സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വീടിന്‌ തറക്കല്ലിടും

ആകാശത്തോളം അഭിമാനം, 
ദേവപ്രിയക്ക് ഇന്ന് ജന്മനാടിന്റെ ആദരം

ദേവപ്രിയ

ദേവപ്രിയയുടെ അച്ഛൻ ഷെെബുവും അമ്മ ബിസ്മിയും മുത്തശ്ശി ശാന്തയും വീടിനുമുന്നിൽ

avatar
സ്വന്തം ലേഖകന്‍

Published on Oct 29, 2025, 12:41 AM | 1 min read

ചെറുതോണി

സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സിലെ പഴക്കമേറിയ റെക്കോഡ് തകർത്ത ദേവപ്രിയയ്‌ക്ക് ജന്മനാട് ബുധനാഴ്‌ച സ്വീകരണം നൽകും. സബ് ജൂനിയർ പെൺകുട്ടികളുടെ മത്സരത്തിൽ 12.69 സെക്കൻഡിൽ ലക്ഷ്യത്തിലെത്തിയാണ് കാൽവരിമൗണ്ട് സ്‌കൂളിന്റെ ഈ മിന്നും താരം പൊന്നണിഞ്ഞത്. ഈ വർഷം മീറ്റ് റെക്കോഡ് തകർത്താൽ വീടെന്ന സ്വപ്നം പൂവണിയുമെന്ന് സ്‌കൂളിലെ പരിശീലകൻ ടിബിൻ ജോസഫ് പ്രതീക്ഷ നൽകുകയുംചെയ്തു. 1987ൽ ബിന്ദു മാത്യു കുറിച്ച റെക്കോഡാണ് ദേവപ്രിയ തകർത്തെറിഞ്ഞത്. സ്വന്തമായി ഒരു വീട് ഇല്ലാത്തതിന്റെ ദുഃഖത്തിലായിരുന്നു ദേവപ്രിയ ട്രാക്കിലിറങ്ങിയത്. ആ ദുഃഖത്തിന്‌ പരിഹാരമായി സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്‌ നിർമിച്ച്‌ നൽകുമെന്ന്‌ ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ അറിയിച്ചതിന്റെ സന്തോഷത്തിലാണ്‌ ദേവപ്രിയയും സഹോദരിയും തിരികെയെത്തുന്നത്‌. രാവിലെ 10ന് ദേവപ്രിയയ്‌ക്ക് കാൽവരിമൗണ്ട് സ്കൂളിൽ ഗംഭീര വരവേൽപ്പ് നൽകും. സ്കൂളിലെ സ്വീകരണത്തിനുശേഷം 10.30ന് നടക്കുന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഓൺലൈനായി തറക്കല്ലിടീൽ നിർവഹിക്കും. യോഗത്തിൽ ജില്ലാ സെക്രട്ടറി സി വി വർഗീസ് അധ്യക്ഷനാകും. മുൻ മന്ത്രി എം എം മണി എംഎൽഎ, റോമിയോ സെബാസ്റ്റ്യൻ എന്നിവർ സംസാരിക്കും. തുടർന്ന് 11.30ന് തങ്കമണി ടൗണിൽ പഞ്ചായത്തും നാട്ടുകാരും ചേർന്നൊരുക്കുന്ന പൗരസ്വീകരണവും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Home