കലിയടങ്ങാതെ കാട്ടാനകള്‍, ഉറങ്ങാതെ കാവലിരുന്ന് ജനങ്ങള്‍

നെല്ലിപ്പാറകുടിയിൽ തമ്പടിച്ചിരിക്കുന്ന ആനകളിലൊന്ന് കൃഷിയിടത്തിൽ
അടിമാലി
ചാറ്റുപാറ–- നെല്ലിപ്പാറകുടി ഉന്നതിയിലെ ആളുകൾ ഉറങ്ങിയിട്ട് ദിവസങ്ങൾ. ജനവാസ മേഖലയിലിറങ്ങിയ ആനകൾ ഉൾവനത്തിലേക്ക് ചതുപ്പീൽ തമ്പടിച്ചിരിക്കുകയാണ്. വെള്ളി പുലർച്ചെ കുടിയിലെ കുഞ്ഞുമോൻ പാണ്ഡ്യന്റെ വീടിന്റെ അടുക്കള ആനതകർത്തു. ഒരു മാസത്തിലധികമായി ഈ ഭാഗത്ത് ആനക്കൂട്ടം നാശനഷ്ടങ്ങളുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം ഏലത്തോട്ടം തൊഴിലാളികളെ ആന ഓടിക്കുകയും താമസക്കാരനായ അപ്പൂവിന്റെ വീടിന്റെ മുൻവശം തകർക്കുകയും ചെയ്തിരുന്നു. വനത്തിലെ ക്ഷേത്രത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. 25 ഏക്കറിലധികം സ്ഥലത്തെ ഏലം, കുരുമുളക്, വാഴ, തെങ്ങ്, കമുക്, ജാതി, കൊക്കോ, കപ്പ, ഇഞ്ചി തുടങ്ങിയ വിളകൾ നശിപ്പിച്ചു. ലക്ഷങ്ങളുടെ കൃഷിയാണ് ആനകൾ ചവുട്ടിമെതിച്ചത്. ആളുകൾ ഒച്ചവച്ചും, പടക്കം പൊട്ടിച്ചും ഓടിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ആനകൾ വീണ്ടും കൂട്ടമായി തിരിച്ചെത്തുകയാണ്. തെങ്ങ്, കവുങ്ങ് തുടങ്ങിയവ കർഷകർ തന്നെ വെട്ടി മാറ്റുന്ന വേദനാജനകമായ കാഴ്ചയാണ്. പ്രദേശത്തെ പ്ലാവിലെ ചക്കകൾ മുഴുവനും ആളുകൾ പറിച്ചുകളഞ്ഞു. തെങ്ങും കവുങ്ങുംമറിച്ചിട്ട് ചവിട്ടിപ്പൊട്ടിച്ച് അതിന്റെ പൊങ്ങ് ആനകളുടെ ഇഷ്ട ഭക്ഷണമാണ്. അതോടൊപ്പം ചക്കയും. കഴിഞ്ഞ നാല് ദിവസമായി നെല്ലിപാറയിലെ ആളുകൾ മിക്കവാറും ഒരുവീട്ടിലാണ് കഴിഞ്ഞ് കൂടുന്നത്. ഒരു നാടിനാകെ ഉറങ്ങാതെ ഇവർ കാവലിരിക്കുകയാണ്.









0 comments