ആ ചൂളംവിളികൾ മറക്കാതെ മൂന്നാർ

മൂന്നാറിലെ മോണോ റെയിൽ (ഫയൽചിത്രം)
പാട്രിക് വേഗസ്
Published on Aug 02, 2025, 12:00 AM | 1 min read
മൂന്നാർ
തെക്കിന്റെ കശ്മീർ എന്ന് ഇന്ന് അറിയപ്പെടുന്ന മൂന്നാറിന്റെ പഴയ പ്രതാപത്തെ ഓർമപ്പെടുത്തുന്ന മോണോ റെയിൽ വിസ്മൃതിയിലാണ്ടിട്ട് 125 വർഷത്തോടുക്കുന്നു. 1902ൽ ബ്രിട്ടീഷ് കാലഘട്ടത്തിലാണ് ഇന്ത്യയിലെ ആദ്യ മോണോ റെയിലായ കുണ്ടളവാലി–- മോണോ റെയിൽപാത നിർമിച്ചത്. മലകളെ ബന്ധിപ്പിച്ച് പാലങ്ങൾ നിർമിച്ചും കുന്നിൻ ചരിവുകളിലൂടെയുമാണ് റെയിൽപാത നിർമിച്ച് തീവണ്ടി സർവീസ് ആരംഭിച്ചത്. 1924 വരെ ഓടിച്ചു. 99 ലെ വെള്ളപ്പൊക്കമെന്ന് വിശേഷിപ്പിക്കുന്ന 1924 ലെ വെള്ള പൊക്കവും മലയിടിച്ചിലും മൂലം റെയിൽപാത പാടേ നശിച്ചു. മൂന്നാറിൽനിന്ന് മാട്ടുപ്പെട്ടിയിൽ വരെയും അവിടെ നിന്ന്ടോപ് സ്റ്റേഷനിലേക്കും തേയിലയും മറ്റ് ചരക്കുകളും മോണോ റയിലിൽ എത്തിച്ചിരുന്നു. എസ്റ്റേറ്റുകളിൽനിന്നും കുതിര പുറത്തും കാളവണ്ടിയിലുമാണ് തേയില മൂന്നാറിലെത്തിച്ചിരുന്നത്. മാട്ടുപ്പെട്ടി, പാലാർ എന്നിവിടങ്ങളിലായിരുന്നു മോണോ റെയിൽവേ സ്റ്റേഷനുകൾ. മൂന്നാറിൽനിന്നും 35 കിലോ മീറ്റർ ദൂരമായിരുന്നു പാളത്തിന്റെ നീളം. കൽക്കരിയും, വിറകുമാണ് ഇന്ധനമായി ഉപയോഗിച്ചിരുന്നത്. ഏഷ്യയിലെ സ്വിറ്റ്സർലാന്റ് എന്നാണ് മൂന്നാറിനെ വിശേഷിപ്പിച്ചിരുന്നത്. ലോക പൈതൃക റെയിൽവേയിൽ ഇടം പിടിച്ച ഒന്നായ ഡാർജിലിങ്ങിലെ ഹിമാലയൻ ട്രെയിൻ സർവീസ് മാതൃകയിലാണ് ബ്രിട്ടീഷുകാർ നൂറ്റാണ്ടുകൾക്ക് മുമ്പ് മോണോ റെയിൽ നിർമിച്ചത്. ആദ്യം ഒറ്റവരി പാളവും മറുഭാഗത്ത് വലിയ ചക്രവും ഘടിപ്പിച്ചാണ് തീവണ്ടി ഓടിയിരുന്നത്. കുതിരകളെയും കാളകളെയും ഉപയോഗിച്ചാണ് വലിച്ചിരുന്നത്. പിന്നീട് നാരോ ഗേജാക്കി മാറ്റി. 1924 ലെ പ്രളയത്തിനു ശേഷം ഒന്നാം ലോക മഹായുദ്ധം വരെ മോണോ റെയിൽ ഓടിയിരുന്നതായി ചരിത്രം പറയുന്നു. ഇപ്പോൾ മൂന്നാറിൽ ടാറ്റ ടീ കമ്പനിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് റെയിൽവേ സ്റ്റേഷൻ ഉണ്ടായിരുന്നത്. മൂന്നാറിന്റെ പല ഭാഗങ്ങളിലും ഇലക്ട്രിക് പോസ്റ്റായി റെയിൽ പാളത്തിന്റെ അവശേഷിപ്പുകൾ കാണാൻ കഴിയും. കൂടാതെ ടാറ്റാ കമ്പനിയുടെ ടീ മ്യൂസിയത്തിൽ തീവണ്ടിയിൽ ഘടിപ്പിച്ചിരുന്ന വലിയ ചക്രം പ്രദർശനത്തിന് വച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾ മുമ്പ് മൂന്നാറിൽ തീവണ്ടി ഓടിയിരുന്നുവെന്നത് ഇന്നത്തെ തലമുറയ്ക്ക് അത്ഭുതം തോന്നാം. പുതിയ തീവണ്ടിയുടെ പഴയ ചൂളം വിളി കേൾക്കുന്നതിനായി കാതോർക്കുന്നവരുമുണ്ട്.









0 comments