കാഴ്‌ചകളുടെ തലപ്പൊക്കവുമായി ബ്രൂസ്‌ലി മൗണ്ട്‌

ബ്രൂസിലി മൗണ്ട്‌.
avatar
ബേബിലാൽ

Published on Aug 17, 2025, 12:25 AM | 2 min read

രാജാക്കാട്‌

പ്രകൃതിയുടെ വരദാനമായ ഇടുക്കിയുടെ ഏതുഭാഗവും കാഴ്‌ചപ്പൂരമാണ്‌ സമ്മാനിക്കുന്നത്‌. ഇവയിൽ പല പ്രദേശങ്ങളും ടൂറിസം ഭൂപടത്തിൽപ്പെടാതെ അപരിചിതമായി നിലകൊള്ളുന്നു. വിനോദസഞ്ചാരികളെ കാത്ത്‌ ഇതാ കൊന്നത്തടിയിലെ ബ്രൂസ്‌ലി മൗണ്ട്‌. 
 സമുദ്രനിരപ്പിൽനിന്ന്‌ 3000ലേറെ അടി ഉയരമുണ്ട്‌. ചിന്നാർ റോഡിൽനിന്നും പ്രവേശിക്കാം. ചിന്നാർ, മുതിരപ്പുഴയാർ, പെരിയാർ എന്നിവയാൽ ചുറ്റപ്പെട്ട മനോഹരമായ കുന്നിൻപ്രദേശം അഞ്ഞൂറ് ഏക്കറോളം വരും. പുൽമേടുകളും പാറക്കെട്ടുകളും കുറ്റിച്ചെടികളും നിറഞ്ഞ ഈ പ്രദേശം കുളിർ കാറ്റും ശുദ്ധവായുവുംകൊണ്ട് അനുഗൃഹീതം. ചെറുതോണി, പാൽക്കുളമേട്, മീനുളിയാൻപാറ, മൂന്നാർ, പള്ളിവാസൽ, ഇടുക്കി ഡാം അടക്കമുള്ള പ്രദേശങ്ങളുടെ വിദൂര ദൃശ്യങ്ങളുടെ മനോഹര കാഴ്ചയും സഞ്ചാരികളുടെ മനസ്സ്‌ കീഴടക്കും. ഇതിനായി ജിറ്റ് കുൻഡോ പോയിന്റ്‌, വെങ്കിടാചലം, ഇഞ്ചത്തൊട്ടി എന്നീ വ്യൂ പോയിന്റുകളും ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്ന്‌ ചിന്നാർ അണക്കെട്ടിലേക്ക് ഒരുകിലോമീറ്റർ മാത്രമാണുള്ളത്. ട്രക്കിങ്, പാരാഗ്ലൈഡിങ്‌, റോപ്പ് ഗ്ലൈഡിങ് അടക്കമുള്ള സാഹസിക ടൂറിസത്തിനും യോജ്യം. എട്ടാമത് ബ്ലാക്ക് ബെൽറ്റിന് ഉടമയും രാജ്യാന്തര കോച്ചും ജഡ്ജുമായ രാജ്‌ ബ്രൂസ്‌ലിയോടുള്ള ബഹുമാന സൂചകമായി 18 വർഷം മുമ്പാണ്‌ ഈ പ്രദേശത്തിന് ബ്രൂസ്‌ലി മൗണ്ട്‌ എന്ന്‌ പേരിട്ടത്‌. ജില്ലയിലെ ഏറ്റവും വിസ്‌തൃതിയേറിയ പഞ്ചായത്തുകളിലൊന്നായ കൊന്നത്തടിയിലാണ്‌ ഇത്‌ സ്ഥിതിചെയ്യുന്നത്‌. വിനോദ സഞ്ചാരാസാധ്യത ഏറെയുണ്ടിവിടെ. അതിവിശാല വിദൂര–താഴ്‌വാര കാഴ്‌ചകൾ ചേതോഹരം. കല്ലാർകുട്ടി അണക്കെട്ട്‌, വെള്ളത്തൂവൽ പവർ ഹൗസ്, മുതിരപ്പുഴയാർ എന്നിവയുമായി ബന്ധിപ്പിച്ച്‌ ടൂറിസം പദ്ധതികൾക്ക്‌ അനന്തസാധ്യതകളുണ്ട്‌. ​

സമീപം നിരവധി 
കേന്ദ്രങ്ങൾ

മുതിരപ്പുഴ ആൽപ്പാറ മൗണ്ട്, മുക്കുടം അംബേദ്കർ മൗണ്ട്, തെള്ളിത്തോട്, പനം കുട്ടി ഇഞ്ചത്തൊട്ടി മലനിരകൾ, ചിന്നാറിന് മുകൾ ഭാഗത്തുള്ള അയ്യപ്പൻ മല, പണിയ്ക്കൻ കുടി കാറ്റാടിപ്പാറ -കല്ലാണിപ്പാറ മലനിരകൾ, കൊമ്പൊടിഞ്ഞാൽ, പൊന്മുടി, നാടുകാണി, പെരിഞ്ചാംകുട്ടി തേക്കുകാടുകൾ തുടങ്ങിയവ സമീപ പ്രദേശങ്ങളാണ്. ബോട്ടിങ് നടക്കുന്ന പൊന്മുടി അണക്കെട്ട് അതിന് സമീപം മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന അമേരിക്കൻക്കുന്ന് ഏറെ ആകർഷണീയമായ ഉപദ്വീപാണ്. വടക്കേ കൊമ്പൊടിഞ്ഞാലിൽ നിന്നാണ് ഇവിടേയ്ക്ക് സഞ്ചാര സൗകര്യമുള്ളത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഉരൽക്കുഴി അടക്കം കൂറ്റൻ പാറക്കെട്ടുകളുള്ള മരക്കാനം പാറയും പ്രശസ്തം. ​ഇഞ്ചത്തൊട്ടി മലമുകളിൽ ഹെക്ടറുകണക്കിന് പുൽമേടുകളാണ് ദൃശ്യവിരുന്നൊരുക്കുന്നത്. മുക്കുടം ഭാഗത്തുള്ള അംബേദ്കർ മൗണ്ടിൽ നിന്നാൽ ആരെയും ആകർഷിക്കുന്ന കാഴ്ചകൾ. മാങ്കുളം, ഇടമലക്കുടി, കട്ടപ്പന, പുളിയൻമല, ശാന്തൻപാറ അടക്കമുള്ള കിലോമീറ്ററുകൾ ചുറ്റളവിലുള്ള സ്ഥലങ്ങൾ കാണാനുള്ള ഉയരമാണ് ഈ മലനിരകൾക്കുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Home