മനുഷ്യ–വന്യജീവി സംഘര്‍ഷ ലഘൂകരണ തീവ്രയജ്ഞം
പരാതികള്‍ പരിഹരിച്ച് തുടങ്ങി


സ്വന്തം ലേഖകൻ
Published on Sep 25, 2025, 12:30 AM | 1 min read
തൊടുപുഴ
വനം വകുപ്പിന്റെ മനുഷ്യ–വന്യജീവി സംഘര്‍ഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ആദ്യഘട്ടം പുരോഗമിക്കുമ്പോള്‍ ജില്ലയില്‍ പരാതികളുടെ എണ്ണം കൂടുന്നു. 16 മുതല്‍ ആരംഭിച്ച ഒന്നാംഘട്ടത്തില്‍ ഇതുവരെ 212 പരാതികളാണ് ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടമായി എല്ലാ പഞ്ചായത്തുകളിലും റേഞ്ച് ഓഫീസുകളിലും ഹെല്‍പ് ഡെസ്‍കുകള്‍ തുറന്നിട്ടുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളും എറണാകുളം ജില്ലയിലെ കോതമംഗലം ഡിവിഷനും ഉള്‍പ്പെടുന്ന ഹൈറേഞ്ച് സര്‍ക്കിളില്‍ ആകെ 326 പരാതികള്‍ ലഭിച്ചു. കോട്ടയം ജില്ലയിൽ 45, കോതമംഗലം ഡിവിഷനില്‍ 69 പരാതികളാണ് കിട്ടിയത്. ജില്ലയിലെ പരാതികളില്‍ 27 എണ്ണം പ്രാദേശികതലത്തില്‍തന്നെ പരിഹരിച്ചെന്ന് ഹൈറേഞ്ച് സര്‍ക്കിള്‍ മേധാവി പറഞ്ഞു. കോട്ടയം ജില്ലയിലെ 10 പരാതികളും പരിഹരിച്ചു. ഹൈറേഞ്ച് സർക്കിളിൽ 32 പഞ്ചായത്തുകളിൽ വനം വകുപ്പിന്റെ പഞ്ചായത്തുതല യോഗങ്ങൾ നടത്തി. സർക്കിളിന് കീഴിലെ എറണാകുളം, കോട്ടയം ജില്ലകളിലെ മനുഷ്യ–വന്യജീവി സംഘർഷം രൂക്ഷമായ മുഴുവൻ പഞ്ചായത്തുകളിലെയും യോഗം കഴിഞ്ഞു. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ എം പാനൽ ചെയ്തിരിക്കുന്ന തോസാക്ക് ലൈസൻസ് ഉള്ളവരുടെ എണ്ണം പരിമിതമാണ്. പുതുതായി ഗൺ ലൈസൻസ് കിട്ടാനുള്ള നടപടി ക്രമങ്ങൾ സങ്കീർണ്ണമാണ്. വിമുക്ത ഭടന്മാരുടെ സേവനം ലഭ്യമാക്കാവുന്നതാണെന്നും വനം വകുപ്പിന്റെ ദ്രുതകർമ സേനയ്‍ക്ക് കാട്ടുപന്നികളെ കൊല്ലാൻ പറ്റുന്ന തോക്കുകൾ ലഭ്യമാക്കണമെന്നും അഭിപ്രായം ഉയര്‍ന്നു. ഇടുക്കിയിലെ ഏലക്കൃഷി മേഖലകളിലെ കുരങ്ങ് ശല്യം രൂക്ഷമാണെന്നും ഇവയെ പിടികൂടി ഉൾവനങ്ങളിൽ തുറന്നുവിടണമെന്നും പ്രജനനം നിയന്ത്രിക്കാൻ വന്ധ്യംകരണം ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.









0 comments