ആത്മീയ–സമുദായ നേതാക്കൾ കോൺഗ്രസ്‌ വേദിയിലെത്തിയത്‌ അനുചിതം: എൽഡിഎഫ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Oct 05, 2025, 12:00 AM | 2 min read

ചെറുതോണി

ഗാഡ്‌ഗിൽ റിപ്പോർട്ട്‌ ഇടുക്കിയിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ ഹരിത എംഎൽഎമാരുടെ പ്രത്യേക ബ്ലോക്കുണ്ടാക്കിയ വി ഡി സതീശന്റെ കോൺഗ്രസ്‌ വേദിയിൽ ആത്മീയ–സമുദായ നേതാക്കളെത്തിയത്‌ അവസരവാദപരമാണെന്ന്‌ എൽഡിഎ-ഫ്‌ ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു. മന്ത്രിസഭ അംഗീകരിച്ച ഭൂപതിവ്‌ നിയമ ഭേദഗതിചട്ടത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളാണ്‌ സഭയും സമുദായ സംഘടനകളും. ഇടുക്കി, കോതമംഗലം, കാഞ്ഞിരപ്പള്ളി, വിജയപുരം, പാല രൂപതകളുടെ കീഴിലായി 340 ദേവാലയങ്ങൾ ജില്ലയിലുണ്ട്‌. പ്രൊട്ടസ്റ്റന്റ്‌ സഭാവിഭാഗങ്ങളുടെ നൂറുകണക്കിന്‌ പള്ളികൾ വേറെയും. മദ്രസകളും ക്ഷേത്രങ്ങളും ഉൾപ്പെടെയുള്ള ആരാധനാലയങ്ങളെ മുഴുവൻ ക്രമവൽക്കരിച്ച്‌ നിയമസാധുത നൽകുന്നതിനുള്ള ചരിത്രപരമായ തീരുമാനമാണ്‌ എൽഡിഎഫ്‌ സർക്കാരിന്റേത്‌. 165 എയ്‌ഡഡ്‌, 50 ലധികം സിബിഎസ്‌സി, 200 ലധികം സ്വകാര്യ പ്രൈമറി സ്‌കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിയമപരിരക്ഷ ലഭിച്ചു. ആരാധനാലയങ്ങളുടെ പരിരക്ഷ കാലങ്ങളായുള്ള ആവശ്യങ്ങളിലൊന്നായിരുന്നു. അപേക്ഷയോ ഫീസോ ഇല്ലാതെ ആരാധനാലയങ്ങളും സമുദായ സ്ഥാപനങ്ങളും നിയമവിധേയമാക്കപ്പെടുന്ന ഘട്ടത്തിൽ ആത്മീയ–സമുദായ നേതാക്കൾ വേട്ടക്കാരുടെ വേദിയിലെത്തിയത്‌ അത്ഭുതപ്പെടുത്തുന്നു. സർക്കാർ തീരുമാനത്തിന്റെ ഗുണം അനുഭവിക്കുന്നവർ വാസ്‌തവവിരുദ്ധത പ്രചരിപ്പിക്കുന്ന കോൺഗ്രസ്‌ വേദിയിലെത്തിയത്‌ ഉചിതമാണോയെന്ന്‌ സഭാനേതൃത്വം പരിശോധിക്കണം. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ്‌ ഭരിച്ചുകൊണ്ടിരിക്കെ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ മലയോര ജനതയെ നിർബന്ധിത കുടിയിറക്കത്തിന്‌ കരുക്കൾ നീക്കിയത്‌ മറന്നുകൂടാ. ഗാഡ്‌ഗിൽ–കസ്‌തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരെ പോരാട്ടം നയിച്ച മാർ. മാത്യു ആനിക്കുഴിക്കാട്ടിലിന്റെയും മാർ. മാത്യു അറയ്‌ക്കലിന്റെയും ധീരമായ നിലപാടുകളുടെ സ്‌മരണകൾ ഇടുക്കിയുടെ മണ്ണിൽ ഉയർന്നുനിൽക്കുന്നു. ആ നിലപാടുകൾ ഒന്നാകെ ഹരിത എംഎൽഎയുടെ കാൽക്കീഴിൽവയ്‌ക്കുന്ന പുതിയകാല പുരോഹിതർക്ക്‌ കാലം മാപ്പുനൽകില്ല. കോൺഗ്രസിന്റ മെഗാഫോണുകളായ സംഘടനകൾ വി ഡി സതീശന്റെ പരിപാടിയിൽ പങ്കെടുക്കുന്നതുപോലെയല്ല, ആത്മീയ–സമുദായ നേതാക്കൾ യുഡിഎഫ്‌ വേദിയിലേക്കെത്തുന്നത്‌. ഗാഡ്‌ഗിൽ നടപ്പാക്കണമെന്ന്‌ വാദിച്ചത്‌ വി ഡി സതീശനാണ്‌. കെട്ടിടനിർമാണത്തിനെതിരെ ഹൈക്കോടതിയിൽ കേസ്‌ നൽകുകയും ചിന്നക്കനാലിൽ ഭൂമി കൈയേറിയ കുഴൽനാടനുമാണ്‌.

1960ലെ ഭൂനിയമപ്രകാരമുള്ള പള്ളിവാസലിലെ നിർമാണത്തിനെതിരെ വിജിലൻസിൽ പരാതിനൽകിയ യൂത്ത്‌ നേതാവിനുമൊപ്പം ആത്മീയ–സമുദായ നേതാക്കളിരിക്കുന്ന ചിത്രം വിരോധാഭാസമാണ്‌. യുഡിഎഫ്‌ കാലത്തെ 16 ഉപാധികളുള്ള പട്ടയം മാറ്റി ഉപാധിരഹിത പട്ടയം എൽഡിഎഫ്‌ നൽകി. 1960ലെ ഭൂപതിവ്‌ നിയമം ഭേദഗതി ചെയ്‌തു. പട്ടയത്തിന്റെ വരുമാന പരിധി എടുത്തുകളഞ്ഞു. പതിച്ചുകിട്ടുന്ന ഭൂമി കൈമാറ്റം ചെയ്യാനുള്ള അവകാശം പുനസ്ഥാപിച്ചു. പട്ടയഭൂമി നാല്‌ ഏക്കർ വരെയായി ഉയർത്തി. പത്ത്‌ചെയിനിൽ ഉൾപ്പെടെ 55,000 പേർക്കാണ്‌ എൽഡിഎഫ്‌ സർക്കാർ പട്ടയം നൽകിയത്‌. ജനങ്ങളാവശ്യപ്പെട്ട മുഴുവൻ ഭൂപ്രശ്‌നങ്ങളും ഒന്നൊന്നായി പരിഹരിച്ച സർക്കാരിനെ ഒറ്റുകൊടുക്കാൻ കൂട്ടുനിന്നവരോട്‌ വരും തലമുറ പൊറുക്കില്ല.

കള്ളക്കഥയിൽ കെട്ടിപ്പൊക്കിയ ആയിരം കോൺക്ലേവുകൾ നടന്നാലും ജനങ്ങൾ സത്യത്തിനൊപ്പം നിലകൊള്ളും. അവിശുദ്ധ കൂട്ടുകെട്ടിലൂടെ കപട സമരനാടകങ്ങൾ അരങ്ങുതകർത്താലും എൽഡിഎഫ്‌ സർക്കാരിന്റെ മൂന്നാംവരവിനെ തടയാനാവില്ലെന്നും നേതാക്കൾ പറഞ്ഞു. ഇടുക്കിയിൽ ചേർന്ന എൽഡിഎഫ്‌ യോഗത്തിൽ കൺവീനർ കെ സലിംകുമാർ അധ്യക്ഷനായി. നേതാക്കളായ സി വി വർഗീസ്‌, ജോസ്‌ പാലത്തിനാൽ, കെ എൻ റോയി, അഡ്വ. കെ ടി മൈക്കിൾ, കോയ അന്പാട്ട്‌, സിബി മൂലേപ്പറന്പിൽ, രതീഷ്‌ അത്തിക്കൽ, കെ എം ജബ്ബാർ, സി എസ്‌ രാജേന്ദ്രൻ, ജോണി ചെരിവുപറന്പിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home