ഭൂപതിവ് നിയമ ഭേദഗതി ചട്ടം: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നീക്കം

രാഷ്ട്രീയമായും നിയമപരമായും നേരിടും: എല്‍ഡിഎഫ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2025, 12:15 AM | 2 min read

ചെറുതോണി

ഭൂപതിവ് നിയമ ഭേദഗതിയിലും ചട്ട രൂപീകരണത്തിലും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആശങ്കയുണ്ടാക്കുന്ന അതിജീവന പോരാട്ടവേദിക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നത് എന്‍ഐഎ അന്വേഷിക്കുന്ന നിരോധിത സംഘടനയും കള്ളപ്പണവുമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വര്‍ഷങ്ങളായി ചിലരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വര്‍ഗീയ ശക്തികള്‍ ജില്ലയില്‍ പണമൊഴുക്കുന്നുണ്ട്. മൂന്നാര്‍, അടിമാലി മേഖലകളില്‍ പോരാട്ടവേദിയുടെ കണ്‍വീനര്‍ റസാഖ് ചൂരവേലിയുടെ നിയന്ത്രണത്തിലുള്ള അനധികൃത നിര്‍മാണങ്ങളും റിസോര്‍ട്ടുകളും കൈയേറ്റങ്ങളും സംരക്ഷിക്കാനാണ്‌ വ്യാജ പ്രചാരണങ്ങൾ നടത്തുന്നത്‌. റസാഖ് ചൂരവേലിയുടെ സഹോദരനാണ് കോണ്‍ഗ്രസിന്റെ അടിമാലി മണ്ഡലം പ്രസിഡന്റ്‌. ഇവരെല്ലാം ചേര്‍ന്ന് കോണ്‍ഗ്രസിനുവേണ്ടി കര്‍ട്ടന്റെ പിന്നില്‍നിന്ന് കരുനീക്കുന്നത്‌. നിരോധിത സംഘടന പണമെറിഞ്ഞ് വര്‍ഗീയ ചേരിതിരിവിനും നീക്കം നടത്തുന്നുണ്ട്. അതിജീവനപോരാട്ട വേദി ഒരു ന്യായീകരണവുമില്ലാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വ്യാജപ്രചാരണം നടത്തുകയാണ്‌. പണമെറിഞ്ഞ്‌ സമരത്തിന്‌ ആളെക്കൂട്ടുന്നതും ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്‌. കര്‍ഷകരെ മറയാക്കി, കുടിയേറ്റജനതയെ ഒന്നാകെ നിയമകുരുക്കിലാക്കി കെണിയിൽപ്പെടുത്താനാണ്‌ ഇവരുടെ നീക്കം. ഇത്തരക്കാരെ നിയമപരമായും രാഷ്ട്രീയമായും, ആവശ്യമെങ്കില്‍, തെരുവിലും ജനകീയ പ്രതിരോധമുയർത്തി നേരിടുമെന്ന്‌ എല്‍ഡിഎഫ് നേതൃത്വം വ്യക്തമാക്കി. ഇടുക്കിയുടെ മതനിരപേക്ഷതയ്ക്ക് പോറലേല്‍പ്പിക്കാന്‍ ഇത്തരക്കാരെ ഒരു കാരണവശാലും അനുവദിക്കില്ല. സുപ്രീം കോടതിയിലെ പ്രമുഖരായ അഭിഭാഷകരുമായി കൂടിയാലോചിച്ചാണ് സര്‍ക്കാര്‍ ഇടുക്കിയിലെ ഭൂ പ്രശ്നങ്ങളിന്‍മേല്‍ നിയമനിര്‍മാണങ്ങള്‍ നടത്തുന്നത്. എന്നാല്‍ അതിനേക്കാള്‍ വലിയ നിയമ പണ്ഡിതരാണ് പോരാട്ടവേദിക്കാര്‍ എന്ന നിലയിലാണ് അനുദിനം വ്യാജ പ്രചാരണം. പോരാട്ടവേദിയുടെ അഭിഭാഷകർ ജില്ലയ്ക്ക് പുറത്തുനിന്നുള്ളതും കപടപരിസ്ഥിതി സംഘടനകളുമായി ബന്ധമുള്ളവരുമാണ്. ജില്ലയിലെ 11 ലക്ഷത്തോളം ജനങ്ങളെ കബളിപ്പിക്കാനോ, വഞ്ചിക്കാനോ ഇനി കഴിയില്ല. എണ്ണിയാല്‍ തീരാത്ത കേസുകളാണ് ഇടുക്കിക്കെതിരെ ഇവര്‍ കോടതികളില്‍ നടത്തുന്നത്. ജില്ലയുടെ ഭൂ പ്രശ്നങ്ങളും ചരിത്രവും അറിയാവുന്ന നൂറുകണക്കിന് പ്രഗൽഭരായ അഭിഭാഷകര്‍ ഹൈക്കോടതയിലുള്‍പ്പടെയുണ്ട്‌. എന്നാൽ പുറത്തുനിന്നുള്ളവരെ വലിയ ഫീസ് നല്‍കി യെത്തിക്കുന്നവരുടെ ഉദ്ദേശം വ്യക്തമാണ്. ജില്ലയിലെ മൂന്നു ലക്ഷത്തോളം വീടുകള്‍ നിരുപാധികം അപേക്ഷ പോലും നല്‍കാതെ സമ്പൂര്‍ണമായി ക്രമവല്‍ക്കരിച്ച് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാൽ, എല്ലാ വീട്ടുടമസ്ഥരും അപേക്ഷ നല്‍കണമെന്നും പട്ടയവും ആധാരവും സമര്‍പ്പിക്കണമെന്നുമുള്ള സമൂഹമാധ്യമങ്ങളിലുൾപ്പെടെ പച്ചക്കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമം. ഇത്തരം സാമൂഹ്യദ്രോഹികളെ ഒറ്റപ്പെടുത്തണം. 60 വര്‍ഷത്തിലധികമായി ജനങ്ങളാഗ്രഹിക്കുന്ന ഭൂ നിയമത്തെ ഭേദഗതി ചെയ്ത് സര്‍ക്കാര്‍ വാക്ക് പാലിച്ചു. ഭൂപതിവ് ചട്ട രൂപീകരണവും ഈ നിയമസഭ കാലയളവില്‍ തന്നെ യാഥാര്‍ഥ്യമാക്കുമെന്ന്‌ എല്‍ഡിഎഫ് കണ്‍വീനര്‍ കെ സലീം കുമാര്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ്‌ ജോസ് പാലത്തിനാല്‍, മറ്റ് ഘടക കക്ഷി നേതാക്കള്‍ എന്നിവര്‍ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home