കാൽവരി എക്‌സ്‌പ്രസിനെ നെഞ്ചേറ്റി സിപിഐ എം

devapriya

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ പെൺകുട്ടികളുടെ 100 മീറ്ററിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബു, കോച്ച് ടിബിൻ ജോസഫ് എന്നിവർക്ക് കാമാക്ഷി പഞ്ചായത്തിന്റെ നേതൃത്വത്തിൽ തങ്കമണിയിൽ നൽകിയ പൗരസ്വീകരണം

avatar
സജി തടത്തിൽ

Published on Oct 30, 2025, 12:15 AM | 2 min read

ചെറുതോണി

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ ചരിത്രംതിരുത്തിയ കാൽവരി എക്‌സ്‌പ്രസ്‌ ദേവപ്രിയയ്‌ക്കുള്ള വീടിന്‌ സിപിഐ എം ശിലാസ്ഥാപനം നടത്തി. മലയോരത്തുനിന്നും കഠിനാധ്വാനത്തിലൂടെ പേശീബലവും ലക്ഷ്യബോധവുംകൊണ്ട്‌ പട്ടണിയോട്‌ പടവെട്ടി മുന്നേറി റെക്കോഡ്‌ തിരുത്തിയ മലനാടിന്റെ മാണിക്യമുത്ത്‌ ദേവപ്രിയയ്‌ക്ക്‌ ജന്മനാട്ടിൽ ബുധനാഴ്‌ച വിരോജിത വരവേൽപ്പ്‌. പോയ വർഷങ്ങളിൽ കഴിവും മികവും തെളിയിച്ച്‌ നേടിയ സമ്മാനങ്ങൾ വയ്‌ക്കാൻപോലും വീടില്ലാതിരുന്നതിന്റെ കണ്ണീരും ദുഃഖവും ഏറ്റെടുത്താണ്‌ വീട്‌ നിർമിക്കാൻ സിപിഎ എം ജില്ലാ കമ്മിറ്റി മുന്നോട്ടുവന്നത്‌. നിഴലും വെളിച്ചവും തോരാത്ത മഴയും ഇടകലർന്ന്‌ സമ്മേളിക്കുന്ന വീടിനുള്ളിൽ ഏഴംഗകുടുംബം കഴിഞ്ഞിരുന്നത്‌ ദുരിത നിമിഷങ്ങൾ ഇനി പഴങ്കഥ. 20 ലക്ഷം രൂപ ചിലവിൽ നാലു മുറികളും എല്ലാവിധ സ‍ൗകര്യങ്ങളോടും കൂടിയ വീടിനാണ്‌ തറക്കല്ലിട്ടത്‌. ഇല്ലായ്‌മകളുടെയും ദാരിദ്രത്തിന്റെയും വീടില്ലാത്തതിന്റെയും വേദനകൾ സ്വന്തം അനുഭവത്തിലൂടെ വേഗത്തിൽ തിരിച്ചറിയുന്ന ജില്ലാ സെക്രട്ടറി സി വി വർഗീസാണ്‌ റെക്കോഡ്‌ തകർത്ത നിമിഷത്തിൽതന്നെ വീട്‌ നിർമിച്ചു നൽകുമെന്ന്‌ പ്രഖ്യാപനം നടത്തിയത്‌. സ്‌കൂൾ ഒളിമ്പിക്‌സിൽ ദേവപ്രിയ തിരിച്ചെത്തുന്ന ആ ദിവസംതന്നെ തറക്കല്ലിടുമെന്ന്‌ നിശ്‌ചയദാർഢ്യവും പാലിക്കാനായി. വാസയോഗ്യമല്ലാത്ത നിലവിലെ വീട്‌ പൊളിച്ചുമാറ്റി കുടുംബത്തിന്റെ താമസം മറ്റൊരിടത്തേയ്‌ക്ക്‌ മാറ്റി ശിലാസ്ഥാപനത്തിനുള്ള സ‍ൗകര്യവും ഉറപ്പാക്കി. നിർമിക്കുന്ന വീടിന്റെ രൂപരേഖയും ത്രീഡി ചിത്രവും ജനങ്ങൾക്ക്‌ മുമ്പിൽ പ്രദർശിപ്പിച്ചു. ജില്ലയിൽനിന്ന്‌ ഉയർന്ന്‌ വന്ന ഒളിമ്പ്യൻമാരായ ഷൈനി വിൽസൻ, പ്രീജ ശ്രധരൻ, കെ എം ബീനമോൾ, കെ എം ബിനു തുടങ്ങിയവരുടെ പട്ടികയിലേയ്‌ക്ക്‌ ഹരിതജില്ലയൂടെ പതാകയേന്താൻ ദേവപ്രിയയ്‌ക്ക്‌ കഴിയട്ടെയെന്ന്‌ വീട്‌ നിർമാണത്തിന്‌ കല്ലിടീൽ ചടങ്ങ്‌ നടത്തിയ എം എം മണി എംഎൽഎ പറഞ്ഞു. രാവിലെ 10ന്‌ കാൽവരി സ്‌കൂളിൽ ദേവപ്രിയക്കും പരിശീലകൻ ടിബിൻ ജോസഫിനും നൽകിയ സ്വീകരണ ചടങ്ങിൽ പങ്കെടുത്തശേഷമാണ്‌ സിപിഐ എം കൂട്ടക്കല്ലിൽ ഒരുക്കിയ സ്വീകരണ വേദിലേയ്‌ക്ക്‌ ദേവപ്രിയ എത്തിയത്‌. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഓൺലൈനായി സീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആശംസകൾ അറിയിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്‌റ്റ്യൻ സ്വാഗതം പറഞ്ഞു. ഹൈജംപിൽ സീനിയർ വിഭാഗത്തിൽ നാലാം സ്ഥാനത്ത്‌ എത്തിയ ദേവപ്രിയയുടെ സഹോദരി ദേവനന്ദ ഹൈജംപിൽ മൂന്നാം സ്ഥാനം നേടിയ കാൽവരി സ്‌കൂളിലെ വിദ്യാർഥി ജോൺ ബിനോയി, ദേവപ്രിയയുടെ മാതാപിതാക്കളായ ഷൈബു, ബിസ്‌മി, ദേവപ്രിയയുടെ സഹോദരൻ ദേവാനന്ദൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സ്‌പോട്‌സ്‌ ക‍ൗൺസിൽ പ്രസിഡന്റ്‌ മുഹമ്മദ്‌ ഫൈസൽ, ജില്ലാ സെക്രട്ടറിയറ്റംഗം എം ജെ മാത്യൂ, ഏരിയ സെക്രട്ടറി പി ബി സബീഷ്‌, തങ്കമണി ലോക്കൽ സെക്രട്ടറി എം വി ജോർജ്‌, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ ജെ ഷൈൻ, മോളികുട്ടി ജയിംസ്‌, എം ജെ ജോൺ, എം കെ അനീഷ്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home