ഭൂനിയമ ഭേദഗതി
സംയുക്ത കര്‍ഷക സമിതി അഭിവാദ്യ പ്രകടനവും യോഗവും നാളെ

കട്ടപ്പന
ഭൂനിയമ ഭേദഗതി ചട്ടരൂപീകരണത്തിലൂടെ ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് സംയുക്ത കര്‍ഷക സമിതി ബുധന്‍ വൈകിട്ട് അഞ്ചിന് ജില്ലയിലെ 51 പഞ്ചായത്ത്, നഗരസഭ കേന്ദ്രങ്ങളില്‍ പ്രകടനവും യോഗവും നടത്തും. ലബ്ബക്കടയില്‍ കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാറും കൂട്ടാറില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും കരിമ്പനില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാറും ഉദ്ഘാടനം ചെയ്യും. നിയമഭേദഗതികളിലൂടെ പതിച്ചുനല്‍കിയ ഭൂമിയില്‍ ചട്ടവിരുദ്ധമായി നിര്‍മിച്ചിട്ടുള്ള നിര്‍മാണങ്ങള്‍ ക്രമവല്‍ക്കരിക്കാനുള്ള 7 ഒഎ പ്രകാരമുള്ള ചട്ടം മന്ത്രിസഭ അംഗീകരിച്ചിരിക്കുകയാണ്. പതിച്ചുകിട്ടിയ ഭൂമിയില്‍ ജീവനോപാധികള്‍ക്ക് വേണ്ടി വാണിജ്യ നിര്‍മാണങ്ങള്‍ നടത്താന്‍ അനുമതി നല്‍കാന്‍ 7 ഒബി പ്രകാരമുള്ള ചട്ടവും ഉടന്‍ പുറത്തിറങ്ങും. ഭൂപ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കപ്പെടുന്ന ഘട്ടത്തില്‍ യുഡിഎഫും ചില അരാഷ്ട്രീയ സംഘടനകളും അപവാദ പ്രചാരണം നടത്തുന്നു. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള ചട്ടം സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ സര്‍ക്കാരിനെ അറിയിക്കുന്നതിനുപകരം രാഷ്ട്രീയ ലാഭത്തിനായി വിവാദമുണ്ടാക്കുന്നു. നിയമവിധേയമായി നിര്‍മിച്ചിട്ടുള്ള വീടുകളെ ചട്ടം ബാധിക്കുന്നില്ല. 1964ലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നിര്‍മിച്ച കെട്ടിടങ്ങള്‍ മാത്രമേ ക്രമവല്‍ക്കരിക്കേണ്ടതുള്ളൂ. 3000 ചതുരശ്ര അടിക്കുമുകളിലുള്ള കെട്ടിടങ്ങള്‍ക്ക് മാത്രമാണ് ഫീസ് ബാധകം. ഇക്കാര്യത്തിലും സംഘടനകളുടെ അഭിപ്രായം സബ്ജക്ട് കമ്മിറ്റി പരിഗണിച്ചുവരുന്നു. എന്നാല്‍ ചട്ടത്തിന്റെ പകര്‍പ്പുകള്‍ കത്തിച്ച് കോണ്‍ഗ്രസ് ജനവിരുദ്ധ നിലപാട് തുടരുന്നു. സാധാരണക്കാരുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ് പുതിയ ചട്ടം. ഭൂപ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയ കരിനിയമങ്ങളെല്ലാം യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്താണ് നടപ്പാക്കിയത്. നിര്‍മാണങ്ങള്‍ പട്ടയ വ്യവസ്ഥയുടെ ലംഘനമാണെന്നുകാട്ടി കോടതിയെ സമീപിച്ചത് മാത്യു കുഴല്‍നാടനും കോണ്‍ഗ്രസ് നേതാക്കളുമാണ്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 2018ല്‍ നിര്‍മാണ നിരോധനമുണ്ടായി. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും മുതിര്‍ന്ന അഭിഭാഷകൻ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം കേരളത്തിനെതിരെ വാദിക്കുകയും സുപ്രീംകോടതി ഹൈക്കോടതി വിധി ശരിവയ്ക്കുകയുമായിരുന്നു. ഈ കര്‍ഷകവിരുദ്ധ വിധിയെ മറികടക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂനിയമ ഭേദഗതി ബില്‍ പാസാക്കി. എന്നാല്‍, ഇത് അട്ടിമറിക്കാന്‍ അരാഷ്ട്രീയവാദികളും യുഡിഎഫും ബിജെപിയും നടത്തുന്ന ഗൂഢനീക്കം തിരിച്ചറിയണം. രാഷ്ട്രീയമായി എല്‍ഡിഎഫിന് ഉണ്ടാകുന്ന ജനപ്രീതിയില്‍ വിറളിപൂണ്ട കോണ്‍ഗ്രസ് നടത്തുന്ന ജല്‍പ്പനങ്ങള്‍ ജനങ്ങള്‍ തളളുമെന്നും നേതാക്കൾ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ മാത്യു വര്‍ഗീസ്, കണ്‍വീനര്‍ റോമിയോ സെബാസ്റ്റ്യന്‍, മാത്യു ജോര്‍ജ്, കെ എന്‍ വിനീഷ്‌കുമാര്‍, ജോയി വടക്കേടത്ത്, ബിജു ഐക്കര എന്നിവര്‍ പങ്കെടുത്തു.








0 comments