വളം സബ്‌സിഡി വെട്ടിക്കുറയ്ക്കല്‍
കേന്ദ്രത്തിന്റെ കര്‍ഷക ദ്രോഹത്തിനെതിരെ കര്‍ഷകസംഘം മാര്‍ച്ചും ധര്‍ണയും ഇന്ന്

കട്ടപ്പന
രാജ്യത്തെ കർഷകരെ ഒന്നടങ്കം പ്രതിസന്ധിയിലാക്കി, സബ്സിഡി വെട്ടിക്കുറച്ച് രാസവളം വില വർധിപ്പിച്ച മോദി സർക്കാർ നയത്തിനെതിരെ കേരള കർഷക സംഘം ചൊവ്വ രാവിലെ 10ന് കട്ടപ്പന, തൊടുപുഴ, നെടുങ്കണ്ടം ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കൽ മാർച്ചും ധർണയും നടത്തും. കട്ടപ്പനയിൽ അഖിലേന്ത്യ കിസാൻസഭ ദേശീയ സമിതിയംഗം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. കർഷകസംഘം സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം സി വി വർഗീസ്, നേതാക്കളായ മാത്യു ജോർജ്, ബേബി മാത്യു, പി ബി സബീഷ്, സിതാര ജയൻ എന്നിവർ സംസാരിക്കും. തൊടുപുഴയിൽ ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. പി പി ചന്ദ്രൻ, മുഹമ്മദ് ഫൈസൽ, ആശ വർഗീസ്, പി ഡി സുമോൻ എന്നിവർ സംസാരിക്കും. നെടുങ്കണ്ടത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ വി ബേബി ഉദ്ഘാടനം ചെയ്യും. ടി കെ ഷാജി, പി രവി, കെ ബി വരദരാജൻ, ജോളി ജോസ് എന്നിവർ സംസാരിക്കും. 2023–-- 24ൽ സബ്സിഡിക്ക് 2.51 ലക്ഷം കോടി രൂപ ചെലവഴിച്ചെങ്കിലും 2024-–- 25ലെ ബജറ്റിൽ 1.88 ലക്ഷം കോടിയായും 2025-26ൽ 1.67 ലക്ഷം കോടിയായും വെട്ടിച്ചുരുക്കി. രണ്ടുവർഷത്തിനിടെ കുറച്ചത് 84,000 കോടി രൂപയാണ്. മഴലഭ്യത കൂടിയതിനാൽ ഈവർഷം കൂടുതൽ രാസവളം ആവശ്യമായിരിക്കെ വില വർധിപ്പിച്ചത് കർഷകദ്രോഹമാണ്. ഇതോടെ, എല്ലാത്തരം കൃഷികൾക്കും ഉൽപാദനച്ചെലവ് വർധിക്കും. പൊട്ടാഷ് ചാക്കിന് 250 രൂപയും ഡൈ അമോണിയം ഫോസ്ഫേറ്റിന് 150 രൂപയും എൻപികെ(നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്) മിശ്രിതവളങ്ങൾക്ക് 250 രൂപയുമാണ് കൂട്ടിയത്. നെല്ലുൽപ്പാദനച്ചെലവ് ഒരേക്കറിന് 28,000ൽനിന്ന് 40,000 രൂപയായി വർധിച്ചു. 2022–-- 23ൽ 39,819 മെട്രിക് ടൺ ഫോസ്ഫേറ്റ് വളം കേരളത്തിൽ ഉപയോഗിച്ചിരുന്നെങ്കിൽ വില വർധനയെ തുടർന്ന് 2024-–- 25ൽ 33,210 മെട്രിക് ടൺ ആയി കുറഞ്ഞു. പൊട്ടാഷ് വളങ്ങളുടെ ഉപയോഗവും 64,751ൽനിന്ന് 59,989 മെട്രിക് ടണ്ണായി കുറഞ്ഞു. ഇത് വിളവിനെയും കർഷകരുടെ വരുമാനത്തെയും പ്രതികൂലമായി ബാധിച്ചതായും നേതാക്കൾ കുറ്റപ്പെടുത്തി. വാർത്താസമ്മേളനത്തിൽ കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു ജോർജ്, ഏരിയ സെക്രട്ടറി കെ എൻ വിനീഷ്‌കുമാർ, കെ പി സജി, പി പി സുരേഷ് എന്നിവർ പങ്കെടുത്തു.









0 comments