ഭൂപതിവ്‌ നിയമ ഭേദഗതി ചട്ടം; അപവാദ പ്രചാരണങ്ങളെ തള്ളിക്കളയണം

ജനപക്ഷ നിലപാടിനൊപ്പം അണിനിരക്കുക: സിപിഐ എം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2025, 12:15 AM | 2 min read

നെടുങ്കണ്ടം

സംസ്ഥാനത്താകെ ബാധകമായ ഭൂപതിവ്‌ നിയമഭേദഗതി ചട്ടം ജില്ലയിലെ വ്യാപാരികളെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭൂ പ്രശ്ന‌ങ്ങൾക്ക് ശാശ്വത പരിഹാരവുമായി മന്ത്രിസഭ അംഗീകരിച്ച ചട്ടങ്ങൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ളത്‌. ചട്ട രൂപീകരണത്തിൻമേലുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സബ്‌ജക്‌ട് കമ്മിറ്റിയ്‌ക്ക്‌ നൽകാം. കെട്ടിടത്തിന്റെ ആകെ വിസ്‌തീർണ പരിഗണിക്കുന്നുവെന്നത്‌ വ്യാജമാണ്‌. വീടിന്റെ തറ നിർമാണത്തിന് ഉപയോഗിച്ച ഭൂമിയുടെ ന്യായവിലയുടെ നേരിയ ശതമാനം മതി. തൊടുപുഴ, അടിമാലി, കുമളി, നെടുങ്കണ്ടം തുടങ്ങിയ ടൗണുകളെ ഈ നിയമം ബാധിക്കുന്നില്ല. എന്നാൽ, ചില രാഷ്ട്രീയ സംഘടനകൾ സമരങ്ങളുമായി രംഗത്തിറങ്ങുന്നത് ഊർദ്ധശ്വാസം വലിക്കുന്ന കോൺഗ്രസിനും യുഡിഎഫിനും ജീവശ്വാസം നൽകാനുള്ള പരിശ്രമം പാഴ്‌വേലയാണ്. അനധികൃതവും ചട്ടവിരുദ്ധവുമായി നിർമിച്ചതെന്ന് കോടതി നിരീക്ഷിച്ച, ജില്ലയിലെ മുഴുവൻ വീടുകളുടെ ഉടമസ്ഥർക്കും ഭീഷണിയില്ല. സ്വതന്ത്രവും വ്യവസ്ഥാപിതവുമായി ഉപയോഗിക്കാനുള്ള അവസരം സർക്കാർ പുതിയ തീരുമാനത്തിലൂടെ നടപ്പാക്കും. ഇതിനായി അപേക്ഷ നൽകുകയോ രേഖകൾ ഹാജരാക്കുകയോ ചെയ്യേണ്ടതില്ല. ​ജില്ലയിലെ 11500 
ആരാധനാലയങ്ങൾക്കും ആശ്വാസം ജില്ലയിലെ 11500ൽ ഏറെ ആരാധനാലയങ്ങൾക്കു പുറമേ സാമുദായിക സംഘടനകളായ എസ്എൻഡിപി, എൻഎസ്എസ് ഉൾപ്പടെയുള്ളവയുടെ സ്ഥാപനങ്ങൾ കോമ്പൗണ്ടിങ് ഫീസില്ലാതെ ക്രമവൽക്കരിക്കപ്പെടും. ഒട്ടേറെ സംഘടനകളുടെ കെട്ടിടങ്ങൾക്കും രാഷ്ട്രീയ പാർടികളുടെ ഓഫീസുകൾക്കും ഇ‍ൗ നിയമപരിരക്ഷ ലഭിക്കും. പതിറ്റാണ്ടുകളായി ആത്മീയ-സമുദായ നേതാക്കൾ ആവശ്യപ്പെടുന്ന, അയ്യായിരത്തോളം വരുന്ന വിവിധ ക്രിസ്ത്യൻ ദേവാലയങ്ങളും 4000 ക്ഷേത്രങ്ങളും 2500 മുസ്ലിം പള്ളികളും പൂർണമായും നിയമപരമായി സർക്കാർ ഉത്തരവിലൂടെ സ്വതന്ത്രമാക്കപ്പെടും. ഏറ്റവും പ്രധാനപ്പെട്ടത്അങ്കണവാടികളുടെയും ജില്ലയിലെ 125 അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ജനങ്ങൾ ഉപയോഗിക്കുന്ന പൊതുസ്ഥാപനങ്ങളുടെയും നിർമാണം സാധുവാകും. രണ്ടരലക്ഷം ചെറുകിട 
വ്യാപാരസ്ഥാപനങ്ങൾക്ക്‌ 
നിയമസാധുത 3000 ചതുരശ്ര അടി വരെയുള്ള രണ്ടര ലക്ഷത്തിലധികം ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളും ചട്ട ഭേദഗതിയിലൂടെ നിയമസാധുത കൈവരിക്കും. മറ്റ് കെട്ടിടങ്ങൾ ആകട്ടെ നിർമാണത്തിനുപയോഗിച്ചിട്ടുള്ള സ്ഥലത്തിന്റെ ന്യായവില മാത്രം പരിഗണിച്ച് കോമ്പൗണ്ടിങ് ഫീസ് അടച്ചാൽ മതി. 3000 മുതൽ 5000 വരെ ചതുരശ്രഅടി തറ വിസ്‌തീർണം വരുന്ന 1600 ഓളം കെട്ടിടങ്ങളും 5000 മുതൽ 10000 വരെ ചതുരശ്ര അടി തറ വിസ്‌തീർണ്ണം വരുന്ന 600 ഓളം കെട്ടിടങ്ങളുമാണ് പ്രാഥമിക നിരീക്ഷണത്തിൽ ജില്ലയിലുള്ളത്. 10000 ചതുരശ്ര അടിക്ക് മുകളിൽ തറ വിസ്‌തീർണം വരുന്ന വൻകിട നിർമാണങ്ങൾ ജില്ലയിൽ 200 ൽ താഴെയേയുള്ളു. ജില്ലയിലെ വ്യാപാരികളുടെ ദീർഘകാല ആവശ്യമായിരുന്ന കട്ടപ്പന മുനിസിപ്പൽ അതിർത്തിയിലുൾപ്പടെ ഷോപ്പ്സൈറ്റുകൾക്ക് പട്ടയം നൽകാനുള്ള നടപടി സർക്കാർ സ്വീകരിച്ചു വരികയാണ്. അടഞ്ഞുകിടക്കുന്ന പാറ ക്വാറികൾ തുറന്ന് പ്രവർത്തിക്കാനുള്ള സാഹചര്യവും പുതിയ ചട്ടങ്ങളുടെ രൂപീകരണത്തിലൂടെ കൈവരും. തുടർനിർമാണങ്ങൾക്ക് രണ്ടാംഘട്ട ചട്ട രൂപീകരണവും കൂടി വരുന്നതോടെ എല്ലാവിധ സ്വാതന്ത്ര്യത്തോടും ജീവിക്കുന്നതിനുള്ള സാഹചര്യം ജില്ലയിലെ ജനങ്ങൾക്ക് കൈവരും. ടൂറിസം രംഗത്തും വ്യവസ്ഥാപിതമായി നിയമസാധുതയോടു കൂടി പ്രവർത്തിക്കാനുള്ള അവസരവുമുണ്ട്‌. ഹോംസ്റ്റേകൾ, ഹോട്ടലുകൾ, പാർക്കുകൾ, ടൂറിസം, പാർക്കിങ് ഏരിയകൾ ഉൾപ്പടെ നിയമപരമായ അംഗീകാരത്തോടെ നടത്താൻ കഴിയും. സംസ്ഥാനത്താകെ ബാധകമായ നിയമത്തിൽ സംസ്ഥാന കോൺഗ്രസ്‌ നേതൃത്വത്തിന്‌ മൗനംസമ്മതമെന്ന നിലപാടിലാണ്‌. എന്നാൽ ജില്ലയിൽ ചില അരാഷ്ട്രീയ സംഘടനകളും കോൺസും എതിർപ്പുകളുമായി മുന്നോട്ട് വരുന്നത് രാഷ്ട്രീയലക്ഷ്യം മുന്നിൽ കണ്ടാണ്. ഭൂപ്രശ്‌നത്തിന് പരിഹാരം കണ്ടതിനൊപ്പം ജില്ല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ വന്യജീവി ആക്രമണത്തിനും പരിഹാരം കാണാനുള്ള നിയമഭേദഗതി കൂടി സർക്കാർ കൊണ്ടുവന്നതോടെ ഇരട്ടനേട്ടമാണ് ഇടുക്കിക്ക് വന്നുചേർന്നിട്ടുള്ളത്. അക്രമകാരികളായ മൃഗങ്ങളെ അപ്പോൾ തന്നെ വെടിവച്ചുകൊല്ലാൻ ഉത്തരവിടാൻ അനുമതി നൽകുന്ന വന്യജീവി ഭേദഗതി നിയമം ജില്ലയുടെ ജനജീവിതത്തിന് ഒട്ടൊന്നുമല്ല ആശ്വാസം പകരുന്നത്‌. അക്ഷരാർഥത്തിൽ മലയോര ജനതയെ ഇരുകൈയും നീട്ടി ചേർത്തു പിടിക്കുന്ന രാഷ്ട്രീയ ഉത്തരവാദിത്വമാണ് പിണറായി സർക്കാരിനുള്ളത്‌. സംസ്ഥാന സർക്കാരിന് വന്യജീവിനിയമത്തിൽ ഭേദഗതി വരുത്താം എന്ന് ഇത്രനാളും പറഞ്ഞിരുന്ന ഡീൻ കുര്യാക്കോസ്‌ എംപിയും യുഡിഎഫും പ്രസ്‌താവനകളുമായി ഇറങ്ങിയതും ജനങ്ങൾ തിരിച്ചറിയും വാർത്താസമ്മേളനത്തിൽ സിപിഐ എം ജില്ലാ കമ്മറ്റിയംഗങ്ങളായ പി എൻ വിജയൻ, ടി എം ജോൺ, രമേഷ് കൃഷ്‌ണൻ, ഏരിയ സെക്രട്ടറി വി സി അനിൽ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home