മലയോരജനതയ്ക്ക് ഓണസമ്മാനം

ഭൂനിയമ ഭേദഗതിബില്ലിൽ ഒപ്പുവയ്‌ക്കാതെ മനഃപൂർവം താമസിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ 2024 ജനുവരി ഒമ്പതിന് എൽഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ രാജ്‌ഭവൻ മാർച്ചിൽ എം എം മണി എംഎൽഎ സംസാരിക്കുന്നു(ഫയൽ ചിത്രം)
നിധിൻ രാജു
Published on Aug 28, 2025, 12:31 AM | 2 min read
ഇടുക്കി
ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് അംഗീകാരം നൽകി മലയോര ജനതയ്‌ക്ക് എൽഡിഎഫ് സർക്കാരിന്റെ ഓണസമ്മാനം. ആറര പതിറ്റാണ്ടിലേറെ നിലനിന്ന നിയമക്കുരുക്കുകൾക്കും പ്രതിസന്ധികൾക്കും ഇതോടെ വിരാമമായി. 2023 സെപ്‌തംബർ 14നാണ് നിയമസഭ ബിൽ പാസാക്കിയത്. ചട്ടങ്ങൾക്കൂടി മന്ത്രിസഭ അംഗീകരിച്ചതോടെ ഇടുക്കിക്കാരുടെ ചിരകാലസ്വപ്‌നമാണ് യാഥാർഥ്യമായത്. ഇനി സബ്ജക്ട് കമ്മിറ്റി അംഗീകാരംകൂടി നേടുന്നതോടെ ചട്ടം പ്രാബല്യത്തിൽ വരും. ജനങ്ങൾക്കാകെ ഭൂമിയുടെ സ്വതന്ത്ര വിനിയോഗത്തിനുള്ള അവകാശം കൈവരുന്നതാണ് ചട്ടത്തിന്റെ അന്തസത്ത.
ചിരകാലസ്വപ്‌നം
ആധുനിക ഇടുക്കി ജില്ലയുടെ സാമൂഹ്യ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇടുക്കിയുടെ മലമേഖലകളിൽ ജീവിതത്തിന്റെ വേരുകൾ പടർത്തിയെങ്കിലും കുടിയേറ്റ ജനതയ്‌ക്ക്, ഭൂമിയുടെ അവകാശികളാകാൻ പതിറ്റാണ്ടുകളോളം കഴിഞ്ഞിരുന്നില്ല. കുടിയേറിയ മണ്ണിൽ അതിഥികളായി ഏറെനാൾ കർഷകജനത കഴിഞ്ഞു. അവരെ സ്വന്തം ഭൂമിയിൽ ഉറപ്പിച്ചുനിർത്തി, ഭൂമിയുടെ ഉടമസ്ഥരാക്കാൻ കഴിഞ്ഞത് കമ്യൂണിസ്റ്റ് –ഇടതു പ്രസ്ഥാനങ്ങളുടെ ഈടുറ്റ പോരാട്ടങ്ങളിലൂടെയാണ്. 1961 മുതൽ 1982 വരെ കോൺഗ്രസ്–യുഡിഎഫ് സർക്കാരുകൾ പത്തോളം കുടിയിറക്കുകൾ നടത്തി ആയിരങ്ങളെ തെരുവിലിറക്കി. ഭൂ അവകാശത്തിനുമേൽ നിബന്ധനകൾവച്ചും നൽകിയ പട്ടയം തിരികെവാങ്ങിയും കോൺഗ്രസ് മലയോരജനതയെ പിന്നിൽനിന്ന് കുത്തി. കുടിയിരുത്താനും ഭൂമിക്ക് അവകാശം നൽകാനും എ കെ ജിയുൾപ്പെടെയുള്ള നേതാക്കളുടെ ഐതിഹാസിക പോരാട്ടങ്ങൾ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളാണ്. കൂടാതെ കോൺഗ്രസ് സർക്കാരുകൾ തീർത്ത ചതിക്കുഴികൾ നികത്തി, ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാനും പട്ടയം നൽകാനുമാണ് എൽഡിഎഫ് സർക്കാരുകൾ ആദ്യംമുതൽക്കേ ശ്രമിച്ചത്.
പ്രതിസന്ധിയിലാക്കി കോൺഗ്രസ്
1964ൽ ആർ ശങ്കർ മുഖ്യമന്ത്രിയായിരിക്കെ നടപ്പാക്കിയ കേരളാ ഭൂപതിവിലെ നാലാം ചട്ടമാണ് നിർമാണമേഖലയിൽ പ്രതിസന്ധിയായത്. പിന്നീട് കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ കൊണ്ടുവന്ന 1993ലെ വനഭൂമിയിലെ കുടിയേറ്റം ക്രമീകരിക്കൽ പ്രത്യേക ചട്ടങ്ങളും ഭൂപ്രശ്‌നങ്ങൾ സങ്കീർണമാക്കി. ഇവരുടെ കാലത്തെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം, പതിച്ചുകിട്ടുന്ന ഭൂമി കൃഷിയ്ക്കും വീടുവയ്ക്കുന്നതിനും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. 1964ലെ കേരളാ ഭൂപതിവിലെ എട്ടാം ചട്ടപ്രകാരം ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ പട്ടയം റദ്ദാക്കാനുള്ള അധികാരം കൂട്ടിച്ചേർത്തതുമാണ് തിരിച്ചടിയായത്. 2012ൽ അടൂർ പ്രകാശ് റവന്യൂ മന്ത്രിയും സുശീല ഭട്ട് സ്പെഷ്യൽ ഗവ. പ്ലീഡറുമായിരിക്കെയാണ് ഈ നിയമം നടപ്പാക്കണമെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. സ്വകാര്യ കെട്ടിടനിർമാണം, ചട്ടത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും കെട്ടിടം ഏറ്റെടുക്കണമെന്നും കോൺഗ്രസ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. 2016ൽ ഒന്നാം പിണറായി സർക്കാർ നിയമ ഭേദഗതി കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ, അത് അട്ടിമറിക്കാനാണ് അന്നും കോൺഗ്രസ് ശ്രമിച്ചത്.
ചേർത്തുപിടിച്ച് എൽഡിഎഫ്
2010ൽ വി എസ് സർക്കാർ 1993ലെ ഭൂമിപതിവ് ചട്ടപ്രകാരം പതിച്ചുകിട്ടിയ ഭൂമി കൈമാറ്റം ചെയ്യാൻ പാടില്ലെന്ന വ്യവസ്ഥ മുൻകാല പ്രാബല്യത്തോടെ റദ്ദുചെയ്‌ത് ഉത്തരവിറക്കി. 1964ലെ ചട്ടം അഞ്ച് പ്രകാരം പതിച്ചുകിട്ടുന്ന ഭൂമിയുടെ അളവ് നാല് ഏക്കറിൽ നിന്ന് ഒരേക്കറാക്കി ചുരുക്കിയത് 2017ൽ പിണറായി സർക്കാർ പുനഃസ്ഥാപിക്കുകയും കുടുംബവാർഷിക വരുമാനം ഒരുലക്ഷം രൂപയായിരുന്നത് ഒഴിവാക്കുകയുംചെയ്‌തു. കൈവശഭൂമിയും കൈവശത്തിലില്ലാത്ത സർക്കാർ ഭൂമിയും പതിച്ചുനൽകാൻ വ്യത്യസ്ഥമായ പട്ടയ ഫോമുകൾ പ്രാബല്യത്തിൽ കൊണ്ടുവന്നു. ഇരട്ടയാർ ഡാമിന്റെ 10 ചെയിൻ പ്രദേശത്തും ഇടുക്കി പദ്ധതിയുടെ ചുറ്റുമുള്ള ഏഴുചെയിൻ പ്രദേശത്തും പട്ടയം നൽകി. സർവേ നമ്പർ തെറ്റായി രേഖപ്പെടുത്തിയതിന്റെ പേരിൽ പട്ടയംകിട്ടാത്ത ഭൂ ഉടമകൾക്ക് നിജസ്ഥിതി പരിശോധിച്ച്, തിരുത്തലുകൾ വരുത്താൻ ഉത്തരവിറക്കി. ഗാഡ്‌ഗിൽ–-കസ്‌തൂരിരംഗൻ റിപ്പോർട്ടിന്റെ പരിധിയിൽനിന്ന് തോട്ടങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും പൂർണമായി ഒഴിവാക്കി, വനത്തിൽമാത്രം ഇഎസ്എ നിശ്ചയിച്ച് സമഗ്രവും ശാസ്ത്രീയവുമായ റിപ്പോർട്ടും ഭൂപടവും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയതും പിണറായി വിജയൻ സർക്കാരാണ്. ചട്ടങ്ങളുടെയും നിയന്ത്രണങ്ങളുടെയും ചങ്ങലയിൽ കുടുങ്ങിയ ഭൂവിനിയോഗ അവകാശം, ഒടുവിൽ ചരിത്രപരമായൊരു തീരുമാനത്തിലൂടെ മോചിതമായി. മലയോര ജനതയുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അന്ത്യംകുറിച്ചാണ് എൽഡിഎഫ് സർക്കാർ നിയമസഭയിൽ ഭൂനിയമ ഭേദഗതി യാഥാർഥ്യമാക്കിയത്. ചട്ടത്തിനും അംഗീകാരമായതോടെ, ഇനി ഇടുക്കിക്കാരന് സ്വന്തം വീട്ടുമുറ്റത്തെ മണ്ണ് കൃഷിയിടമല്ലാതെ, ജീവിതത്തിന്റെയും ഭാവിയുടെയും അടിസ്ഥാനമായി വിനിയോഗിക്കാം. തലമുറകൾ കാത്തിരുന്ന സാമൂഹിക നീതിയുടെ വിജയം കൂടിയാണിത്.









0 comments