ജാഗ്രത വേണം, ചെളിവെള്ളം തെറിക്കാന്‍ സാധ്യത

കട്ടപ്പന നഗരസഭ ഓഫീസ് പരിസരത്തെ തറയോടുകൾ ഇളകി വെള്ളം കെട്ടിനിൽക്കുന്നു
കട്ടപ്പന
കട്ടപ്പന നഗരസഭ ഓഫീസ് പരിസരത്തെ തറയോടുകൾ ഇളകിക്കിടക്കുന്നത് ആളുകൾക്ക് ദുരിതമാകുന്നു. ടൈലുകൾക്കിടയിൽ കെട്ടിക്കിടക്കുന്ന ചെളിവെള്ളം വാഹനങ്ങൾ കടന്നുപോകുമ്പോൾ ദേഹത്തേക്ക് തെറിക്കുന്നു. പലതവണ നഗരസഭ ഭരണസമിതിക്ക് പരാതി നൽകിയിട്ടും അറ്റകുറ്റപ്പണി നടത്താൻ നടപടിയില്ല. വിവിധ ആവശ്യങ്ങൾക്ക് ഓഫീസിലെത്തുന്നവർക്കാണ് ഏറെ ബുദ്ധിമുട്ട്. മഴക്കാലത്ത് തറയോടുകൾക്കിടയിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽനടയാത്ര പോലും ദുസഹമാണ്. നിർമാണത്തിലെ അശാസ്ത്രീയത മൂലം, ഓഫീസ് പ്രവർത്തനമാരംഭിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ തറയോടുകൾ ഇളകിയും പൊട്ടിയും ഉപയോഗരഹിതമായി. പലസ്ഥലങ്ങളിലും ഗർത്തങ്ങളും വെള്ളക്കെട്ടുകളും രൂപപ്പെട്ടു. വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഇവിടെയാണ്. കോൺക്രീറ്റ് ചെയ്ത് വീണ്ടും തറയോടുകൾ പതിപ്പിക്കാനും ഓട നിർമിക്കാനും അഞ്ച് ലക്ഷം രൂപ വകയിരുത്തിയതായി അധികൃതർ പറയുന്നു. എന്നാൽ, അറ്റകുറ്റപ്പണി വൈകുന്നത് ആളുകളെ ബുദ്ധിമുട്ടിക്കുന്നു.









0 comments