വിധി വാങ്ങി ജനതയെ കുടുക്കിയവർക്ക്‌ പരിഹാരം വന്നപ്പോൾ വിചിത്രമുഖം

pinarayi

ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ എൽഡിഎഫ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകുന്നു (ഫയൽ ചിത്രം)

avatar
കെ ടി രാജീവ്‌

Published on Sep 24, 2025, 12:01 AM | 2 min read

ഇടുക്കി ​

ഭൂപതിവ്‌ നിയമ ഭേദഗതി ചട്ടം അന്തിമ വിജ്ഞാപനത്തോടടുക്കുമ്പോൾ അങ്കലാപ്പിലായ കോൺഗ്രസിന്റെയും ചില മാധ്യമങ്ങളുടേയും വിചിത്രമുഖം പുറത്ത്‌. എൽഡിഎഫ്‌ കൊണ്ടുവന്ന നിയമം ജനവിരുദ്ധമാണെന്ന്‌ പ്രചരിപ്പിക്കുന്ന കോൺഗ്രസ്‌ തന്നെ തങ്ങളുടെ ഇടപെടലിലാണ്‌ ചട്ടരൂപീകരണം യാഥാർഥ്യമായതെന്നും വാദിക്കുന്നു. വീടുകൾ ക്രമവൽക്കരിക്കാൻ അപേക്ഷ നൽകേണ്ടതില്ലെന്ന്‌ സബ്ജക്ട് കമ്മിറ്റി തീരുമാനിച്ചത് യുഡിഎഫ് ആവശ്യപ്പെട്ടതിനാലാണെന്നാണ്‌ കോൺഗ്രസ്‌ വാദം. ചട്ടം വിജ്ഞാപനം ചെയ്ത് ഒരുവർഷം വരെ നിർമാണങ്ങൾ ക്രമവൽക്കരിക്കാൻ അപേക്ഷ നൽകാം. സമയപരിധി നീട്ടിനൽകണമെന്ന്‌ യുഡിഎഫ്‌ സബ്‌ജക്ട്‌ കമ്മിറ്റിയെ അറിയിച്ചു. എന്നാൽ ആവശ്യമെങ്കിൽ സർക്കാരിന്‌ കാലാവധി നീട്ടി നൽകാൻ വ്യവസ്ഥയുണ്ട്‌. ഇടുക്കിയിലെ സാധാരണ ജീവതം അസാധ്യമാക്കുംവിധം കോൺഗ്രസ്‌ സർക്കാരുകൾ കൊണ്ടുവന്ന വിനാശ നയങ്ങൾ മാറ്റിക്കിട്ടാൻ എൽഡിഎഫ്‌ നേതാക്കളും സർക്കാരും ചെയ്‌ത ഭഗീരഥ പ്രയത്‌നങ്ങളെ അംഗീകരിക്കാൻ ചില മാധ്യമങ്ങൾക്ക്‌ സാധിക്കുന്നില്ല. കോൺഗ്രസിന്റെ കർഷകവിരുദ്ധ നയങ്ങളെ മറയ്‌ക്കാനും മായ്‌ക്കാനുമാണ്‌ പാഴ്‌ശ്രമം. പിന്നിൽ വ്യക്തമായ രാഷ്‌ട്രീയമുണ്ട്‌. എൽഡിഎഫ്‌ 
നേതാക്കളുടെ നിരന്തര ഇടപെടൽ ​ജില്ലയിൽ ആറരപ്പതിറ്റാണ്ടോളം നീണ്ടുനിന്ന ഭൂപ്രതിസന്ധികൾക്കാണ്‌ ചട്ടരൂപീകരണത്തിലൂടെ എൽഡിഎഫ് സർക്കാർ വിരാമമിട്ടത്‌. ഇതിനായി ജില്ലയിലെ എൽഡിഎഫ്‌ നേതാക്കൾ നിരന്തരവും അനിവാര്യവുമായുള്ള ഇടപെടലുകൾ നടത്തി. കർഷകർക്കുമേൽ വരിഞ്ഞുമുറുക്കിയ വൻ കുരുക്കഴിക്കുകയായിരുന്നു ലക്ഷ്യം. മുഖ്യമന്ത്രി, വനം–റവന്യൂ മന്ത്രിമാർ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ചചെയ്യാൻ 30ലേറെ തവണയാണ്‌ എൽഡിഎഫ്‌ നേതാക്കൾ തലസ്ഥാനത്ത്‌ പോയത്‌. അന്തിമ വിജ്ഞാപനത്തിലേക്കെത്താൻ എത്രയോ പ്രക്രിയ ആവശ്യമാണ്‌. എന്നാൽ യഥാർഥ പ്രതിസന്ധിക്ക്‌ കാരണം പറയാതെ പരിഹരിച്ചവരെ അപമാനിക്കാനുള്ള സംഘടിത നീക്കം രാഷ്‌ട്രീയമാണെന്ന്‌ മലയോര ജനത തിരിച്ചറിയുന്നുണ്ട്‌. 1960-ൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന, കൃഷിക്കും വീടിനും മാത്രമായി ഭൂവിനിയോഗം ചുരുക്കിയ നിയമമായിരുന്നു പ്രശ്നങ്ങളുടെ അടിസ്ഥാനം. അതിനുമുന്പ്‌ ഭൂമി ലഭിച്ചവരും കൈവശക്കാരുമായ തൊടുപുഴ, അടിമാലി മേഖലയിലെ കർഷകർക്ക്‌ പ്രശ്‌നങ്ങളില്ല. എന്നാൽ അവരെക്കൂടി കൂട്ടിക്കുഴച്ച്‌ സർവത്ര ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനുപിന്നിൽ ലക്ഷ്യമുണ്ടെന്ന്‌ എൽഡിഎഫ്‌ നേതാക്കൾ ആരോപിക്കുന്നു. ആർ ശങ്കർ(1964) മുതൽ കെ കരുണാകരൻ(1993) വരെ കോൺഗ്രസ് മുഖ്യമന്ത്രിമാർ കൊണ്ടുവന്ന ചട്ടങ്ങളിലൂടെ നിയന്ത്രണങ്ങളാണ്‌ കൂടുതൽ കുരുക്കുകളായത്‌. തുടർന്ന്‌ ജില്ലയിലെ ആയിരക്കണക്കിന് വീടുകളും വാണിജ്യസ്ഥാപനങ്ങളും ആരാധനാലയങ്ങളും പതിറ്റകണ്ടുകളോളം ‘നിയമവിരുദ്ധ’മായി തുടർന്നു. 2018-ലെ നിർമാണ നിരോധനത്തിലേക്ക്‌ നയിച്ച മൂന്നാർ കേസ്‌ മുതൽ, ഹൈക്കോടതിയിൽ സമർപ്പിച്ച ‘ഇടുക്കി വിരുദ്ധ’ ഹർജികൾ വരെ മാത്യു കുഴൽനാടൻ, ലാലി വിൻസെന്റ് തുടങ്ങിയ കോൺഗ്രസ് നേതാക്കളുടെ ഇടപെടലാണ്. ​കോൺഗ്രസിന്റെയും ചില മാധ്യമങ്ങളുടെയും ഇരട്ടത്താപ്പ് നിയമസഭ ഐകകണേ്ഠ്യന ബിൽ പാസാക്കിയിട്ടും ഇടുക്കിയിൽ കോൺഗ്രസ് നേതൃത്വം ഇപ്പോഴും ബില്ലിനെതിരെ അപവാദ പ്രചാരണം തുടരുന്നു. നിയമം കൊണ്ടുവന്നത് ജനവിരുദ്ധമാണെന്നും വൻകിടക്കാർക്കു മാത്രമാണ് ആനുകൂല്യമെന്നുമാണ് കോൺഗ്രസിന്റെ വിചിത്ര വാദം. ക്രമവൽക്കരണ ഫീസ് കൂടുതലാണെന്നും വാണിജ്യ ആവശ്യത്തിന് കെട്ടിടം നിർമിച്ചവരെ കുറ്റക്കാരാക്കി വൻ പിഴ ചുമത്താനുള്ള നീക്കമാണെന്നുമുള്ള കോൺഗ്രസിന്റെ വാദത്തിനു പിന്നിൽ വസ്‌തതകൾ മറയ്‌ക്കുന്ന ചില മാധ്യമങ്ങളും ഉണ്ട്‌. എന്നാൽ, കോൺഗ്രസ് തന്നെയാണ് ജനങ്ങളെ കുടുക്കിയ കരിനിയമങ്ങൾ കൊണ്ടുവന്നതും കോടതിയിൽ കേസ് നടത്തി നിർമാണ നിരോധനം പിടിച്ചുവാങ്ങിയതുമെന്നതാണ്‌ വിരോധാഭാസം. വീടുകൾ ക്രമവൽക്കരിക്കാൻ അപേക്ഷ നൽകേണ്ടതില്ലെന്നു സബ്ജക്ട് കമ്മിറ്റി തീരുമാനിച്ചത് യുഡിഎഫ് ആവശ്യപ്പെട്ടതിനാലാണെന്നും പച്ചകകള്ളം പ്രചരിപ്പിക്കുന്നു. ഇടുക്കിയിലെ ജനജീവിതത്തെ പതിറ്റാണ്ടുകളോളം കുരുക്കിലാക്കിയവർ നിയമപരമായ പരിഹാരമെത്തിയപ്പോൾ രാഷ്ട്രീയനേട്ടം മാത്രം ലക്ഷ്യമിട്ട് പലമുഖങ്ങൾ പ്രദർശിപ്പിക്കുന്നു. രാഷ്ട്രീയമായി സിപിഐ എമ്മിനും-എൽഡിഎഫിനുമുണ്ടാകുന്ന ജനപിന്തുണയെ ഭയന്നാണ് കോൺഗ്രസും അനുബന്ധ സംഘടനകളും അപവാദ പ്രചാരണങ്ങൾ നടത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home