ഇടുക്കി ഗവ. നഴ്സിങ് കോളേജ്
ജില്ലാ സെക്രട്ടറിക്കെതിരായ പ്രചാരണം വ്യാജം: സിപിഐ എം

ചെറുതോണി
ഇടുക്കി ഗവ. നഴ്സിങ് കോളേജില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ജില്ലാ സെക്രട്ടറിയ്ക്കെതിരായുള്ള പ്രചാരണം വ്യാജവും രാഷ്ട്രീയ ലക്ഷ്യംവച്ചുള്ളതാണെന്നും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കലക്ടറുടെ ചേംബറില്‍ കൂടാന്‍ നിശ ്ചയിച്ചിരുന്ന യോഗം സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റിയെന്നത് പച്ചക്കള്ളമാണ്. ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷനായ സി വി വർഗീസിനെ ഇടുക്കി മെഡിക്കല്‍ കോളജ് വികസന സമിതിയില്‍ ആരോഗ്യമന്ത്രിയുടെ പ്രതിനിധിയായി സര്‍ക്കാരാണ് തീരുമാനിച്ചത്. കഴിഞ്ഞ ആഴ്ച കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പുതിയ അധ്യയന വര്‍ഷത്തില്‍ നവാഗതരായ കുട്ടികള്‍ക്ക് താമസസൗകര്യം കണ്ടെത്താന്‍ സര്‍ക്കാര്‍ നോമിനികളായ സി വി വര്‍ഗീസ്, ഷിജോ തടത്തില്‍ എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. ഇടുക്കി ഗവ. എന്‍ജിനിയറിങ് കോളജിലെ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ നിർമിക്കുന്നതിന് മുമ്പ് ഹോളിഫാമിലി ചര്‍ച്ചിന്റെ ഹോസ്റ്റലിലായിരുന്നു താമസമൊരുക്കിയത്. അന്നും വിദ്യാര്‍ഥികള്‍ക്കായി ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കിയത്. ഇക്കുറി പ്രവേശനം നേടിയ 60 നഴ്‌സിങ് വിദ്യാർഥികൾക്കായും ഹോളി ഫാമിലി ഹോസ്‌റ്റലാണ് ഒരുക്കിയത്.
നഴ്‌സിങ് ഹോസ്‌റ്റലുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ ചർച്ചചെയ്യാൻ ആശുപത്രി അധികാരികളും പിടിഎ, വിദ്യാർഥി പ്രതിനിധികൾ ജില്ലാ സെക്രട്ടറി സി വി വർഗീസ് പാർടി ഓഫീസിലുണ്ടോ എന്ന് വിളിച്ച് തിരക്കിയശേഷമാണ് കാണാനെത്തിയത്. പിടിഎ കമ്മിറ്റിയില്‍ ബിജെപി– കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ട്. പുതിയ ഹോസ്റ്റലിലെ ഫീസ് അടയ്ക്കില്ലെന്ന് കട്ടപ്പനയിലെ കോണ്‍ഗ്രസ് നേതാവായ വനിതാ പിടിഎ പ്രതിനിധി വാശിപിടിച്ചു. പിടിഎ പ്രതിനിധികള്‍ക്ക് രാഷ്ട്രീയമുണ്ടാകാം എന്നാല്‍, കോഴ്‌സ് തടസ്സപ്പെടുത്തരുതെന്നും പഠനം മുടക്കാതെ വിദ്യാര്‍ഥികള്‍ ഭാവി ശ്രദ്ധിക്കണമെന്നും ആശുപത്രി വികസന സമിതിയിലെ പ്രതിനിധിയായ അദേഹം ഉപദേശിക്കുക മാത്രമാണുണ്ടായത്. രണ്ടുകൊല്ലം മുന്പ് നഴ്‌സിങ് കോളേജിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കിയതും ജില്ലാ സെക്രട്ടറി സി വി വർഗീസ് നേരിട്ട് ഇടപെട്ടാണ്. വിദ്യാധിരാജ സ്കൂള്‍ മാനേജ്മെന്റുമായി അദേഹം സ്വന്തംനിലയില്‍ കരാർവച്ചാണ് കെട്ടിടം എടുത്തത്. രണ്ട്, മൂന്ന് വർഷ നഴ്‌സിങ്ങ് കോളേജ് വിദ്യാർഥികളായ 120 പേർ ഇവിടെ പഠിക്കുന്നുമുണ്ട്. ഇടുക്കി പോലുള്ള സ്ഥലത്ത് വേഗത്തില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കുക എളുപ്പമല്ല.
ഗവ. എന്‍ജിനിയറിങ് കോളജും പോളി ടെക്നിക്കും ഒക്കെ അനുവദിച്ച ആദ്യഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് താമസസ്ഥലം പൊതുപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒരുക്കുകയായിരുന്നു. മന്ത്രി റോഷി അഗസ്റ്റിനും സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും ഇടപെട്ടാണ് ഇടുക്കിയില്‍ ഗവ. നഴ്സിങ് കോളജ് അനുവദിപ്പിക്കുന്നത്. നഴ്സിങ് കോളജിനും ഹോസ്റ്റലിനുമായി അഞ്ച് ഏക്കര്‍ സ്ഥലവും 14 കോടി രൂപയും സർക്കാരിൽനിന്ന് അനുവദിക്കാനും നിരന്തര ഇടപെടൽ നടത്തി. ജില്ലാ സെക്രട്ടറി നേരിട്ട് ഇടപെട്ടാണ് നഴ്സിങ് കോളജിന് ജോണ്‍ ബ്രിട്ടാസ് എംപിയില്‍നിന്നും മൂന്ന് കോടിരൂപ വാങ്ങിയെടുത്തത്. അതേ സമയം ഡീന്‍ കുര്യാക്കോസ് എംപി നഴ്സിങ്ങ് കോളജിനുവേണ്ടി ഒരുരൂപ പോലും നല്‍കിയിട്ടില്ല. സി വി വർഗീസിന്റെ ഇടപെടലിലൂടെ എംബിബിഎസ് പഠനം നടത്തുന്ന മുരിക്കാശേരിയിലെ ശ്രുതിമോൾ ഇപ്പോൾ കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ അവസാനവർഷ വിദ്യാർഥിയാണ്. രണ്ടു പെൺകുട്ടികളെ നിയമബിരുദപഠനത്തിനും അയച്ചിട്ടുണ്ട്. മിടുക്കരായ നിരവധി വിദ്യാര്‍ഥികളെ കണ്ടെത്തി സൗജന്യമായി പഠനസൗകര്യം ഒരുക്കുകയും മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് മുന്നേറ്റത്തിനായി നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സിപിഐ എം ജില്ലാ സെക്രട്ടറിയ്ക്കെതിരെ കെട്ടിച്ചമച്ച അസത്യപ്രചാരണങ്ങൾ ജനങ്ങള്‍ തള്ളിക്കളയുമെന്ന് ജില്ലാ സെക്രട്ടറിയറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു.









0 comments