അവൾ പോയത് എന്നെ ഉണർത്തിയശേഷം

sobha

ശോഭ തന്റെ വീ്ട് ചൂണ്ടിക്കാണിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Oct 20, 2025, 12:15 AM | 1 min read

നെടുങ്കണ്ടം

"എന്നെ ഉണർത്തിയിട്ട് അവൾ മഴവെള്ളത്തിനൊപ്പം എവിടേക്കോ ഒഴുകി, രക്ഷിക്കാൻ എനിക്ക് പറ്റിയില്ലല്ലോ", മുണ്ടിയെരുമ പതാപ്പറമ്പിൽ ശോഭ മഴവെള്ളം ഇരച്ചെത്തിയ കല്ലാർ പുഴയുടെ ഒഴുക്കിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. താൻ ഓമനിച്ച് വളർത്തിയ റൂബിയെന്ന നായയെ ഒന്നഴിച്ച് വിടാൻപോലും പറ്റിയില്ലല്ലോ എന്ന വിഷമത്തോടെ. രാത്രി 2.50ഓടെയാണ്, റൂബി അസാധാരണമായി കുരയ്ക്കുന്നുണ്ടായിരുന്നു. ഉറക്കത്തിനിടയിൽ വെള്ളം ഒഴുകുന്നപോലെ തോന്നി. കണ്ണ് തുറന്നപ്പോൾ കട്ടിലിനൊപ്പം വെള്ളം, ഒന്നും എടുക്കാനായില്ല, ഇനിയൊന്നും ബാക്കിയുണ്ടെന്നും തോന്നുന്നില്ല" മഴവെള്ളം പാഞ്ഞെത്തിയ വെള്ളി രാത്രിയെക്കുറിച്ച് ശോഭ പറഞ്ഞു തീർക്കുന്നില്ല. രണ്ട് പോത്തുകൾ ഉണ്ടായിരുന്നു, അവയുടെ മൂക്കോളം മുങ്ങിയിരുന്നു. അവറ്റകളെ മുകളിലെ പറമ്പിൽ കയറ്റി. മുൻവാതിൽ തുറന്നതോടെ വെള്ളം ശക്തിയായി വീടിനകത്തേക്ക് കയറി. വൈദ്യൂതിയും പോയിരുന്നു. മൊബൈൽ വെളിച്ചത്തിൽ റൂബിയെ രക്ഷിക്കാൻ എത്തിയെങ്കിലും കൂടുപോലും കണ്ടില്ല. കൂടോടെ ഒഴുകിപ്പോയി. വെള്ളം ക്രമാതീതമായി ഉയർന്നുകൊണ്ടിരുന്നു. ഒരു ബാഗിൽ അത്യാവിശ്യം തുണിയെടുത്തു, മുകൾവീട്ടിലെ ദാസ് സഹായത്തിനെത്തി. സഹോദരന്റെ മക്കളായ അനൂപ്, അമൽ എന്നിവരാണ് തന്റെയൊപ്പം ഉണ്ടായിരുന്നത്. ഞങ്ങൾക്ക് ദാസ് വീട്ടിൽ ഇടംതന്നു, പറഞ്ഞു തീരുമ്പോഴും ശോഭയുടെ കണ്ണിൽ ഇരച്ചെത്തിയ വെള്ളത്തിന്റെ ഭീതിയാണ്. മുകളിലെ കാട്ടിൽ ഒരു നായയെ കണ്ടെന്നും അത് റൂബിയാണെന്നും ചിലർ പറഞ്ഞു, പക്ഷേ അവിടേക്കെത്താനും വഴിയില്ല, വീട്ടിലെ പൂച്ചയെയും കണ്ടെത്താനായില്ല, ശോഭ പറഞ്ഞു. മുമ്പ് ആയുർവേദ തെറാപിസ്റ്റ് ആയിരുന്ന ശോഭയ്ക്ക് അമ്മയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ഒരുവർഷം ജോലിക്ക് പോകാനായില്ല. കിണറടക്കം മൂടിപ്പോയി, വെള്ളമിറങ്ങി ചെളിമാറ്റി വീടും ജീവിതവും തിരികെ പിടിക്കേണ്ടതുണ്ട് ശോഭയ്ക്ക്.



deshabhimani section

Related News

View More
0 comments
Sort by

Home