25,500 കുടുംബങ്ങൾക്ക്‌ ലെെഫായി

life
avatar
കെ ടി രാജീവ്‌

Published on Oct 29, 2025, 12:51 AM | 2 min read

ഇടുക്കി

എല്ലാവർക്കും വീടെന്ന ലക്ഷ്യത്തോടെ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്ന ലൈഫ്‌ ഭവന പദ്ധതി ജില്ലയിൽ വൻ കുതിപ്പ്‌. സന്പൂർണ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇതുവരെ 25,500 വീടുകൾ നിർമിച്ച്‌ ഗുണഭോക്താക്കൾക്ക്‌ നൽകി കഴിഞ്ഞു. 7378 വീടുകളുടെ നിർമാണം അവസാന ഘട്ടത്തിൽ. ഇതുകൂടി പൂർത്തിയാകുന്പോൾ 32,878 കുടുബങ്ങൾക്ക്‌ വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്ന ചരിത്രംകുറിക്കും. 2017 മുതൽ 25 വരെ വിവിധ ഘട്ടങ്ങളിലായാണ്‌ നിർമാണം പൂർത്തീകരിച്ച്‌ വീടും സ്ഥലവും ഇല്ലാത്തവർക്ക്‌ സർക്കാർ കൈത്താങ്ങായത്‌. പൂർത്തിയാക്കിയ വീടുകൾക്കായി 1164.56 കോടി രൂപ ചെലവായി. അഞ്ച്‌ ഭവന സമുച്ചയങ്ങളിൽ രണ്ടെണ്ണം പൂർത്തിയാക്കാനായി. അടിമാലി, കരിമണ്ണൂർ ഭവന സമുച്ലയമായ ഫ്ലാറ്റുകളിൽ 246 ഭവന രഹിതരെ പുനരധിവസിപ്പിക്കാനായി. തെരുവിലും റോഡ്‌ പുറന്പോക്കുകളിലും വഴിയോരങ്ങളിലും കഴിഞ്ഞിരുന്ന സ്ഥലവും പാർപ്പിടവുമില്ലാത്ത പാർശ്വവൽക്കരിക്കപ്പെട്ടുകിടന്നവർക്കാണ്‌ സർക്കാർ അന്തിയുറങ്ങാൻ തണലും സംരക്ഷണവും ഒരുക്കിയത്‌. കാഞ്ചിയാർ, വാത്തിക്കുടി പഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയിലും ഇത്തരം പാർപ്പിട സമുച്ചയത്തിന്റെ നിർമാണം പുരോഗമിച്ചുവരികയാണ്‌.

നിർമാണം വിവിധ 
ഘട്ടങ്ങളിലൂടെ

ഭവനരഹിതരില്ലാത്ത കേരളം എന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിർത്തി വിവിധ ഘട്ടങ്ങളിലായാണ്‌ നിർമാണം പൂർത്തിയാക്കിയതും തുടരുന്നതും. വിവിധ വകുപ്പുകൾവഴി നിർമാണം തുടരാൻ കഴിയാതെ പോയതാണ്‌ ഒന്നാംഘട്ടത്തിൽ പൂർത്തിയായത്‌. ഇതിലൂടെ ജില്ലയിൽ 3140 വീടുകൾ പൂർത്തിയാക്കാനായി. ഭൂമിയുണ്ടെങ്കിലും വീടില്ലാത്തവരുടെ ലിസ്‌റ്റാണ്‌ ലണ്ടാംഘട്ടമായി പരിഗണിച്ചത്‌. രണ്ടാംഘട്ടം 10,495വീടുകർ നിർമിച്ച്‌ ഗുണഭോക്താക്കൾക്ക്‌ കൈമാറി. ഭൂ മിയും വീടുമില്ലാത്തവരെയാണ്‌ മൂന്നാംഘട്ടം ലൈഫിൽ പരിഗണിച്ചത്‌. ഇത്തരത്തിൽ ജില്ലയിൽ 1675 വീടുകളും പൂർത്തിയാക്കി. നാലാംഘട്ടമായി എസ്‌സി, എസ്‌ടി, ഫിഷറീസ്‌ വകുപ്പുകൾ 1985വീടുകളാണ്‌ നൽകിയത്‌. ലൈഫ്‌ 2020ൽ 1980 വീടുകളും ഇപിഇപിയിൽ 228 വീടുകളും പിഎംഎവൈ നഗരമേഖലയിൽ 1930 വീടുകളും ഗ്രാമീണ മേഖലയിൽ 1858 വീടുകളും പൂർത്തിയാക്കി. കൂടാതെ മറ്റ്‌ വിവിധ വകുപ്പുകളിലായി 1963 വീടുകളും പൂർത്തിയാക്കാനായി. ​

മുന്നിൽ 10 പഞ്ചായത്തുകൾ

അഞ്ഞൂറിനുമേൽ വീടുകളുടെ നിർമാണം പൂർത്തീകരിച്ച 10 പഞ്ചായത്തുകളാണ്‌ ജില്ലയിലുള്ളത്‌. അടിമാലി– 1261, വണ്ടിപ്പെരിയാർ– 1151, മറയൂർ– 906, ഉപ്പുതറ– 812, ഏലപ്പാറ– 785, കാന്തല്ലൂർ– 649, കുമളി– 609, വട്ടവട– 577, പീരുമേട്‌– 574, മാങ്കുളം– 560 എന്നീ ക്രമത്തിലാണ്‌ വീടുകൾ പൂർത്തീകരിച്ചിട്ടുള്ളത്‌. സംസ്ഥാന ബജറ്റ്‌ വിഹിതവും ത്രിതല പദ്ധതി വിഹിതവും ഹഡ്‌കോ വായ്‌യും ഉൾപ്പെടെയുള്ള ധനസഹായ മാർഗങ്ങളാണ്‌ പ്രധാനമായും നിർമാണത്തിനായി വിനിയോഗിക്കുന്നത്‌. മറ്റ്‌ പഞ്ചായത്തുകളും മുന്നേറുകയാണ്‌. വീടില്ലാത്തവർക്കെല്ലാം പാർക്കാൻ സുരക്ഷിതമായൊരിടമെന്ന പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും സ്വപ്‌നമാണ്‌ യാഥാർഥ്യമായത്‌. ഒപ്പം അടച്ചുറപ്പുള്ള വീട്ടിൽ അന്തസാർന്ന ജീവിതവും. അവശേഷിക്കുന്ന വീടുകളുടെ നിർമാണം ഉടൻ പൂർത്തീകരിക്കുമെന്ന് ലെെഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സബൂറാബീവി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home