കട്ടപ്പന
ഇരട്ടയാര്‍ മാക്കപ്പടിയില്‍ നിര്‍മിച്ച ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ കമ്യൂണിറ്റി ഹാളും പകല്‍വീടും ലൈബ്രറിയും എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്തു. മേഖലയിലെ താമസക്കാരുടെ ചിരകാല സ്വപ്‌നമാണ് യാഥാര്‍ഥ്യമായത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 75 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നിറണാക്കുന്നേല്‍ അധ്യക്ഷനായി. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി, ബ്ലോക്ക് പഞ്ചായത്തംഗം ലാലച്ചന്‍ വെള്ളക്കട, പഞ്ചായത്തംഗം ജിന്‍സണ്‍ വര്‍ക്കി തുടങ്ങിയവര്‍ സംസാരിച്ചു.
ഇരട്ടയാര്‍ പഞ്ചായത്തിലെ 14, 4 വാര്‍ഡുകളുടെ അതിര്‍ത്തി പ്രദേശമായ മാക്കപ്പടിയില്‍ ഓഡിറ്റോറിയത്തിന്റെ അഭാവം ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. വിവാഹവും മറ്റ് ചടങ്ങുകളും നടത്തണമെങ്കില്‍ ഇരട്ടയാറില്‍ എത്തണം. ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ജില്ലാ പഞ്ചായത്തംഗം കെ ജി സത്യനാണ് തുക അനുവദിച്ചത്. ഇരട്ടയാര്‍ പഞ്ചായത്തിന്റെ സ്ഥലത്താണ് നിര്‍മാണം. പകല്‍ വീടിനൊപ്പം ലൈബ്രറിയും ഇവിടെയുണ്ട്. ഹാളിന്റെ വൈദ്യുതീകരണം, ചുറ്റുമതില്‍ നിര്‍മാണം, തറയോട് പതിക്കല്‍ എന്നിവയ്ക്കായി 30 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
0 comments