തീവ്രമഴ, മഹാപ്രളയം, തീരാദുരിതം

mazha

തീവ്രമഴയിൽ വെള്ളം കയറിയ തൂക്കുപാലം- പുളിയന്മല റോഡിൽ മുങ്ങിക്കിടക്കുന്ന ടോറസും കാറും. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെയും കാണാം

വെബ് ഡെസ്ക്

Published on Oct 19, 2025, 12:45 AM | 2 min read

നെടുങ്കണ്ടം ​

പന്ത്രണ്ട്‌ മണിക്കൂർ തോരാമഴ, മഹാപ്രളയം, തീരാദുരിതം. കഴിഞ്ഞിദിവസം ഹൈറേഞ്ച്‌ മേഖല പ്രളയത്തിൽ മുങ്ങുകയായിരുന്നു. മനുഷ്യ ജീവഹാനി ഉണ്ടായില്ലെങ്കിലും നഷ്ടങ്ങളുടെ കണക്കെടുപ്പ്‌ പൂർണമാകാൻ ദിവസങ്ങളെടുക്കും. പുഴയോട്‌ ചേർന്ന താഴ്‌ന്ന പ്രദേശങ്ങളിലെ വീടുകളിലും കടകളിലും സ്ഥാപനങ്ങളിലെല്ലാം വെള്ളംകയറി നാശമുണ്ടായി. നിരവധി വീടുകൾക്ക്‌ നാശം സംഭവിച്ചു. കുതിച്ചെത്തിയ മലവെള്ളത്തിൽനിന്ന്‌ കുറെയെറെ കുടുംബങ്ങളിലെ അംഗങ്ങൾ ജീവനുംകൊണ്ട്‌ ഓടി രക്ഷപ്പെടുകയായിരുന്നു. രാത്രി തിമിർത്തുപെയ്‌ത മഴയിൽ പുലർച്ചയോടെ താഴ്‌ന്ന പ്രദേശങ്ങളെല്ലാം വൈള്ളത്തിൽ മുങ്ങി. ആമയാർപുഴയും പാറക്കടവ്‌ പുഴയും സംഗമിക്കുന്ന കൂട്ടാർ മുതൽ തുടങ്ങിയ വെള്ളപ്പെക്കം 12 കിലോമീറ്റർ അകലെ കല്ലാർവരെ ദുരിതംവിതച്ചു. നിരവധി വീടുകളിൽ വെള്ളം കയറി . ​

നാശം നാനാവിധം

കല്ലാർ മുതൽ താന്നിമൂട് വരെ ഉള്ള ഭാഗങ്ങളിൽ കല്ലാർപുഴയുടെ കുറുകെ നിലലിരുന്ന രണ്ട് നടപ്പാലങ്ങൾ വെള്ളത്തിനടിയിലായി. താന്നിമൂട് സന്തോഷം ആന്റണി പുന്നശ്ശേരിയുടെ വീടിനുള്ളിൽ വെള്ളം കയറി വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. താന്നിമൂട് പാലത്തിന്റെ അപ്രോച്ച് റോഡിന് വിള്ളൽ വീണു. കോമ്പയർപുഴ കരകവിഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറി. കോമ്പയാർ മോഹനൻ കൊച്ചാപ്പിള്ളിയുടെ വീട്ടിൽ വെള്ളം കയറി വീട്ടുസാധനങ്ങൾ നാശിച്ചു. അർബുദ രോഗിയായ അമ്മയുടെ ചികിത്സയ്ക്കായി വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. രണ്ട് ലക്ഷം രൂപയുടെ നഷ്ടംകണക്കാക്കുന്നു. കോമ്പയർ അഭിലാഷ് കെ ബാബു കാലയിലിന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. കോമ്പയാർ ഹോമിയോ ആശുപത്രിയുടെ സംരക്ഷണഭിത്തിയും തകർന്നു. ശൂലപ്പാറയിലെ മണ്ണിടിച്ചിലിൽ ഏക്കർ കണക്കിന് ഭൂമി ഒലിച്ചു പോയി. നിർമാണത്തിലായിരുന്ന രമ്യ രമേശ് ചെറുകുന്നിന്റെ വീടിന്റെ മേൽകല്ല് വീണ് നാശമുണ്ടായി. പാറത്തോട് പുഴ കവിഞ്ഞൊഴുകി നിരവധി വീടുകളിൽ വെള്ളം കയറി. ​

കൂട്ടാർ പാലം തകർന്നു

കനത്ത മഴയിൽ കൂട്ടാറിലെ കോൺക്രീറ്റ്‌ പാലം തകർന്നു. കൂട്ടാറില്‍നിന്നും അന്യാർതൊളുവഴി അതിവേഗം കട്ടപ്പനയിലേക്ക്‌ പോകാനുള്ള വേഗപാതയിലെ പാലമാണ്‌. മണിക്കൂറുകളോളം കരകവിഞ്ഞൊഴുകി. തൂക്കുപാലം, ബാലഗ്രാം, കൂട്ടാർ, തേർഡ് ക്യാമ്പ് പ്രദേശങ്ങളിൽ വെള്ളം കയറി വീടുകളിലെ വീട്ടുപകരണങ്ങൾ പൂർണമായി നശിച്ചു. വാഹനഗതാഗതം അപ്പാടെ തടസ്സപ്പെട്ടു. തൂവൽ സ്വദേശികളായ ലൂസിയ വടാശേരിയിൽ, ഷാജി അരിപറമ്പിൽ എന്നിവരുടെ വീട്ടിൽ വെള്ളം കയറി. കല്ലാർപുഴ മുതൽ കിഴക്കേക്കവലവരെ ഇരുകരകളിലുമായി നിരവധി വീടുകളിൽ വെള്ളം കയറി. ​

ട്രാവലർ ഉൾപ്പെടെ ആറുവാഹനങ്ങൾക്ക്‌ നാശം

​കൂട്ടാർ എസ്ബിഐയുടെ മുൻവശത്ത് പാർക്ക്‌ ചെയ്‌തിരുന്ന ട്രാവലർ ഒഴുകിപ്പോയി. നന്ദനം മാളികപ്പറമ്പിൽ അഭിജിത അശോകിന്റെ പേരിലുള്ള ട്രാവലറാണ്‌. പാലത്തിനടുത്തേക്ക് പോകാന്‍ കഴിയാത്ത വിധം വെള്ളമായിരുന്നു. കയര്‍കൊണ്ട്‌ സമീപത്തെ മാവില്‍ കെട്ടി നിര്‍ത്തിയെങ്കിലും വെളുപ്പിന് ആറുമണിയേടെ വെള്ളം ഒഴുക്ക് വര്‍ധിച്ചു. പിന്നീട്‌ കയര്‍പൊട്ടി ട്രാവലര്‍ ഒഴുക്കിലകപ്പെട്ടിരുന്നു. 16 ലക്ഷം രൂപയുടെ വാഹനമാണിത്. ആളുകള്‍ നോക്കി നില്‍ക്കെയാണ് വാഹനം ഒഴുക്കില്‍പ്പെട്ടത്. ബാലഗ്രാമിൽ റോഡ് സൈഡിലും വീടിന്റെ മുൻവശത്തുമായി നിർത്തിയിട്ടിരുന്ന ടോറസിൽ വെള്ളം കയറി കേടുപാടുണ്ടായി. മറ്റിടങ്ങളിൽ ഓട്ടോ, ബൊലേറോ, സ്‌കൂട്ടർ എന്നിവയും വെള്ളത്തിൽപോയി. സന്യാസിയോട അരിയക്കുന്നിൽ ചാക്കോ യോഹന്നാന്റെ വീട്ടിലേക്ക് മൺതിട്ട ഇടിഞ്ഞുവീണു. പുളിയന്മല- ബാലഗ്രാം തേട്ടിൽ ജലനിരപ്പ് ഉയർന്ന് തോടിന്റെ ഇരുവശങ്ങളിൽ താമസിച്ചിരുന്ന 12 ഓളം വീടുകളിൽ വെള്ളം കയറി. വീട്ടുപകരണങ്ങളും നശിച്ചു. മുണ്ടിയെരുമ ഹാജിയാർ പടിഭാഗത്ത് എസ് ആർ സോമൻ, ബെന്നി ജോസഫിന്റെ റേഷൻ കട, മുണ്ടിരുമയിലെ മൂന്ന് ആധാരം എഴുത്ത് ഓഫീസുകൾ, സൈക്കിൾ വർഷോപ്പ്, തയ്യൽക്കട, എൻഎസ്എസ് കരയോഗ മന്ദിരം എന്നിവിടങ്ങളിലും വെള്ളം കയറി ഉപകരണങ്ങൾ നശിച്ചു. കൗന്തി അഞ്ചുമുക്ക് റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസമുണ്ടായി. ദുരിത ബാധിത മേഖലകൾ എം എം മണി എംഎൽഎ, പി എൻ വിജയൻ, ഏരിയ സെക്രട്ടറി വി സി അനിൽ, ടി എം ജോൺ, രമേശ്‌ കൃഷ്‌ണൻ, മറ്റ്‌ നേതാക്കൾ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home