ഉല്‍പ്പാദനക്കുറവ്: വില 180 രൂപ
മഞ്ഞള്‍ തിളങ്ങുന്നു

കട്ടപ്പന
ഉൽപ്പാദനം കുത്തനെ ഇടിഞ്ഞതോടെ മഞ്ഞളിന് ഭേദപ്പെട്ട വില. ഉണങ്ങിയ മഞ്ഞളിന് 180 രൂപ വിലയുണ്ട്. പച്ചമഞ്ഞളിന് 20 രൂപയും. വർഷാരംഭത്തിൽ വില 220 വരെ എത്തിയിരുന്നു. കഴിഞ്ഞവർഷം 110 മുതൽ 120 വരെയായിരുന്നു വില. ആഭ്യന്തര വിപണിയിൽ വരവ് കുറഞ്ഞതും ഉണങ്ങിയ നാടൻ മഞ്ഞൾ കിട്ടാനില്ലാത്തതുമാണ് വില വർധനയ്ക്ക് കാരണം. ഹൈറേഞ്ചിൽ ഒന്നര പതിറ്റാണ്ട് മുമ്പുവരെ ഇഞ്ചിപോലെ വൻതോതിൽ ഇടവിളയായി മഞ്ഞൾ കൃഷിചെയ്തിരുന്നു. പിന്നീട് തുടർച്ചയായ വിലയിടിവിനെ തുടർന്ന് കൃഷി ആദായകരമല്ലാത്തതിനാൽ ഭൂരിഭാഗം കർഷകരും ഉപേക്ഷിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ 40 ശതമാനത്തിലേറെ ഉൽപ്പാദനക്കുറവുണ്ട്. നാടൻ മഞ്ഞൾ ഉൽപ്പാദനം വൻതോതിൽ കുറഞ്ഞു. തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് മഞ്ഞളെത്തുന്നുണ്ട്. ഇവിടെയും ഉൽപ്പാദനം കുറഞ്ഞത് വില വർധനയ്ക്ക് കാരണമായി. മറ്റ് വിളകളെ അപേക്ഷിച്ച് ആദായകരമല്ലാത്തതിനാലാണ് മഞ്ഞൾകൃഷി ഉപേക്ഷിക്കുന്നത്. ഒരുകിലോ ഉണക്ക മഞ്ഞൾ ലഭിക്കാൻ ശരാശരി ഏഴ് കിലോ പച്ചമഞ്ഞൾ വേണ്ടിവരും. പാചകത്തിന് പുറമെ സൗന്ദര്യവർധക വസ്തുക്കൾ ഉൽപ്പാദിപ്പിക്കാനും മരുന്നിനുമാണ് മഞ്ഞൾ പ്രധാനമായും ഉപയോഗിക്കുന്നത്.








0 comments