പ്രതീക്ഷയോടെ താരങ്ങള്‍
കെസിഎല്ലിൽ തിളങ്ങാൻ ഇടുക്കിയുടെ മിടുക്കന്മാര്‍

നിധിൻ രാജു
Published on Jul 26, 2025, 12:00 AM | 2 min read
ഇടുക്കി
കുട്ടിക്രിക്കറ്റിന്റെ ആവേശം ആവാഹിച്ച് കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിന് പിച്ചൊരുങ്ങി. താരലേലത്തിൽ വൻ തുകയെറിഞ്ഞ് ടീമുകള്‍ ഇഷ്‌ടതാരങ്ങളെ കൂടാരത്തിലെത്തിച്ചുകഴിഞ്ഞു. ആഗസ്‌ത് 22 മുതൽ സെപ്‌തംബർ ഏഴുവരെയാണ് ലീഗ്. രണ്ടാം സീസണിൽ സച്ചിൻ ബേബി, അഖിൽ സ്‌കറിയ, ജോബിൻ ജോബി, ആനന്ദ് ജോസഫ്, അജു പൗലോസ് എന്നിവര്‍ ഇടുക്കിയുടെ സാന്നിധ്യമാകും. ഇവര്‍ തീര്‍ക്കുന്ന റണ്‍മലയ്‍ക്കും എറിഞ്ഞിടുന്ന വിക്കറ്റുകള്‍ക്കും ഫീല്‍ഡിലെ മിന്നലാട്ടങ്ങള്‍ക്കും കൈയടിക്കാൻ മലയോരവും റെഡി.
ക്യാപ്‌റ്റൻ സച്ചിൻ
കഴിഞ്ഞ സീസണിൽ ക്യാപ്‌റ്റൻ സച്ചിൻ ബേബിയുടെ മികവിലായിരുന്നു ഏരീസ് കൊല്ലം സെയിലേഴ്സ് കപ്പുയർത്തിയത്. കൂടുതൽ റൺസുമായി ടൂർണമെന്റിലെ മികച്ച ബാറ്ററായതും 37കാരൻ തന്നെ. 12മത്സരങ്ങളിൽനിന്ന് രണ്ട് സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറിയുമായി 528 റൺസ്. ഫൈനലിൽ കലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് ഉയർത്തിയ കൂറ്റൻ ലക്ഷ്യം മറികടന്ന് കൊല്ലം കപ്പുയർത്തിയപ്പോള്‍ 54പന്തിൽ 105റൺസുമായി പുറത്താകാതെനിന്നു. സച്ചിനെ 7.5 ലക്ഷം നൽകിയാണ് കൊല്ലം നിലനിർത്തിയത്. ഐപിഎല്ലിൽ വിവിധ ഫ്രാഞ്ചൈസികൾക്കായി കളിച്ചിട്ടുള്ള സച്ചിൻ ഏറെനാളായി കേരള ക്യാപ്‍റ്റനുമാണ്. രഞ്ജിട്രോഫിയില്‍ ആദ്യമായി കേരളം ഫൈനല്‍ കളിച്ചതും സച്ചിന് കീഴില്‍. അടിമാലി മച്ചിപ്ലാവ് സ്വദേശിയാണ്.
ഓൾറൗണ്ടർ അഖിൽ
കലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനായി ബാറ്റ് കൊണ്ടും പന്തുകൊണ്ടും തിളങ്ങിയ താരമാണ് അഖിൽ സ്‌കറിയ. 12മത്സരങ്ങളിൽനിന്ന് 25വിക്കറ്റ് വീഴ്‌ത്തിയ അഖിലായിരുന്നു കഴിഞ്ഞ സീസണിലെ മികച്ച ബൗളർ. ഒരു അർധ സെഞ്ചുറിയടക്കം ബാറ്റിങ്ങിലും 27കാരൻ തിളങ്ങി. അണ്ടർ 14തലം മുതൽ കേരള ക്രിക്കറ്റിന്റെ ഭാഗമായ അഖിൽ കെസിഎ അക്കാദമിയിലൂടെയാണ് വളർന്നത്. 3.75 ലക്ഷത്തിനാണ് അഖിലിനെ കലിക്കറ്റ് നിലനിർത്തിയത്. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയാണ്.
എമർജിങ് സ്റ്റാർ
ആദ്യ സീസണിൽ മികച്ച പ്രകടനം നടത്തിയ ജോബിൻ ജോബിയെ കൊച്ചി ബ്ലൂ ടൈഗേഴ്സ് നിലനിർത്തുകയായിരുന്നു. 85,000രൂപയ്‍ക്കാണ് കൊച്ചി 19കാരനെ സ്വന്തമാക്കിയത്. 10മത്സരങ്ങിൽനിന്ന് രണ്ട് അർധ സെഞ്ചുറിയടക്കം 252 റൺസായിരുന്നു ജോബിന്റെ സമ്പാദ്യം. കൊച്ചിക്കായി കൂടുതൽ റൺസ് നേടിയവരിൽ രണ്ടാമൻ. ബാറ്റിങ്ങിനൊപ്പം ബോളിങ്ങിലും തിളങ്ങിയ ജോബിൻ കെസിഎ പ്രസിഡൻസ് കപ്പിൽ പരമ്പരയുടെ താരമായും ബെസ്റ്റ് പ്രോമിസിങ് യങ്സ്റ്ററായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയാണ്.
വിക്കറ്റ് ടേക്കർ ആനന്ദ്
കഴിഞ്ഞ സീസണിൽ ആലപ്പി റിപ്പിൾസിനായി കളിച്ച ആനന്ദ് ജോസഫ് ഇത്തവണ തൃശൂരിന് വേണ്ടിയാണ് കളത്തിലിറങ്ങുക. 1.10 ലക്ഷം രൂപയ്‌ക്കാണ് തൃശൂർ ആനന്ദിനെ സ്വന്തമാക്കിയത്. ആദ്യപതിപ്പിൽ 10 വിക്കറ്റുകള്‍ നേടി. ആലപ്പിക്കുവേണ്ടി കൂടുതൽ വിക്കറ്റുകൾ നേടിയവരുടെ പട്ടികയിൽ രണ്ടാമൻ. 30കാരനായ ആനന്ദ് നെടുങ്കണ്ടം കല്ലാർ സ്വദേശിയാണ്.
വരവറിയിക്കാൻ അജു
അജു പൗലോസിന് കന്നിയങ്കമാണ്. തൃശൂര്‍ ടൈറ്റൻസിന് വേണ്ടിയാണ് പാഡണിയുക. 75,000 രൂപയ്‍ക്കാണ് തൃശൂർ അജുവിനെ ടീമിലെത്തിച്ചത്. 29കാരൻ ബാറ്റര്‍ അടിമാലി മച്ചിപ്ലാവ് സ്വദേശിയാണ്. എം എസ് നായർ ട്രോഫിയിൽ -എറണാകുളം ഗ്ലോബ് സ്റ്റാർസിനായി സെഞ്ചുറിയും എൻഎസ്‌കെ ട്രോഫിയിൽ അർധസെഞ്ചുറിയും കുറിച്ചിരുന്നു. വിവിധ ആഭ്യന്തര ലീഗുകളിൽ മികച്ച പ്രകടനങ്ങൾ കാഴ്‌ചവച്ചിട്ടുണ്ട്.









0 comments