തുറക്കണമെന്ന ആവശ്യം ശക്തം

ഡിടിപിസി ഹോട്ടൽ കാടുകയറി നശിക്കുന്നു

cheruthony

ഡിടിപിസിയുടെ കീഴില്‍ ഇടുക്കി പാറേമാവില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ കാടുകയറിയ നിലയില്‍

avatar
സ്വന്തം ലേഖകൻ

Published on Aug 17, 2025, 12:19 AM | 2 min read

ചെറുതോണി

സർക്കാരിനു വരുമാനവും പൊതുജനങ്ങൾക്ക് ഉപകാരപ്രദവുമായിരുന്ന ഇടുക്കി പാറേമാവിലെ ഡിടിപിസി ഹോട്ടൽ ഒരുവർഷമായി അടച്ചിട്ട നിലയിൽ. മെഡിക്കൽ കോളജിനോട് ചേർന്നുള്ള സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ഹോട്ടൽ അടച്ചിട്ടതോടെ ഉപകരണങ്ങൾ നശിക്കുകയും കെട്ടിടം കാടുകയറുകയും ചെയ്‌തു. ടൂറിസം വികസനത്തിനുവേണ്ടി, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ബിയര്‍ പാര്‍ലര്‍ ഉള്‍പ്പെടെ വിശ്രമകേന്ദ്രമായിട്ടാണ് ഹോട്ടലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 
 എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമാണം പൂർത്തിയാക്കിയ ഹോട്ടൽ സമുച്ചയം തുറന്നുനൽകാൻ യുഡിഎഫ് സർക്കാർ തയ്യാറായില്ല. പിന്നീട് ഒന്നാം പിണറായി സർക്കാരിന്റെ ഭരണകാലയളവിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഡിടിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും എച്ച്‌ ദിനേശൻ കലക്ടറും ആയിരിക്കെ ടെൻഡർ ക്ഷണിച്ചു പ്രവർത്തനം ആരംഭിച്ചു. വര്‍ഷം അഞ്ചുലക്ഷം രൂപയ്ക്കാണ് വാടകയ്ക്ക്‌ നല്‍കിയിരുന്നത്. അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വീണ്ടും ടെന്‍ഡര്‍ നടത്തിയതിനെ തുടര്‍ന്നാണ് പ്രതിസന്ധിയിലേക്ക്‌ നീങ്ങിയത്. പുതിയ ടെന്‍ഡര്‍ പ്രകാരം ടാക്‌സ് ഉള്‍പ്പെടെ 9,76,000 രൂപയ്‌ക്കാണ് കരാര്‍ നല്‍കിയത്. ഇതിനായി ഒരുലക്ഷം രൂപ അഡ്വാന്‍സും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ടെന്‍ഡര്‍ റദ്ദാക്കിയെന്ന് കരാറുകാരിയെ മുൻ കലക്ടർ അറിയിക്കുകയായിരുന്നു. ഒരുമാസത്തിനുശേഷമാണ് കരാറെടുത്തയാളിന് തുക തിരിച്ചുനല്‍കിയത്. കരാറെടുത്ത വനിതയ്ക്ക് ഇതുമൂലം ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി. പാത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ വാങ്ങിയതിലും അഡ്വാന്‍സ് നല്‍കാൻ വാങ്ങിയ പണത്തിന്റെ പലിശയും ഉള്‍പ്പടെ എട്ടുലക്ഷത്തിലധികം രൂപ നഷ്ടമായതായി കരാറുകാരി പറയുന്നു. ടെന്‍ഡര്‍ റദ്ദുചെയ്തതിനുശേഷം വീണ്ടും കരാര്‍ വിളിച്ചെങ്കിലും ആദ്യം കരാറെടുത്ത വനിത കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതിനാല്‍ പ്രവർത്തനം പ്രതിസന്ധിയിലായി. ഒരുവര്‍ഷമായി അടഞ്ഞു കിടക്കുന്ന കെട്ടിടം നാശത്തിന്റെ വക്കിലായതോടെ സമൂഹവിരുദ്ധരുടെ താവളവുമായി മാറി. ഹോട്ടലിനു സമീപം 100 വാഹനങ്ങള്‍വരെ പാര്‍ക്കുചെയ്യുന്നതിന് സൗകര്യമുണ്ടായിരുന്നു. ചെറുതോണി, ഇടുക്കി അണക്കെട്ടുകൾ കാണാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗകര്യപ്രദമായിരുന്ന ഹോട്ടലാണ് ചില ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം പൂട്ടിയത്. സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യവും ഇതോടൊപ്പമുണ്ടായിരുന്നു. ഒരുകോടിയിലധികം രൂപ മുടക്കി നിര്‍മിച്ച കെട്ടിടമാണ് ഇപ്പോള്‍ അടച്ചിട്ടിരിക്കുന്നത്. മെഡിക്കല്‍ കോളേജ്‌, വനം വകുപ്പ്‌ തുടങ്ങിയിവിടങ്ങളിലെ ജീവനക്കാര്‍ക്കും പ്രയോജനകരമായിരുന്നു. ഹോട്ടല്‍ അടച്ചിട്ടതുമൂലം ലക്ഷക്കണക്കിന്‌ രൂപയാണ് സര്‍ക്കാരിന് നഷ്ടമായത്. തര്‍ക്കം പരിഹരിച്ച് ഹോട്ടല്‍ അടിയന്തരമായി തുറന്നുപ്രവര്‍ത്തിപ്പിക്കാൻ ഡിടിപിസിയും കലക്ടറും നടപടിയെടുക്കണമെന്നാണ്‌ നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടെയും ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Home