ബാസ്കറ്റ്ബോളിന് അഭിമാനമായ നോയൽ ജോസിന് കെഎസ്ഇബിയിൽ നിയമനം

നോയൽ
തൊടുപുഴ
ജില്ലയിലെ ബാസ്കറ്റ്ബോൾ കളിക്കാർക്കും അസോസിയേഷനും അഭിമാനമായി മുട്ടം സ്വദേശി നോയൽ ജോസ് കെഎസ്ഇബി യിൽ ബാസ്കറ്റ്ബോൾ സ്പോർട്സ് ക്വാട്ടയിൽ നിയമിതനായി. തിരുവനന്തപുരം വൈദ്യുതി ഭവനിൽ ജൂനിയർ അസിസ്റ്റന്റ്/ക്യാഷ്യർ തസ്തികയിലാണ് നോയലിന് നിയമനം. മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ ബാസ്കറ്റ്ബോൾ അക്കാദമിയിലാണ് തുടക്കം. ഫിബ രാജ്യാന്തര ബാസ്കറ്റ്ബോൾ കമീഷണറും കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ മുൻ സെക്രട്ടറി ജനറലുമായ ഡോ. പ്രിൻസ് കെ മറ്റമാണ് നോയലിനെ അഞ്ചുമുതൽ പ്ലസ്ടു വരെ പരിശീലിപ്പിച്ചത്. പിന്നീട് ചങ്ങനാശേരി എസ്ബി കോളേജിൽ സ്പോർട്സ് കൗൺസിലിലെ ഡിമൽ സി മാത്യു, തോമസ് ചാണ്ടി, വിപിൻ കണ്ണൻ എന്നിവരുടെ കീഴിലായിരുന്നു പരിശീലനം. നോയൽ സംസ്ഥാന ടീമിനൊപ്പവും എംജി സർവകലാശാല ടീമിനൊപ്പവും സ്കൂൾ കോളേജ് ടീമുകൾക്കൊപ്പവും നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സ്കൂൾ പഠനകാലത്ത് സിബിഎസ്ഇ ദേശീയ ചാമ്പ്യൻഷിപ്പിൽ മുട്ടം ഷന്താൾ ജ്യോതിക്കൊപ്പം ഹാട്രിക്ക്(2017, 2018, 2019) സ്വർണം നേടിയിട്ടുണ്ട്. ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ 2018ൽ ലുധിയാനയിൽ സ്വർണവും 2019ൽ ബീഹാറിൽ നാലാം സ്ഥാനവും നേടി. എസ്ബി കോളേജിൽ പഠിയ്ക്കുമ്പോൾ 2023-–24 ൽ എംജി സർവകലാശാല ക്യാപ്റ്റനായ നോയൽ ജയ്പൂരിൽ നടന്ന അഖിലേന്ത്യ അന്തർ സർവകലാശാല ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ നയിച്ചു. കൂടാതെ നിരവധി ദേശീയ അന്തർദേശീയ മത്സരങ്ങളിലും മികച്ച നേട്ടവും കൈവരിക്കാനായി. മുട്ടം ശങ്കരപ്പിള്ളി മുന്തിരിങ്ങാട്ടുകുന്നേൽ എം ഡി ജോസഫ്-–റെജി ദമ്പതികളുടെ ഇളയ മകനാണ്. ദേശീയ ബാസ്കറ്റ്ബോൾ റഫറിയും പരിശീലകനുമായ ജുവൽ ജോസ്, മുൻ ദേശീയ ബാസ്കറ്റ്ബോൾ കളിക്കാരനായ ജോയൽ ജോസ് എന്നിവർ സഹോദരന്മാരാണ്. ബിഎസ് സി സൈക്കോളജി ബിരുദധാരിയും ലൈബ്രറി സയൻസ് ബിരുദാനന്തര ബിരുദധാരിയുമായ നോയലിന് ഇനിയുള്ള വർഷങ്ങളിൽ കെഎസ്ഇബിയിൽ ചേർന്ന് വകുപ്പ് ടീമിനായും സംസ്ഥാന ടീമിനായും മികവാർന്ന പ്രകടനം നടത്തി ഇന്ത്യയ്ക്കായി കളിക്കണമെന്ന ആഗ്രഹമാണുള്ളത്.









0 comments