അവലോകന യോഗം
കുമളിയിലെ വെള്ളക്കെട്ടും ദുരിതവും പരിഹരിക്കും

കുമളിയിൽ മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം
കുമളി
കഴിഞ്ഞദിവസം പെയ്‍ത കനത്ത മഴയില്‍ ദുരിതം നേരിടുന്ന കുമളി ടൗണ്‍ ഉള്‍പ്പെടുന്ന മേഖലയിലെ ജനതയ്‍ക്ക് ആശ്വാസമാംവിധം വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം ശക്തമാക്കും. അടിയന്തരമായി ഓടകളിലെ തടസം നീക്കാനും വിപുലപ്പെടുത്താനും കുമളി പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനായി. ആനവച്ചാല്‍ തോട്ടില്‍നിന്നും മറ്റ് ഓടകളില്‍നിന്നുമുള്ള വെള്ളം കുത്തിയൊഴുകി ടൗണിലടക്കം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കയറുന്നത് പതിവാണ്. കഴിഞ്ഞദിവസം പെയ്‍ത കനത്ത മഴയില്‍ കുമളി, വലിയകണ്ടം, കുഴിക്കണ്ടം, ചെളിമട എന്നിവിടങ്ങളില്‍ വ്യാപകമായി വെള്ളം കയറിയിരുന്നു.
വനം വകുപ്പ് തടസം ഒഴിവാക്കണം
ആനവച്ചാല്‍ തോട് വൃത്തിയാക്കാനുള്ള തടസം ഒഴിവാക്കാൻ വനംവകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി. പെരിയാര്‍ ഡെപ്യൂട്ടി ഡയറക്‍ടര്‍ നടപടി സ്വീകരിക്കും. ഓടയില്‍ അടിഞ്ഞുകിടക്കുന്ന മാലിന്യവും എക്കലും മണ്ണും നീക്കംചെയ്‌ത് ഒഴുക്ക് സുഗമമാക്കാനും തീരുമാനിച്ചു.
നഷ്ടം കണക്കാക്കണം
മഴക്കെടുതിയില്‍ നാശം സംഭവിച്ച കുടുംബാംഗങ്ങളുടെയും വ്യാപാരികളുടെയും കര്‍ഷകരുടെയും യഥാര്‍ഥ നഷ്ടം തിട്ടപ്പെടുത്താൻ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഹോളിഡേ ഹോമിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിലവിലുള്ളത് 165 പേരാണ്. എന്നാല്‍ ക്യാമ്പില്‍ വരാത്തവരുമുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ പോയവരുടെ നഷ്ടവും കണക്കാക്കും. വീട് നഷ്‍ടപ്പെട്ടവരുടെയും വിവരങ്ങള്‍ ശേഖരിക്കും. റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തരമായി ഇടപെടും.
വഴിവിളക്കുകള്‍ സ്ഥാപിക്കും
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിടുമ്പോള്‍ തീരപ്രദേശങ്ങളില്‍ പ്രശ്‍നങ്ങളുണ്ടാകുന്നുണ്ട്. ഇരുട്ടകറ്റാൻ ജനവാസമേഖലയിലും കവലകളിലും വഴി വിളക്കുകള്‍ സ്ഥാപിക്കാൻ വൈദ്യുതി വകുപ്പിനോട് നിര്‍ദേശിച്ചു. ഡീൻ കുര്യാക്കോസ് എംപി, ആസൂത്രണസമിതി ഉപാധ്യക്ഷൻ സി വി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേല്‍, പെൻഷൻ ബോര്‍ഡ് ചെയര്‍മാൻ ആര്‍ തിലകൻ, പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് കെ എം സിദ്ദിഖ്, എഡിഎം ഷൈജു പി ജേക്കബ്, എസ് സാബു, ജി വിജയാനന്ദ് ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മറ്റ് തീരുമാനങ്ങള്‍
1. ജെസിബി ഉൾപ്പെടെയുള്ള ദുരന്തനിവാരണ ഉപകരണങ്ങൾ ഏത് അടിയന്തര സാഹചര്യത്തിലും ലഭ്യമാക്കുന്നുവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പുകൾ ഉറപ്പാക്കണം 2. കുമളി കേന്ദ്രീകരിച്ച് ഫയർ ആൻഡ് റെസ്ക്യൂ പീരുമേട് യൂണിറ്റിലെ ഒരു ടീമിന്റെ സേവനം ലഭ്യമാക്കണം 3. ഉടുമ്പൻചോല, കൂട്ടാർ മുതലായ പാലങ്ങളുടെ നാശം പരിഗണിച്ച് അടിയതരമായി ബദൽ സംവിധാനം ഏർപ്പെടുത്തും 4. മുണ്ടിയെരുമയിൽ റേഷൻ കട വെള്ളംകയറി നശിച്ചത് പരിശോധിക്കാൻ ഉടുമ്പൻചോല താലൂക്ക് സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി 5. പീരുമേട്, കുമളി എന്നിവടങ്ങളിൽ ഷെൽട്ടർ ഹോമുകൾ ആരംഭിക്കും 6. ആനവച്ചാൽ സംബന്ധിച്ച് പഞ്ചായത്തുമായി കൂടിയാലോച്ച് ശുചീകരണത്തിനുള്ള അനുമതി വനംവകുപ്പ് നൽകണം 7. കുമളി ടൗണിലെ ഓടകളുടെ ശുചീകരണ പ്രവർത്തനങ്ങൾ എന്‍എച്ച്എഐ അടിയന്തരമായി പൂർത്തികരക്കണം 8. ലക്ഷ്മി ചെക്ക് ഡാമിലെ മണലും ചെളിയും അടിയന്തരമായി വനം വകുപ്പ് നീക്കം ചെയ്യണം









0 comments