കുമളിയിൽ കനത്തമഴ, ഉരുൾപൊട്ടലുകൾ
തകർന്നടിഞ്ഞു

കനത്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ ഉയർത്തിയതോടെ വണ്ടിപ്പെരിയാർ വികാസ‍് നഗറിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ

സ്വന്തം ലേഖകൻ
Published on Oct 20, 2025, 01:00 AM | 2 min read
കുമളി
രണ്ടുദിവസം തുടർച്ചയായി പെയ്ത കനത്ത മഴയും ഉരുൾപൊട്ടലും മൂലം കുമളിയിൽ വ്യാപക നാശനഷ്ടം. മഴയുടെ രണ്ടാം ദിവസം പത്തുമുറി, വെള്ളാരംകുന്ന്, ഒന്നാംമൈൽ, അട്ടപ്പള്ളം, പള്ളിക്കൂടി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ 15ലേറെ ചെറുതും വലുതുമായ ഉരുൾപൊട്ടലുകൾ ഉണ്ടായി. ഇതുമൂലം ഏലം, കാപ്പി, കുരുമുളക് തുടങ്ങിയ ഏക്കർ കണക്കിന് പ്രദേശത്തെ കൃഷി നശിച്ചു. പെരിയാർ കോളനി, അട്ടപ്പള്ളം, കുഴിക്കണ്ടം, ഹോളിഡേ ഹോം, റോസാപ്പൂക്കണ്ടം തുടങ്ങിയ വിവിധ പ്രദേശങ്ങളിലായി നൂറിലേറെ വീടുകളിൽ വെള്ളം കയറി. പെരിയാർ കോളനിയിലെ മുഴുവൻ കുടുംബങ്ങളെയും വെള്ളപ്പൊക്കത്തെ തുടർന്ന് മാറ്റിപ്പാർപ്പിച്ചു.
പെരിയാർ കോളനിയിൽ വെള്ളം കയറി
പെരിയാർ കോളനിയിൽ മിക്ക വീടുകളിലും മൂന്നടിയിലേറെ വെള്ളം ഉയർന്നു. ആദ്യദിവസത്തെ വെള്ളപ്പൊക്കത്തിൽ വീടുകളിൽ അടിഞ്ഞ ചെളിയും മണ്ണും ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിയറിന്റെ നേതൃത്വത്തിൽ നീക്കം ചെയ്ത് ശുചീകരിച്ച് ആളുകളെ മാറ്റി പാർപ്പിച്ചെങ്കിലും രണ്ടാം ദിവസത്തെ കനത്ത മഴയെ തുടർന്ന് വീണ്ടും ആളുകളെ മാറ്റേണ്ടി വന്നു. വിവിധ പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലും ആനച്ചാൽ പ്രദേശത്ത് വനമേഖലയിൽ തോട് ശുചീകരിക്കാത്തത് മൂലം മുളകൾ ഒടിഞ്ഞ് കുന്നു കൂടി കിടക്കുന്നതും തോടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന്റെ സംരക്ഷണഭിത്തി തകർന്ന് തോടിലേക്ക് വീണതും വെള്ളപ്പൊക്കത്തിന് ആഘാതം കൂട്ടി. റോസാപ്പൂക്കണ്ടത്ത് നിരവധി വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയതിനെത്തുടർന്ന് നിരവധി വീടുകളുടെ ചുറ്റുമതിലുകൾ തകർന്നുവീണു. കൊട്ടാരക്കര–- ദിണ്ടിഗൽ ദേശീയപാതയിൽ കുമളി ടൗണിൽ തുടർച്ചയായി രണ്ടാം ദിവസവും വെള്ളം കയറി. പ്രധാന ഓടയുടെ ഇരുവശങ്ങളിലും പല സ്ഥലങ്ങളിലും വ്യാപകമായ കയ്യേറ്റങ്ങളും തടസ്സങ്ങളും തമിഴ്നാട് ഭാഗത്തുനിന്നും വൻതോതിൽ ഒഴുകിയെത്തുന്ന വെള്ളവും വെള്ളപ്പൊക്കത്തിന് പ്രധാനകാരണം ആയിട്ടുണ്ട്.
100 പേരെ മാറ്റിതാമസിപ്പിച്ചു
വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പെരിയാർ കോളനി, അട്ടപ്പള്ളം, കുഴിക്കണ്ടം തുടങ്ങിയ വിവിധ പ്രദേശങ്ങളിൽനിന്നും നൂറോളം പേരെ കുമളി ഹോളിഡേ ഹോമിലേക്ക് മാറ്റി പാർപ്പിച്ചു. പെരിയാർ കോളനിയിലെ മുഴുവൻ കുടുംബങ്ങളും മാറ്റി പാർപ്പിച്ചു.
ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജം
വണ്ടിപ്പെരിയാർ
മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും കൂടുതൽ വെള്ളം തുറന്നു വിടുന്നതിനാൽ പെരിയാർ തീരങ്ങളിൽനിന്നും ആളുകളെ മാറ്റിപ്പർപ്പിക്കാനുള്ള ദുരിതാശ്വാസ കേന്ദ്രങ്ങൾ വണ്ടിപ്പെരിയാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കി. വീടുകളിൽ വെള്ളംകയറി അടിയന്തര സാഹചര്യം ഉണ്ടായാൽ ക്യാമ്പ് പ്രവർത്തിക്കുന്നതിനായി സെന്റ് ജോസഫ് സ്കൂൾ, മോഹനം ഓഡിറ്റോറിയം, ജുമാ മസ്ജിദ് ഹാൾ, വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, വണ്ടിപ്പെരിയാർ ശ്രീശക്തി നിലയം, മ്ലാമല ഹെൽത്ത് സെൻറർ, ചന്ദ്രവനം എസ്റ്റേറ്റ് എന്നിവിടങ്ങളിൽ ക്യാമ്പ് തുറക്കുന്നതിന് വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ കഴിയുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ പറഞ്ഞു.









0 comments