വെളിച്ചെണ്ണയിലെ വ്യാജനെ പിടിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്
ഓപറേഷൻ നാളികേര


സ്വന്തം ലേഖകൻ
Published on Jul 31, 2025, 12:45 AM | 1 min read
ഇടുക്കി
വിപണിയിലെ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സ്പെഷ്യൽ ഡ്രൈവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. വെളിച്ചെണ്ണയുടെ വില കൂടുന്ന സാഹചര്യത്തിൽ മായം ചേർത്ത വെളിച്ചെണ്ണ വിപണിയിലെത്താവുന്ന സാഹചര്യം മുന്നിൽ കണ്ടാണ് വകുപ്പിന്റെ ഇടപെടൽ. ഓപറേഷൻ ലൈഫിന്റെ ഭാഗമായി വെളിച്ചെണ്ണയിലെ വ്യാജനെ കണ്ടെത്താൻ ‘ഓപറേഷൻ നാളികേര’ എന്ന പേരിലാണ് പ്രത്യേക ഡ്രൈവ് നടപ്പാക്കിയത്. ജില്ലയിൽ 61 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പരിശോധനയുടെ ഫലമായി മൂന്ന് സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഏഴ് സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും ഏഴ് സർവൈലൻസ് സാമ്പിളുകളും തുടർ പരിശോധനകൾക്കായി ശേഖരിച്ചു. ഇവ എറണാകുളം കാക്കനാട് റീജണൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു. ഇവയുടെ ഫലത്തിനനുസരിച്ചാകും തുടർ നടപടികൾ. വെളിച്ചെണ്ണ നിർമാണ യൂണിറ്റുകളും മൊത്ത–ചില്ലറ വ്യാപാര കേന്ദ്രങ്ങളുമാണ് പരിശോധിച്ചത്. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് ജില്ലാ അസി. ഫുഡ് സേഫ്റ്റി കമീഷണർ ബൈജു പി ജോസഫ് പറഞ്ഞു. വെളിച്ചെണ്ണ വില കുത്തനെ ഉയർന്നതിനെ തുടർന്ന് വിപണിയിൽ വ്യാജന്മാരെത്താനുള്ള സാധ്യത കൂടുതലാണ്. വമ്പൻ ബ്രാൻഡുകളുടെ പേരുൾപ്പെടെ ഉപയോഗിച്ച് നിരവധി ‘ശുദ്ധമായ’ വെളിച്ചെണ്ണകൾ വിപണിയിലുണ്ട്. മണവും നിറവും ലഭിക്കാൻ പാം ഓയിലും സൺഫ്ലവർ ഓയിലും ചേർത്തവയും വിപണിയിലെത്തുന്നുണ്ട്. ആരോഗ്യത്തിന് ഹാനികരമായ പാരഫീൻ ഓയിലും കെർനൽ ഓയുലും വ്യാപകമായി ചേർക്കുന്നതായും വിവരങ്ങളുണ്ട്. അമിത ലാഭമുണ്ടാക്കാൻ വെളിച്ചെണ്ണയിൽ വില കുറഞ്ഞ എണ്ണകളും കലർത്തുന്നുണ്ടെന്നാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കണ്ടെത്തൽ. ഓണക്കാലമാകുന്നതോടെ വെളിച്ചെണ്ണക്ക് ഡിമാൻഡ് കൂടും. ഇതോടെ വ്യാജൻമാർ എത്താനുള്ള സാധ്യതയും വർധിക്കും. മായം ചേർത്ത വെളിച്ചെണ്ണയുടെ വിൽപനയ്ക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. വിപണിയിലെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ നിർമാതാക്കളും കച്ചവടക്കാരും ശ്രദ്ധിക്കണമെന്നും വെളിച്ചെണ്ണയുടെ ഗുണനിലവാരത്തിൽ സംശയം തോന്നിയാൽ ടോൾ ഫ്രീ നമ്പറായ 1800 425 1125ൽ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.









0 comments