മാലിന്യമുക്ത മൂന്നാറിനായി
ഒരുങ്ങുന്നു ഹരിത ഇടനാഴി

നിധിൻ രാജു
Published on Aug 21, 2025, 12:30 AM | 1 min read
ഇടുക്കി
വിനോദസഞ്ചാര മേഖലയായ മൂന്നാറിനെ മാലിന്യ ഭീഷണിയിൽനിന്ന് രക്ഷിക്കാൻ ഹരിത ഇടനാഴി പദ്ധതി നടപ്പാക്കാൻ തദ്ദേശവകുപ്പ് അന്തിമ അംഗീകാരം നൽകി. ഇടുക്കി ജില്ലാ കലക്ടർ സമർപ്പിച്ച ശുപാർശയെ അടിസ്ഥാനമാക്കിയാണ് തീരുമാനം. മൂന്നാർ, അടിമാലി, പള്ളിവാസൽ പഞ്ചായത്തുകളെ ചേർത്താണ് ആദ്യഘട്ടം പൂർത്തിയാക്കുക. വെള്ളത്തൂവൽ, ദേവികുളം, മാങ്കുളം, ചിന്നക്കനാൽ, വട്ടവട, കാന്തല്ലൂർ, മറയൂർ പഞ്ചായത്തുകളെയും പിന്നീട് ഇടനാഴിയിലേക്ക് ഉൾപ്പെടുത്തും. മൂന്നാർ പഞ്ചായത്തിൽ മാത്രം ദിവസേന രണ്ടുടണ്ണോളം മാലിന്യം വലിച്ചെറിയപ്പെടുന്നുവെന്നാണ് പാലക്കാട് ഐആർടിസി(ഇന്റഗ്രേറ്റഡ് റൂറൽ ട്രെയിനിങ് സെന്റർ) നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. മൂന്നാർ ഉൾപ്പെടെ വിനോദസഞ്ചാര മേഖലയിലുള്ള 10 പഞ്ചായത്തിലും സമാന സാഹചര്യമാണ്. മുമ്പ് പദ്ധതികൾ നടപ്പാക്കിയിരുന്നെങ്കിലും സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള വിനോദസഞ്ചാരികൾ ധാരാളമെത്തുന്ന മേഖലയിൽ മാലിന്യസംസ്‌കരണത്തിന് ശാശ്വത പരിഹാരമായില്ല.
പദ്ധതിയുടെ മുഖ്യ ഘടകങ്ങൾ
ചെക്ക്‌പോയിന്റുകൾ: പദ്ധതിയുടെ ഭാഗമായി ചെക്ക്‌പോയിന്റുകൾ സ്ഥാപിക്കും. പ്ലാസ്റ്റിക് സാധനങ്ങൾ കടത്തിവരുന്നത് പൂർണമായും നിരോധിക്കും. മറ്റു സാധനങ്ങൾ ഫീസ് ഈടാക്കി ശേഖരിക്കും. പരിശോധനയ്ക്കുശേഷം നൽകുന്ന സ്റ്റിക്കർ ഉണ്ടെങ്കിലേ ടൂറിസ്റ്റ് വാഹനങ്ങളെ മൂന്നാർ ടൗണിലേക്ക് പ്രവേശനം അനുവദിക്കൂ. പ്രാദേശിക വാഹനങ്ങൾക്ക് ഒറ്റത്തവണ പരിശോധനക്കുശേഷം പ്രത്യേക സ്റ്റിക്കർ നൽകും.
ഹരിത പട്രോളിങ്: മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പിഴ ഈടാക്കും. ഇതിനായി പ്രത്യേക ഹരിത പട്രോളിങ് സംഘങ്ങൾ രൂപീകരിക്കും.
ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ: പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളുടെയോ മറ്റു വകുപ്പുകളുടെയോ സഹായത്തോടെ ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കും. സഞ്ചാരികൾക്ക് വിശ്രമ കേന്ദ്രമായി ഉപയോഗിക്കാം. ഭക്ഷണം കഴിക്കാനും മാലിന്യങ്ങൾ തള്ളാനും ശുചിമുറി സൗകര്യങ്ങളും ഇവിടെ ഉണ്ടായിരിക്കും. ചെക്ക് പോയിന്റുകൾ, ഹരിത പട്രോളിങ് എന്നിവയ്ക്ക് കുടുംബശ്രീയുടെ തൊഴിൽ സംരംഭക യൂണിറ്റുകളുടെ സേവനം ഉറപ്പാക്കും.
നടത്തിപ്പിന് ഹരിത കോറിഡോർ സൊസൈറ്റി
ഹരിത ഇടനാഴി പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ ഹരിത കോറിഡോർ സൊസൈറ്റി രൂപീകരിക്കും. കലക്ടർ അധ്യക്ഷനും ദേവികുളം സബ് കലക്ടർ ഉപാധ്യക്ഷനും ഇടുക്കി, ദേവികുളം മണ്ഡലങ്ങളിലെ എംഎൽഎമാർ രക്ഷാധികാരികളുമായിരിക്കും. കുടുംബശ്രീ യൂണിറ്റുകളുടെ സേവനം പദ്ധതിയുടെ വിവിധ ഘടകങ്ങളിലേക്ക് പ്രയോജനപ്പെടുത്തും.









0 comments