കൊളുക്കുമലയെന്ന കാഴ്‌ചക്കൊളുന്ത്

കൊളുക്കുമലയിൽനിന്നുള്ള ദൃശ്യം
ബേബിലാൽ
Published on Jul 14, 2025, 12:30 AM | 1 min read
രാജാക്കാട്
മഞ്ഞുപാളികൾ മെത്തവിരിയ്‌ക്കുന്ന കുളിർപ്രഭാതങ്ങൾ, മേഘങ്ങൾ ചുവപ്പിൻ പട്ടണിയുന്ന സായാഹ്നങ്ങൾ, ഒരു ചിത്രകാരന്റെ ഭാവനയിലെന്ന പോലെ പ്രകൃതി ഛായം പൂശുന്ന ആകാശ ക്യാൻവാസ്– കൊളുക്കുമല സഞ്ചാരികൾക്ക് ‘ഓഫർ’ ചെയ്യുന്ന കാഴ്‌ചകൾ ഇവയൊക്കെയാണ്. സമുദ്രനിരപ്പിൽനിന്ന് 8000 അടിയോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊളുക്കുമല ട്രക്കിങ് പ്രേമികളുടെ പറുദീസയിലേക്കുള്ള കവാടമാണ്. കേരളത്തിനും തമിഴ്‌നാടിനുമിടയിൽ തലയുയർത്തി നിലക്കുന്ന കൊളുക്കുമല അനിർവചനീയ അനുഭൂതികൾ സമ്മാനിക്കുന്ന കലവറയാണ്.
ഉദയാസ്‌തമയങ്ങൾ
കൊളുക്കുമലയിലെ സൂര്യോദയകാഴ്ചകൾ പ്രസ്തമാണ്. പഞ്ഞിമേഘക്കെട്ടുകൾ മെത്തകളായി രൂപാന്തരപ്പെടുന്നതിനു മുകളിലേക്കാണ് സൂര്യൻ വന്നുദിക്കുന്നത്. വെളിച്ചം വീഴുന്നതിനുസരിച്ച് അകലെ മലനിരകൾ തെളിയും. മലകൾക്കിടയിലൂടെ തേയിലത്തോട്ടങ്ങളുടെ പച്ചപ്പ് ഒഴുകിയിറങ്ങും. സ്വദേശികളും വിദേശികളും ഉൾപ്പെടെ ലക്ഷക്കണക്കിന് സഞ്ചാരികളാണ് സൂര്യോദയം ആസ്വദിക്കാനെത്തുന്നത്. ഉദയക്കാഴ്‌ചയ്‌ക്കായി മലമുകളിൽ ടെന്റുകെട്ടി ഉറങ്ങുന്നവരും നിരവധിയാണ്. ഇവിടത്തെ സായാഹ്നവും രാത്രിയുമെല്ലാം മറ്റൊരനുഭവമാണ്. മലനിരകളെയും മേഘക്കീറുകളെയും ചുവപ്പിച്ച് സൂര്യൻ മലമടക്കുകളിലേക്ക് പതിയെ താഴ്‌ന്നിറങ്ങും. രാത്രിയിൽ തേനി ബോഡിനായ്ക്കന്നൂർ നഗരത്തിലെ നിശാവെളിച്ചം മനസ്സുനിറയ്‌ക്കും. രാത്രി വേളകൾകൂടുതൽ ഉല്ലാസഭരിതമാക്കാൻ സന്ദർശകർക്കായി ക്യാമ്പ്‌ഫയർ, ലൈവ് മ്യൂസിക്ക്, സിപ്‌ലൈൻ, ബാർബിക്യു തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
കൊളുന്തുനുള്ളാം
75 വർഷത്തിലേറെ പഴക്കമുള്ള തേയില ഫാക്ടറിയാണ് കൊളുക്കുമലയിലെ മറ്റൊരു കാഴ്ച. 1935ൽ ഇംഗ്ലണ്ടിൽനിന്ന് കൊണ്ടുവന്ന യന്ത്രങ്ങൾ ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ തേയില കൊളുന്തുകൾ സംസ്‌കരിക്കുന്ന ഫാക്ടറിയാണിത്. കോട്ട ഗുഡി പ്ലാന്റേഷനാണ് നിലവിലെ ഉടമസ്ഥർ. 2007ൽ ഗോൾഡൻ ലീഫ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്.
ട്രക്കിങ് അനുഭവം
മൂന്നാർ പട്ടണത്തിൽനിന്ന് 35 കിലോമീറ്റർ ദൂരെയുള്ള കൊളുക്കുമലയിലേക്ക് റോഡുമാർഗം കേരളത്തിലൂടെ മാത്രമേ പ്രവേശനമുള്ളൂ. 17 കിലോമീറ്ററോളം ദുർഘട പാതയിലൂടെ ഒന്നരമണിക്കൂർ യാത്രയുണ്ട്. ഓഫ്‌റോഡ് ജീപ്പിൽ മാത്രമേ കൊളുക്കുമലയിലെത്താനാവൂ. മീശപ്പുലിമല, തീപ്പാടമല തുടങ്ങിയവ കൊളുക്കുമലയുടെ പ്രാന്തങ്ങളിലാണ്. ഉരുളൻ കല്ലുകൾ നിറഞ്ഞ പാതയിലൂടെയുള്ള ഓഫ്റോഡ് യാത്ര മറക്കാനാവാത്ത അനുഭവമാണ്. സവാരി നടത്തുന്ന 242 ജീപ്പുകളുണ്ട്. മൂന്ന് മാസത്തിലൊരിക്കൽ നെടുങ്കണ്ടം ആർടിഒ വാഹനങ്ങൾ പരിശോധിച്ച് ക്ഷമത ഉറപ്പുവരുത്തി സ്റ്റിക്കർ നൽകിവരുന്നു. പ്രത്യേക പരിശീലനം നേടിയ ഡ്രൈവർമാരാണ് ഇവിടെയുള്ളത്. ആറുപേർക്ക് 3000 രൂപയാണ് നിരക്ക്.









0 comments