ഭൂപതിവ് നിയമ ഭേദഗതി ചട്ടം
കള്ളപ്രചാരണം നടത്തുന്നവർ പൊതുസമൂഹത്തോട് മാപ്പുപറയണം: സിപിഐ എം

തൊടുപുഴ
ആറുപതിറ്റാണ്ടിലേറെയായി ജില്ലയിൽ നിലനിന്നിരുന്ന സങ്കീർണമായ ഭൂപ്രശ്‌നങ്ങൾ എൽഡിഎഫ് സർക്കാർ ശാശ്വതമായി പരിഹരിച്ചതിലുള്ള ജാള്യത മറയ്ക്കാനാണ് മാത്യു കുഴൽനാടനെ പോലുള്ള കോൺഗ്രസ് നേതാക്കൾ അപവാദ പ്രചാരണങ്ങളുമായെത്തുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്. ജില്ലയിലെ ഏതാനും വില്ലേജുകളിൽ ഒതുങ്ങിനിന്നിരുന്ന നിർമാണ നിരോധനം സംസ്ഥാന വ്യാപകമാക്കിയതിന്റെ ഉത്തരവാദി മാത്യു കുഴൽനാടനും യൂത്ത് കോൺഗ്രസ് നേതാക്കളുമാണ്. കർഷകവിരുദ്ധമായ 1960ലെ ഭൂനിയമമാണ് എൽഡിഎഫ് സർക്കാർ മാറ്റിയത്. നിയമസഭയിൽ ബില്ലിനെ അനുകൂലിച്ച യുഡിഎഫുകാർ പുറത്തിറങ്ങി ബില്ലിന്റെ കോപ്പി കത്തിച്ചു. ബില്ല് ഒപ്പിടാതെ വൈകിപ്പിച്ച ഗവർണർക്ക് സ്വീകരണമൊരുക്കിയവരും കപട പരിസ്ഥിതിവാദികളുമാണ് നുണ പ്രചാരണങ്ങളുമായി രംഗത്തുള്ളത്. ഭൂപതിവ് നിയമ ഭേദഗതി ചട്ടം വന്നതോടെ ലക്ഷക്കണക്കിന് വീടുകൾ നിയമവിധേയമാകും. ചെറുകിട –ഇടത്തരം വാണിജ്യ സ്ഥാപനങ്ങളും സ്‌കൂളുകളും ആരാധനാലയങ്ങളും ക്രമവൽക്കരിക്കപ്പെടും. വൻകിടക്കാർക്ക് മാത്രമാണ് കോന്പൗണ്ടിങ് ഫീസ്. ഇവർക്കുവേണ്ടിയാണ് യുഡിഎഫ് മുതലക്കണ്ണീർ വാർക്കുന്നത്. ആറുപതിറ്റാണ്ടിലേറെയായി ജനങ്ങൾ അനുഭവിച്ച ദുരിതത്തിന് പരിഹാരമായതോടെ എൽഡിഎഫ് സർക്കാരിനുള്ള ജനപിന്തുണ വർധിക്കുമെന്ന തിരിച്ചറിവാണ് മാത്യു കുഴൽനാടനെ പോലുള്ളവരുടെ ഉറക്കം കെടുത്തുന്നത്. വസ്‌തുതകൾ തിരിച്ചറിഞ്ഞ് മാനാഭിമാനമുണ്ടെങ്കിൽ യുഡിഎഫും അവരെ അനുകൂലിക്കുന്നവരും പൊതുസമൂഹത്തോട് മാപ്പുപറയണമെന്നും ഇവരുടെ വ്യാജ പ്രചാരണങ്ങൾ തള്ളിക്കളയണമെന്നും ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു.









0 comments