സ്ഥാനാര്‍ഥി പ്രഖ്യാപനം
തപ്പിത്തടഞ്ഞ് യുഡിഎഫ്


സ്വന്തം ലേഖകൻ
Published on Nov 20, 2025, 12:15 AM | 1 min read
ഇടുക്കി
സ്ഥാനാര്‍ഥി നിര്‍ണയം യുഡിഎഫിന് ബാലികേറാമലയാകുന്നു. ജില്ലാ പഞ്ചായത്തിലേക്കോ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലേക്കോ സ്ഥാനാര്‍ഥികള്‍ ഇതുവരെ പൂര്‍ണമായിട്ടില്ല. എല്‍ഡിഎഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ മുന്നണി തീരുമാനമായി അവതരിപ്പിച്ച് പ്രചാരണവും തുടങ്ങിയിട്ടും തങ്ങളിലെ അനൈക്യം കാരണം യുഡിഎഫില്‍ ഇത് നീളുകയാണ്. ചര്‍ച്ചകളും യോഗങ്ങളും വെറുതേയാകുന്ന കാഴ്‍ചയാണ് യുഡിഫ് ക്യാമ്പില്‍. ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷൻ സീറ്റ് മുസ്ലിംലീഗിന് കിട്ടിയേക്കില്ല.
വെള്ളത്തൂവല്‍ സീറ്റ് കേരള കോണ്‍ഗ്രസിനും ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. കരിമണ്ണൂര്‍ സീറ്റിന് കോണ്‍ഗ്രസില്‍ തന്നെ അവകാശികള്‍ ഒന്നിലേറെയാണ്. നിലവിലെ അംഗത്തെ മത്സരിപ്പിക്കാൻ മുകളില്‍നിന്ന് സമ്മര്‍ദ്ദമുണ്ടെങ്കിലും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഈ സീറ്റിനായി പിടിമുറുക്കിയെന്നാണ് സൂചന. അതിനിടയിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയും. ജില്ലാ പഞ്ചായത്തിലേക്ക് അടക്കം 50പേരുടെ പട്ടികയാണ് നേതൃത്വത്തിന് സമര്‍പ്പിച്ചത്. ജില്ലാ പഞ്ചായത്തില്‍ ഇതില്‍നിന്ന് പരമാവധി രണ്ടുപേരെയെ പരഗിണിക്കാൻ സാധ്യതയുള്ളു. സീറ്റ് സംബന്ധിച്ച തര്‍ക്കവും സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതും യുഡിഎഫിലെ മറ്റൊരു വിഭാഗത്തിന് കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. മറ്റ് മുന്നണികള്‍ ഒരു റൗണ്ട് പ്രചാരണം തീര്‍ക്കുന്ന സാഹചര്യമുള്ളപ്പോഴും ഇതുവരെ സ്ഥാനാര്‍ഥികള്‍ ആവാത്തത് പ്രകടനത്തെ ബാധിച്ചേക്കുമെന്നാണ് ആശങ്ക. അതിനിടെ തൊടുപുഴ നഗരസഭ സ്ഥാനാര്‍ഥികളെ ലീഗ് മാത്രമായി പ്രഖ്യാപിച്ചതും മുന്നണി അനൈക്യം പ്രകടമാക്കുന്നു.








0 comments