ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ ഇനി നടന്നു കാണാം

ഇടുക്കി ചെറുതോണി അണക്കെട്ടുകൾ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

സ്വന്തം ലേഖകൻ
Published on Nov 08, 2025, 11:38 PM | 1 min read
ചെറുതോണി
ഇടുക്കി ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാൻ കാൽനടക്കാർക്കും അനുമതി ലഭിച്ചു. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് അനുമതി നൽകിയത്. വെള്ളി ഉച്ചയ്‍ക്ക് മന്ത്രി ആദ്യ ടിക്കറ്റ് വ്യാപാരി വ്യവസായി ഏകോപനസമിതി ചെറുതോണി യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴിക്കണ്ടത്തിന് നൽകി ഉദ്ഘാടനംചെയ്തു. ദിവസേന 3470 പേർക്ക് ഇടുക്കി അണക്കെട്ട് സന്ദർശിക്കാൻ പാസ് ലഭിക്കും. നിലവിൽ എട്ട് ബഗ്ഗി കാറുകളിൽ 1240 പേർക്കാണ് ഒരുദിവസം സന്ദർശന അനുമതിയുണ്ടായിരുന്നത്. കാൽനടയാത്രക്കാർക്ക് അനുമതി ഉണ്ടായിരുന്നില്ല. 2500 പേർക്ക് കൂടി കാല്‍നടയായി സഞ്ചരിക്കാം. ബഗ്ഗി കാറിൽ സഞ്ചരിക്കാൻ മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണ് ഫീസ്. കാൽനട യാത്രക്കാർക്ക് മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയും മതി. രാവിലെ 9.30മുതല്‍ അഞ്ചുവരെയാണ് സന്ദർശന സമയം. വൈകിട്ട് 3.30 വരെ ടിക്കറ്റ് ലഭിക്കും. സുരക്ഷാ പരിശോധന കർശനമാക്കും കർശനമായ പരിശോധനകൾക്കും സുരക്ഷാ മാനദണ്ഡങ്ങൾക്കും ശേഷം മാത്രമേ സന്ദർശകരെ കയറ്റിവിടുകയുള്ളൂ. കുടിവെള്ളവും കുടയും കൈവശം വയ്ക്കാം.
ചെറുതോണി അണക്കെട്ടിലൂടെ കയറി സന്ദർശനം നടത്തി തിരികെ ചെറുതോണി അണക്കെട്ടിലൂടെ തന്നെ പുറത്തേക്ക് പോകണം. കൂടുതൽ സന്ദർശകർക്ക് അനുമതി നൽകുന്നതിനാൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സന്ദർശകരുടെ എണ്ണം വർധിച്ചാൽ അതിനനുസൃതമായി ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുമെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു. കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പൊലീസ് മേധാവി സാബു മാത്യു, അണക്കെട്ട് സുരക്ഷാ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ സൈനബ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ രാഹുൽ രാജശേഖരൻ, ഹൈഡൽ ടൂറിസം സീനിയർ മാനേജർ ജോയൽ തോമസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.









0 comments