ദേശീയപാതാ വികസനം അട്ടിമറിച്ച എംപിയുടെ സമരനാടകം രാഷ്ട്രീയ കാപട്യം

 ദേശീയപാത
avatar
സ്വന്തം ലേഖകൻ

Published on Jul 19, 2025, 12:28 AM | 1 min read

അടിമാലി

നടന്നുകൊണ്ടിരുന്ന ദേശീയപാതാ വികസനത്തെ തടസ്സപ്പെടുത്തിയ എംപിയുടെ സമരനാടകം ജനങ്ങൾതള്ളും. ജില്ലയിലെ പ്രധാന പാതകളിലെല്ലാം വനംവകുപ്പിനെ ഉപയോഗിച്ച് വികസനം തടയുന്നതാണ് എംപിയുടെ തന്ത്രം. ദേശീയപാത വികസനമില്ലാതാക്കി ഇടുക്കിയെ പത്തുകൊല്ലം പിന്നോട്ട് നയിക്കാൻ ഒത്തുകളിച്ച ഡീൻ കുര്യാക്കോസ് എംപിയും ബിജെപിയുമാണ് ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയത്‌. ഇത് മറച്ച് സംസ്ഥാന സർക്കാരിനെതിരെ ജനവികാരം രൂപപെടുത്താമെന്ന വ്യാമോഹമാണ് സമര നാടകത്തിന്റെ ലക്ഷ്യം. തദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിയുമോയെന്നാണ് ഇതിലൂടെ ഇവർ ലക്ഷ്യംവയ്ക്കുന്നത്. ഇതിനായി ബിജെപിയുമായി ചേർന്ന് പ്രശ്നം ഹൈക്കോടതിയിൽവരെ എത്തിച്ച് വഷളാക്കി. മാധ്യമങ്ങൾ കൂട്ടുകച്ചവടം പരസ്യമാക്കിയതോടെ വീഴ്ച മറച്ചുവയ്ക്കാനാണ് യുഡിഎഫും എംപിയും സമരവുമായിഇറങ്ങിത്തിരിച്ചിരിക്കുന്നത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ദേശീയപാതയ്‌ക്ക്‌ ഇല്ലാത്ത അനുമതിയുണ്ടെന്ന് യുഡിഎഫ്‌ വ്യാപക പ്രചാരണം നടത്തിയത്. നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചഘട്ടം മുതൽ തന്നെ തെറ്റിദ്ധാരണ പടർത്തുന്ന പ്രസ്താവനകൾ എംപി നടത്തി. മാത്രമല്ല, സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള ശ്രമമായിരുന്നു. കപട പരിസ്ഥിതി സംഘടനകളുമായി ചേർന്ന് ജില്ലയിലെ പൊതുവായ വികസനങ്ങൾ അട്ടിമറിക്കാൻ ജില്ലയിൽ നേതൃത്വം കൊടുക്കുന്നത് എംപിയും കോൺഗ്രസ് നേതൃത്വവുമാണെന്ന് മുമ്പും വിവിധ സംഭവവികാസങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിനായി ബിജെപിയുടെ പരിസ്ഥിതി സെല്ലുമായി ഇവർ ഒത്തുകളിക്കുകയായിരുന്നു. ഡീൻ കുര്യാക്കോസ് എംപിയുടെയും ബിജെപിയുടെയും തെറ്റായ തീരുമാനങ്ങളും നിലപാടുകളുമാണ് ഇത്തരത്തിൽ ഒരു വിധിയിൽ എത്തിച്ചത്. ഡീൻ കുര്യാക്കോസ് എംപിയുടെ ആവശ്യപ്രകാരം ദേശീയപാത അതോറിറ്റി 2024 സെപ്തംബർ 12ന് പരിവേഷ് പോർട്ടലിൽ റോഡ് നിർമിക്കാൻ വനഭൂമി വിട്ടുനൽകണം എന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന്‌ അപേക്ഷ നൽകി. രാജഭരണകാലം മുതൽ പാതയുള്ള ഇവിടെ റോഡ് നിർമാണത്തിന് വീണ്ടും അനുമതി തേടി അപേക്ഷ നൽകേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഈ അപേക്ഷയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ സ്റ്റേജ് വൺ അനുമതിയാണ് എൻഎച്ച്എഐ അധികൃതർക്ക് നൽകിയിട്ടുള്ളത്. സ്റ്റേജ് ഒന്നിലെ വ്യവസ്ഥകൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് കേന്ദ്ര അന്തിമാനുമതി നൽകിയാൽ മാത്രമേ നിർമാണം ആരംഭിക്കാൻ കഴിയു. നിർമാണം അനുവദിച്ചുകൊണ്ട്‌ കേന്ദ്ര ഗവൺമെന്റിന്റെ അന്തിമാനുമതി ലഭിക്കും മുമ്പ് നിർമാണം ആരംഭിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തി അന്തിമാനുമതി നേടിയെടുക്കേണ്ട ഉത്തരവാദിത്വം സ്ഥലം എംപിയ്‌ക്കാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home