ജനവാസ മേഖലയിലിറങ്ങി കൃഷി നശിപ്പിക്കുന്നു
എങ്ങും കാട്ടാനയാണ്: പീരുമേട്ടുകാര്‍ക്ക് ജീവിക്കണ്ടേ?

വർഗീസിന്റെ ഏലത്തോട്ടം പഞ്ചായത്ത് പ്രസിഡന്റ് ആർ ദിനേശൻ സന്ദർശിക്കുന്നു
പീരുമേട്
കാട്ടാന ശല്യം രൂക്ഷമായതോടെ പൊറുതിമുട്ടി പീരുമേട് നിവാസികൾ. പീരുമേട്, കുട്ടിക്കാനം, സിവിൽ സ്റ്റേഷൻ, കല്ലാർ വാർഡുകളിലെ 2000ഓളം കുടുംബങ്ങളാണ് ഭീതിയില്‍ കഴിയുന്നത്. രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാന ജനവാസ മേഖലയിലെത്തുകയാണ്. പകൽ ആന കൃഷിയിടങ്ങളിലെ മരക്കൂട്ടങ്ങൾക്കിടയിൽ തമ്പടിക്കുന്നതായും നാട്ടുകാർ പറയുന്നു. കഴിഞ്ഞ എട്ടുവർഷമായാണ് ആന ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നത്. മുമ്പ് ശബരിമല സീസണിൽ പടക്കം പൊട്ടിക്കുന്ന ഘട്ടങ്ങളിൽ മീൻമുട്ടി വനപ്രദേശത്ത് എത്തിയിരുന്നു. ഇത് ജനവാസ കേന്ദ്രത്തില്‍നിന്ന് നാലുകിലോമീറ്റര്‍ ഉള്ളിലാണ്. പല കൂട്ടങ്ങളിലായി 20ലേറെ ആനകൾ ഒരേസമയം ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നുണ്ട്. പീരുമേട് വനാതിർത്തിയോട് ചേർന്ന 5.5 കിലോമീറ്ററോളം പ്രദേശത്തും ആനശല്യം രൂക്ഷമാണ്. അതിർത്തികടന്ന് ദേശീയപാതയിൽ വരെ ആനയെത്തുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് പട്ടാപ്പകൽ ദേശീയപാതയോരത്ത് സ്കൂൾ കുട്ടികൾക്ക് മുന്നിലുമെത്തി. കുട്ടികൾ തലനാരിഴയ്‍ക്കാണ് രക്ഷപ്പെട്ടത്. നൂറുകണക്കിന് ആളുകളുടെ കൃഷിയിടങ്ങളിൽ വലിയ നഷ്ടമാണുണ്ടാക്കിയത്. ആളുകള്‍ കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയിലാണ്. വർഗീസിന് നഷ്ടം ലക്ഷങ്ങൾ കഴിഞ്ഞദിവസം പീരുമേട് തോട്ടാപ്പുരയിൽ കൊച്ചിലാത്ത് വർഗീസിന്റെ ഏലത്തോട്ടത്തിൽ കയറിയ കാട്ടാനകള്‍ ചവിട്ടിമെതിച്ചത് നൂറുകണക്കിന് ചെടികള്‍. വിളവെടുക്കാൻ പാകമായ ഏലച്ചെടികളാണ് ഇല്ലാതാക്കിയത്. തോട്ടാപ്പുരയിൽ പാട്ടത്തിന് എടുത്തത് ഉൾപ്പെടെ 2.5 ഏക്കറിലാണ് വർഗീസിന്റെ ഏലകൃഷി. ലക്ഷങ്ങളുടെ നഷ്‍ടമാണ് വര്ഗീസിനുണ്ടായത്. ആർആർടിയെ നിയോഗിക്കണം ആനശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ റോഡും സ്ഥലവും പരിചിതരായ പ്രദേശവാസികളെ ഉൾപ്പെടുത്തി ആർആർടിയെ നിയോഗിക്കണമെന്ന് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ ദിനേശൻ പറഞ്ഞു. ഇവര്‍ക്കാവശ്യമായ പരിശീലനം നല്‍കണം. നിലവിലുള്ള ആർആർടിയില്‍ പുറത്തുനിന്നുള്ളവർ ആയതിനാൽ പ്രദേശത്തിന്റെ പ്രത്യേകതകൾ അറിയില്ല. ആനയെ ഓടിക്കാൻ വൈദഗ്ധ്യവുമുള്ളവരല്ല. ജനവാസ മേഖലയില്‍ ആനയിറങ്ങുന്നത് തടയാൻ 5.5 കിലോമീറ്റർ ഫെൻസിങ് പൂർത്തിയാക്കണം. ഇതിന് 68 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു, ആർ ദിനേശൻ പറഞ്ഞു.









0 comments