സര്‍ക്കാര്‍ നിലപാട് ശരിവച്ച് പ്രതിപക്ഷ നേതാവ്
യാഥാർഥ്യം മനസ്സിലാക്കാതെ മതനേതാക്കളും പോരാട്ടവേദിയും

സജി തടത്തിൽ
Published on Oct 06, 2025, 12:30 AM | 3 min read
ചെറുതോണി
രാഷ്ട്രീയസംശുദ്ധി നഷ്ടപ്പെട്ട കോണ്‍ഗ്രസ്സിന്റെ വേദിയിലേക്ക് ഓടിക്കയറിയ അഭിനവ കര്‍ഷക സ്നേഹികള്‍ക്ക് പ്രതിപക്ഷ നേതാവിന്റെ നിലപാട് തിരിച്ചടിയായി. അടിമാലിയില്‍ നടന്ന കര്‍ഷക കോണ്‍ക്ലേവ് ജില്ലാ കോണ്‍ഗ്രസിനും മതസ്ഥാപന പ്രതിനിധികള്‍ക്കും പോരാട്ടവേദിക്കും നിരാശയാണ് സമ്മാനിച്ചത്. ഭൂപതിവ് നിയമ ഭേദഗതിചട്ടം നടപ്പാക്കുന്ന സര്‍ക്കാര്‍ നിലപാട് ശരിയാണെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പ്രതിപക്ഷ നേതാവ് പ്രസംഗിച്ചതോടെ സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കും ഇരുട്ടടിയായി. കോണ്‍ക്ലേവില്‍ പങ്കെടുത്ത മതസ്ഥാപന പ്രതിനിധികളും ആമുഖ പ്രസംഗകനും സംഘടനാ പ്രതിനിധികളും പറഞ്ഞത് നിയമ ഭേദഗതിയുടെയോ ചട്ട രൂപീകരണത്തിന്റെയും ആവശ്യമില്ലെന്നാണ്. നിയമസഭയില്‍ പോലും അവതരിപ്പിക്കേണ്ട ആവശ്യമില്ലെന്നും മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കാൻ ഉത്തരവിട്ടാല്‍ മതിയെന്നായിരുന്നു എല്ലാവരുടെയും നിലപാട്. ഈ വിവരക്കേടുകളെ നിയമപരമായി വിശദീകരിച്ചാണ് പ്രതിപക്ഷ നേതാവ് ഖണ്ഡിച്ചത്. മൂന്ന് കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കോണ്‍ക്ലേവില്‍ പറഞ്ഞത്. ഒന്നാമതായി 1960ലെ ഭൂ നിയമം ഭേദഗതി ചെയ്യണം. ഹൈക്കോടതിയും സുപ്രീംകോടതിയും വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതേത്തുടർന്നാണ് നിയമസഭയില്‍ 2024 സെപ്തംബർ 14ന് അവതരിപ്പിച്ച ഭൂനിയമ ഭേദഗതി ബില്ലിനെ പിന്തുണച്ചതും ഐകകണ്ഠ്യേന പാസ്സാക്കിയതും. രണ്ടാമതായി നിയമം(ആക്ട്) നടപ്പാക്കണമെങ്കില്‍ ചട്ടം (റൂള്‍) രൂപീകരിക്കണം. അതുകൊണ്ടാണ് ചട്ടം രൂപീകരണം കൃത്യമായി നടപ്പാക്കിയത്. മൂന്നാമതായി നിലവിലുള്ള നിര്‍മാണം ക്രമവല്‍ക്കരിച്ചേ മതിയാകൂ. കാരണം 1960ലെ ഭൂ പതിവ് നിയമപ്രകാരം നിര്‍മിച്ച എല്ലാ കെട്ടിടങ്ങളും അനധികൃതമാണെന്ന് ഹൈക്കോടതി കണ്ടെത്തി. ചില പട്ടയങ്ങള്‍ റദ്ദാക്കി. ഈ സാഹചര്യത്തില്‍ നിലവിലെ നിര്‍മാണങ്ങള്‍ക്ക് നിയമസാധുത നല്‍കി ക്രമവല്‍ക്കരിക്കുകയെ വഴിയുള്ളൂ. മാത്രമല്ല, കോണ്‍ഗ്രസ് മുതിര്‍ന്ന നിയമ വിദഗ്ധരുടെ സംഘം രൂപീകരിച്ച് പഠനം നടത്തി. ഇൗ റിപ്പോട്ട് അംഗീകരിക്കുകയും ചെയ്തതായി വി ഡി സതീശന്‍ വ്യക്തമാക്കി.
പോരാട്ടവേദി വീണ്ടും ഒറ്റപ്പെട്ടു
സര്‍ക്കാരിനെതിരെ എന്തെങ്കിലും പിടിവള്ളി കിട്ടുമോ എന്ന് അന്വേഷിച്ചെത്തിയ പോരാട്ടവേദിക്കും സമുദായ പ്രതിനിധികള്‍ക്കും സതീശന്റെ നിലപാട് കനത്ത തിരിച്ചടിയായി. ഹൈറേഞ്ച് സംരക്ഷണ സമിതിയെ ഒറ്റുകൊടുത്ത, ഇടതുവിരുദ്ധതയുടെ പ്രതീകമായ അടിമാലിയിലെ വ്യാപാരിയുടെ ആമുഖ പ്രസംഗവും ഫലം കണ്ടില്ല. ഭൂ പതിവ് നിയമഭേദഗതിചട്ടം നടപ്പാക്കുന്നതിൽ, ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള നിലപാടല്ല സംസ്ഥാന നേതൃത്വത്തിനും പ്രതിപക്ഷനേതാവിനെന്നും എല്‍ഡിഎഫ് ജില്ലാ നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ഗാഡ്‌ഗിൽ– കസ്‌തൂരിരംഗൻ റിപ്പോർട്ടുകൾ നടപ്പാക്കാൻ ശ്രമിച്ച് ജില്ലയിലെ ജനമനസ്സുകളിൽനിന്നും കോണ്‍ഗ്രസ് പുറത്തായതാണ്. തകർന്ന കോൺഗ്രസിന് ഊര്‍ജം പകരാന്‍ പോരാട്ടവേദിക്കാര്‍ ഒരുക്കിയ കെണിയില്‍ മതസ്ഥാപന പ്രതിനിധികളും ചെന്നുപെടുകയായിരുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശക്തിപകരാന്‍ ചട്ട ഭേദഗതി ദുരുപയോഗം ചെയ്യാമെന്ന് കരുതിയ ജില്ലാ കോണ്‍ഗ്രസിനും പ്രതിപക്ഷ നേതാവിന്റെ ഇക്കാര്യത്തിലുള്ള ശരിയായ നിലപാട് ദഹിക്കാതെയായി. മുന്‍കാല പ്രാബല്യം മതിയെന്ന് ഉരുവിട്ട് നടന്ന കോണ്‍ഗ്രസ് അനുകൂല മതസമുദായിക പ്രതിനിധികള്‍ക്കും തങ്ങളുടെ തെറ്റ് തിരിച്ചറിയാനുള്ള വേദികൂടിയായി കോണ്‍ക്ലേവ് മാറി.
ചട്ടഭേദഗതിയിലേക്കെത്തിയ നാള്‍വഴികള്‍
● 1960 ലെ ഭൂ നിയമപ്രകാരം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ നല്‍കി. ● 1964 ലെ ചട്ടങ്ങളും വ്യവസ്ഥകളും പാലിച്ച് നല്‍കിയ കൃഷിയിടത്തില്‍ വീടുകള്‍ക്കൊപ്പം നിർമാണവും നടത്താം ● 2014 വരെ 54 വര്‍ഷം വ്യാപാര- വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പടെ യഥേഷ്ടം കെട്ടിട നിര്‍മാണങ്ങള്‍ നടത്തി. ● ചിന്നക്കനാലിലെ ക്ലബ് മഹീന്ദ്ര ഹോട്ടലിനെതിരായ കേസില്‍ കൃഷി ഭൂമിയിലാണ് ഹോട്ടല്‍ നിലകൊള്ളുന്നതെന്നും ഇത് നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെന്നും 2014 നവംബര്‍ 29ന് റവന്യൂ വകുപ്പിന്റെ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സൂശീല ഭട്ട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി ● അടൂര്‍ പ്രകാശ് റവന്യൂ മന്ത്രിയായിരിക്കെയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകിയത്. ഇതേ തുടര്‍ന്നാണ് ഹോട്ടലിനെതിരായിപട്ടയ വ്യവസ്ഥ ലംഘിച്ചു എന്ന് കാണിച്ച് ഹൈക്കോടതി ഉത്തരവിട്ടത്. ● സുശീല ഭട്ടിന്റെ സത്യവാങ്മൂലത്തിന്റെ പിന്‍ബലത്തില്‍ പള്ളിവാസല്‍ മേഖലയിലെ വാണിജ്യ നിര്‍മ്മാണങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി പ്രസിഡന്റായിരുന്ന ബിജോമാണി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കി ● കൃഷിക്കും വീടു വയ്ക്കുന്നതിനും നല്‍കിയ ഭൂമിയില്‍ പട്ടയ വ്യവസ്ഥ ലംഘിച്ച് വാണിജ്യ നിര്‍മാണം നടത്തി എന്ന് വിജിലന്‍സ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ● ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഹരിദാസ്, മാത്യു മാടപ്പറമ്പില്‍ എന്നിവരുടെ കെട്ടിടങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി. ● കലക്ടറുടെ സ്റ്റോപ്പ് മെമ്മോയ്ക്കെതിരെ കോൺഗ്രസ് നേതാവായ മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയില്‍ കേസ് നടത്തി. ● സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പള്ളിവാസലിലെ വാണിജ്യ നിര്‍മാണം ചട്ട വ്യവസ്ഥ ലംഘിച്ചാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ● പള്ളിവാസലില്‍ മാത്രമല്ല 1960 ലെ നിയമ പ്രകാരം ജില്ലയില്‍ നിര്‍മിച്ചിട്ടുള്ള മുഴുവന്‍ കെട്ടിടങ്ങളും നിയമ വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതേ തുടര്‍ന്ന് പള്ളിവാസലിലെ കെട്ടിടത്തിന്റെ പട്ടയം കലക്ടര്‍ റദ്ദാക്കി. ● 2024 സെപ്തംബർ 14ന് ഭൂ പതിവ് നിയമ ഭേദഗതി ബിൽ നിയമസഭ അംഗീകരിച്ചു.









0 comments