവടക്കാർ മുതൽ ടൂറിസം കൊണ്ട് ഉപജീവനംനടത്തുന്ന ലക്ഷകണക്കിനാളുകൾ പട്ടിണിയിലും കടക്കെണിയിലുമായി. വിലത്തകർച്ചയും വിളവില്ലായ്മയും മൂലം ദുരിതം നേരിടുന്ന കർഷകസമൂഹം ഉൾപ്പെടുന്ന കുടിയേറ്റ ജനത ടൂറിസത്തെക്കൂടി ജീവിതമാർഗമാക്കുകയാണ്. ഇതിനിടെ ജില്ലാഭരണം അധികാരം അടിച്ചേൽപ്പിച്ച് ലക്ഷക്കണക്കിനായ മനുഷ്യരെ പ്രതിസന്ധിയിലാക്കി. അന്നം മുട്ടിക്കാൻ ശ്രമിച്ചവർക്കെതിരെ തൊഴിലാളി പ്രതിഷേധം ജ്വലിച്ചുയർന്നു. സമരം ശക്തമായതോടെ 2016ൽ ജില്ലാ കലക്ടർ ആയിരുന്ന എ കൗശികൻ ഡിടിപിസി ചെയർമാൻ ആയിരിക്കെ പുറപ്പെടുവിച്ച ഉത്തരവ് പൊടിതട്ടിയെടുത്ത് ജില്ലാഭരണം ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് രക്ഷപ്പെടാൻ നോക്കുകയാണ്. പുതിയ ഉത്തരവിലൂടെ ഓഫ് റോഡ് സവാരി പുനരാരംഭിച്ചു എന്നാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. ഒമ്പത് വർഷം മുമ്പ് തന്നെ നിയന്ത്രണങ്ങളോടെ ഓഫ് റോഡ് സവാരിയ്ക്കുള്ള ഉത്തരവ് നിലവിലുള്ളതാണ്. എന്നാൽ, അവലോകന സമിതികൾ വിളിച്ചു ചേർത്തിട്ടില്ല. കൃത്യതയാർന്ന പരിശോധനകളും, വിലയിരുത്തലുകളും നടത്തുകയോ ചെയ്‌തില്ല. ഒടുവിൽ കുഴപ്പമെല്ലാം ഓഫ് റോഡുകാരുടെ തലയിൽ കെട്ടിവച്ച് കൈകഴുകാനാണ് ശ്രമം. ഇതുകൊണ്ടൊന്നും ജില്ലാ ഭരണത്തിന്റെ ജനവിരുദ്ധത മാറിക്കിട്ടില്ല. സർക്കാർ രൂപീകരിച്ച ജനകീയ സമിതികളുടെ കൂടിച്ചേരലുകളും വികസന സംവാദങ്ങളും അതിലൂടെ രൂപപ്പെട്ട, ജനകീയതീരുമാനങ്ങളുമാണ് ജില്ല ആർജ്ജിച്ച, വികസന കുതിപ്പിന് ആക്കംകൂട്ടുന്നത്. അത്തരത്തിൽ നൂതന മുന്നേറ്റം കുറിക്കാന് ജനസമൂഹത്തെ ഒന്നായി കാണാനുള്ള വിശാലമായ കാഴ്ചപ്പാടാണ് ജില്ലാ ഭരണത്തിനുണ്ടാകേണ്ടത്.









0 comments