ഓർമകൾ മിടിക്കുന്നു; പെട്ടിമുടി ദുരന്തത്തിന് അഞ്ചുവർഷം

Pettimudi landslide

പെട്ടിമുടിയിൽ രക്ഷാപ്രവർത്തനം നടത്തുന്ന ദൃശ്യം(ഫയൽ ചിത്രം)

avatar
പാട്രിക്‌ വേഗസ്‌

Published on Aug 05, 2025, 12:15 AM | 2 min read

മൂന്നാർ: നാടിന്റെ സ്‌മൃതിയിലും ഹൃദയത്തിലും തീരാനൊമ്പരമായിത്തീർന്ന പെട്ടിമുടി ഉരുൾപൊട്ടലിന് ബുധനാഴ്ച അഞ്ചുവർഷം. 2020 ആഗസ്‌ത്‌ ആറിന് അർധരാത്രിയാണ് 70 പേരുടെ ജീവൻ കവർന്ന ദുരന്തമുണ്ടായത്.


മൂന്നാറിൽനിന്ന്‌ 25 കിലോമീറ്റർ അകലെ കണ്ണൻ ദേവൻ കമ്പനിയുടെ രാജമലയ്ക്ക് സമീപമുള്ള പെട്ടിമുടി ഡിവിഷനിലാണ് മലയിടിച്ചിലുണ്ടായത്. ജനങ്ങൾ ഉറക്കത്തിലായശേഷം രാത്രി 11.30നായിരുന്നു മൂന്നു കിലോമീറ്റർ അകലെനിന്ന്‌ സർവതും തകർത്തെറിഞ്ഞ്‌ ഉരുളെത്തിയത്‌. നാല് ലയങ്ങൾ പൂർണമായും മണ്ണിനടിയിൽപ്പെട്ടു. 22 കുടുംബങ്ങളിലുള്ള 82 പേർ ഇവിടെ താമസിച്ചിരുന്നു. 14 കുട്ടികൾ ഉൾപ്പെടെ പ്രിയപ്പെട്ട 66 പേരുടെ ജീവൻ പൊലിഞ്ഞപ്പോൾ 12 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു, നാലുപേരെ കാണാതായി.


Pettimudi landslide affected areaപെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം. ഇവിടെ നാല്‌ ലയങ്ങൾ പൂർണമായും മണ്ണിനടിയിലായി


ഉരുൾപൊട്ടൽ ഉണ്ടായ ദിവസം 61 സെന്റിമീറ്റർ മഴയാണ് പ്രദേശത്ത് പെയ്‌തിറങ്ങിയത്‌. വൈദ്യുതിബന്ധം തകരാറിലായതിനെതുടർന്ന് പിറ്റേന്ന് രാവിലെയാണ് ദുരന്തവിവരം പുറംലോകം അറിഞ്ഞത്. പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് മൂന്നാറിൽനിന്ന്‌ സന്നദ്ധ പ്രവർത്തകരും ഒപ്പംകൂടി. പിന്നീട് എംഡിആർഎഫ് അഗ്നിരക്ഷാസേന എന്നിവർ നടത്തിയ തെരച്ചിലിൽ കിലോമീറ്റർ ദൂരെനിന്നുവരെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. രക്ഷാപ്രവർത്തനം 19 നാൾ നീണ്ടുനിന്നു. കണ്ടെടുത്ത മൃതദേഹങ്ങൾ ബന്ധുക്കൾക്ക് അന്ത്യകർമങ്ങൾ നടത്താൻ അവസരം നൽകിയശേഷം, കണ്ണൻ ദേവൻ കമ്പനിയുടെ രാജമല എസ്റ്റേറ്റിൽ ഫാക്ടറി ഡി വിഷനിലെ പൊതുശ്‌മശാനത്തിൽ രണ്ട് കുഴിമാടങ്ങളിൽ നിരനിരയായി സംസ്‌കരിച്ചു.


ബുധനാഴ്‌ച നീറുന്ന ഓർമയ്‌ക്ക്‌ അഞ്ചുവർഷമാകുമ്പോൾ പിഞ്ചുകുഞ്ഞുങ്ങളുടേതാക്കം 66 മൃതദേഹങ്ങൾ മറവുചെയ്ത കുഴിമാടങ്ങളിൽ അവരുടെ ഉറ്റവരും ഉടയവരുമെത്തും.


സർക്കാർ കൈപിടിച്ചു


സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് പെട്ടിമുടിയിൽ നടന്നത്. സർക്കാർ സംവിധാനങ്ങൾ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം, മന്ത്രിയായിരുന്ന എം എം മണിയുടെ നേതൃത്വത്തിൽ തുടക്കം മുതൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.


കേന്ദ്ര–സംസ്ഥാന സർക്കാരുകൾ മരിച്ചവരുടെ ആശ്രിതർക്ക്‌ സഹായങ്ങൾ പ്രഖ്യാപിച്ചു. രണ്ടുലക്ഷം വീതം നൽകുമെന്ന്‌ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ പറഞ്ഞുപറ്റിച്ചെങ്കിലും മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ അഞ്ചുലക്ഷം രൂപ വീതം മൂന്നരകോടി രൂപ നൽകി. കൂടാതെ പരിക്കേറ്റവരുടെ ചികിത്സാചെലവുകളും വഹിച്ചു.


മൃതദേഹം കണ്ടെടുക്കാനാവാത്ത നാലുപേരും മരിച്ചതായി പ്രഖ്യാപിച്ച്‌ ആശ്രിതർക്ക്‌ സഹായമെത്തിച്ചു. സാധാരണ ദുരന്തത്തിൽപ്പെട്ടവർ കാണാതായാൽ ഏഴുവർഷത്തിന്‌ ശേഷം മാത്രമെ മരിച്ചുവെന്ന്‌ നിയമപരമായി കണക്കാക്കുകയുള്ളൂ. എന്നാൽ പെട്ടിമുടിയിലേത്‌ പ്രത്യേക ദുരന്തമായി പരിഗണിച്ച്‌ രണ്ടുവർഷത്തിനുള്ളിൽ നിയമനടപടി പൂർത്തിയാക്കിയാണ്‌ സഹായം നൽകിയത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ്‌ പണം കണ്ടെത്തിയത്‌. എട്ട് കുടുംബങ്ങൾക്ക് കണ്ണൻ ദേവൻ കമ്പനിയുടെ സഹായത്തോടെ കുറ്റ്യാർവാലിയിൽ വീടും നിർമിച്ചുനൽകി. പെട്ടിമുടിയിൽനിന്ന്‌ മുഴുവൻ തൊഴിലാളികളെയും വിവിധ എസ്റ്റേറ്റുകളിലേക്ക് സ്ഥലംമാറ്റിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home