ഉരുണ്ടുവീണ് തല പൊട്ടട്ടേ, ഞങ്ങൾ രസിച്ചിരിക്കും
ലജ്ജയില്ലേ കട്ടപ്പന നഗരസഭക്കാരേ

കട്ടപ്പന
മഴ പെയ്‍താൽ ചെളിക്കുണ്ട്. കുട പിടിക്കാതെ സ്റ്റാൻഡിൽ നിൽക്കാനാവില്ല, ദിവസേന ഡസനിലേറെ പേർ തെന്നിവീണ് ആശുപത്രിയിലാകുന്ന സാഹചര്യം. ഇത്രയൊക്കെയായിട്ടും കട്ടപ്പന നഗരസഭാധികൃതർക്ക് കുലുക്കമില്ല. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് ടെർമിനലിന്റെ അറ്റകുറ്റപ്പണി വൈകുന്നതിൽ നഗരസഭയ്ക്കെതിരെ പ്രതിഷേധം അതിശക്തമാണ്. വികസന കേരളത്തിന് നാണക്കേടാകുകയാണ് കട്ടപ്പന നഗരസഭ. അവാർഡ് ലഭിച്ചത് എന്തിനാണെന്ന് ജനങ്ങൾ ചോദിക്കുന്നു. ഡിപ്പാർട്ട്മെന്റിന്റെ മുന്തിയ വാഹനത്തിൽ കറങ്ങി ആഡംബരവും ഡംബും കാണിക്കുന്ന ഭരണസമിതിക്ക് ഇത് കാണാനാവുന്നില്ല. പ്രവർത്തനമാരംഭിച്ച് 14 വർഷങ്ങൾക്കിടയിൽ ടെർമിനൽ നവീകരിച്ചിട്ടില്ല. മഴ പെയ്‌തുപോയാൽ ഒരുതുള്ളി പുറത്തുപോകാതെ ടെർമിനലിനുള്ളിൽനിന്ന് നനയാം. തറയിലാകട്ടെ, ചെളിയും വെള്ളവും ചേർന്നൊരു ‘ചെളിക്കുള’മാണ്. വെള്ളക്കെട്ടുകൾ നീന്തിക്കടന്നുവേണം യാത്രക്കാർക്ക് സഞ്ചരിക്കാൻ. ഇതിനിടയില്‍ തെന്നിവീഴുന്നതും പതിവാണ്. ഇത് വ്യാപാരികളെയും ദുരിതത്തിലാക്കുന്നുണ്ട്. കടകളിലെ ഭക്ഷ്യസാധനങ്ങള്‍ നശിക്കുകയാണ്. ചോർച്ച അടയ്‍ക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം വിഫലം. അവധി ദിവസങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താവളമാണിവിടം. അവർ നിക്ഷേപിക്കുന്ന മാലിന്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ അവശിഷ്‌ടങ്ങളും വേറെ. യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങളും തുരുമ്പെടുത്തു. അറിയാതെങ്ങാൻ ചാരിയിരുന്നാൽ സെപ്റ്റികിനുള്ള ഇഞ്ചക്ഷനെടുക്കണം. പുറംഭിത്തികളും വിണ്ടുകീറി. കട്ടപ്പന പഞ്ചായത്തായിരുന്ന 2010 മെയ് 29നാണ് ബസ് സ്റ്റാൻഡ് ഉദ്ഘാടനംചെയ്‍തത്. നിർമാണത്തിലെ അശാസ്ത്രീയത ഉദ്ഘാടനം മുതൽ വിവാദത്തിലായിരുന്നു. രണ്ടുവർഷത്തിനുള്ളിൽ തന്നെ ഉൾവശം ചോർന്നുതുടങ്ങി. ടെർമിനലിൽ 30ലേറെ കടകളുണ്ടെങ്കിലും ഇതുവരെ കുടിവെള്ള സൗകര്യം ലഭ്യമാക്കിയിട്ടില്ല. വ്യാപാരികൾ പണം കൊടുത്താണ് ഇപ്പോഴും വെള്ളം വാങ്ങുന്നത്. വ്യാപാരികൾക്കും ജീവനക്കാർക്കുമായി ശുചിമുറി സൗകര്യവുമില്ല.









0 comments