ഞങ്ങടെ മുനിസിപ്പൽ വികസനം ഇങ്ങനല്ല

malanadan
വെബ് ഡെസ്ക്

Published on Nov 03, 2025, 12:15 AM | 1 min read

അടവുപിഴച്ചിൽ ആകെ പിഴയ്‍ക്കും. പിന്നെയൊരു മെഴുകലാണ്. പ്രശ്നം വികസനമാണ്. സർക്കാർ തദ്ദേശ സ്ഥാപനങ്ങളില്‍ വികസന സദസ്സുകൾ നടത്തിയപ്പോള്‍ കട്ടപ്പന നഗരസഭ ഭരണസമിതിയങ്ങ് ബഹിഷ്‍കരിച്ചു. തെറ്റുപറയാൻ പറ്റില്ല, വികസനമൊന്നും നടത്താതെ എങ്ങനെ സദസ്സിലിരിക്കും, നാട്ടുകാര് ചോദിക്കൂലേ?. മാലോകരോട് പറയാൻ മുനിസിപ്പാലിറ്റിക്ക് സ്വന്തമായി ഒന്നുമില്ലെങ്കിലും വികസന പെരുമഴക്കാലമെന്ന് ഉച്ചഭാഷിണിയിലൂടെ വിളംബരം ചെയ്യുന്നുണ്ട്. ഒപ്പം കെപിസിസി പ്രസിഡന്റിനെ പങ്കെടുപ്പിച്ച കൺവൻഷനും. നുണയ്‍ക്ക് കാലില്ലെന്നാണ് ചൊല്ല്. ചോർന്നൊലിച്ചും പ്രാവിൻ കാഷ്‍ടത്തിൽ കുതിർന്നും ടെർമിനൽ സ്റ്റാൻഡ് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. യാത്രക്കാർ സൂക്ഷിച്ചില്ലെങ്കിൽ നിലയടിച്ച് വീഴും. ഇരുന്നാൽ കമ്പിയും കയറും. വൻ തുകയ്‍ക്ക് മുറികൾ വ്യാപാരികൾക്ക് ലേലം ചെയ്‍തിട്ടുണ്ട്. ഒന്നിലും ശൗചാലയമോ കുളിമുറിയോ ഇല്ല. 'ആ'ശങ്ക മാറ്റാൻ വേറെ വഴിനോക്കൂ, എത്ര 'മുട്ടിയാലും' തങ്ങളുടെ കണ്ണ് തുറക്കില്ലെന്നതാണ് കട്ടപ്പന നഗരസഭാ ഭരണക്കാരുടെ അവസ്ഥ. എങ്കിലും കിട്ടി കേന്ദ്രത്തിന്റെ 'സ്റ്റാർ'. വീണുകിട്ടിയ സൗഭാഗ്യം ഫ്ലക്‍സാക്കി നിരത്തുകയുംചെയ്‍തു. പരിധിയിലെ റോഡുകളെല്ലാം കുളമാണ്. ഒരു പൊതുപാർക്കോ വിശ്രമ കേന്ദ്രമോ ഇല്ല. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയപ്പോള്‍ മാലോകർ കാണേ ടൗൺപരിസരം മിനുക്കല്‍. രണ്ട് കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിലാണ് 'പണി'. ഉത്സാഹമുണ്ടെങ്കിൽ അത്താഴമുണ്ണാം, കൈയനങ്ങിയാലേ വായനങ്ങൂ, എന്നപോലെ കമ്മീഷനും കൈയാങ്കളിയുമെല്ലാമായാണ് 'വികസനം', ലക്ഷ്യം തെരഞ്ഞെടുപ്പിനുള്ള സ്വരുക്കൂട്ടൽ. മുനിസിപ്പൽ ഓഫീസിന് ചുറ്റും ടൈൽ പാകൽ, പൊളിക്കൽ പരമ്പരയായിരുന്നു ഒരു വികസനം. ടൗൺ ഹാൾ നവീകരണം നീണ്ട് കാലങ്ങളറിയാതെ പോയി. സ്ട്രക്ചററെല്ലാം നിലനിർത്തിയായിരുന്നു മിനുക്കൽ. വാടക കുത്തനെ കൂട്ടി, കമീഷൻ വേറെയും. ഗാന്ധിയെ കൈയിൽ മുറുകെപ്പിടിച്ചുള്ള പണിയല്ലാതെ മറ്റ് വികസനമൊന്നുമില്ല. കെട്ടിട പെർമിറ്റിന് ചില ഉദ്യോഗസ്ഥരടങ്ങിയ കമീഷൻ ലോബിതന്നെയുണ്ട്. ഇപ്പോൾ അടുത്ത കേസരിയോഗത്തിനായുള്ള യജ്ഞത്തിലാണ് കെപിസിസി പ്രസിഡന്റിനെ മുഖം കാണിക്കലെല്ലാം. വർക്കുകളുടെ ടെൻഡറുകള്‍ ഇഷ്‍ടക്കാർക്ക് സംവരണം ചെയ്‍തിട്ടുണ്ട്. അഴിമതിയും ബന്ധുപക്ഷപാതവും ക്രമക്കേടുമാണെങ്കിലും എല്ലാം മൂടിവയ്ക്കാനും വാർത്തയാകാതിരിക്കാനുള്ള വിദ്യകളും താപ്പാനകൾക്ക് വശമുണ്ടത്രെ.



deshabhimani section

Related News

View More
0 comments
Sort by

Home